സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ ഒഴുകി. അത്തരത്തിലൊരു പ്രണയകഥയാണ് ഒരുകാലത്ത് മലയാളികളുടെ പ്രിയജോഡികളായിരുന്ന ബിജു മേനോന്റെയും സംയുക്ത വര്‍മ്മയുടെയും ജീവിതം പറയുന്നത്.
നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജീവിക്കുമ്പോഴും അന്യരെ പോലെ കണ്ടുമുട്ടുന്ന നന്ദിതയിലും രാജീവനിലുമാണ് (സംയുക്തയും ബിജുവും) കമലിന്റെ മേഘമല്‍ഹാര്‍ എന്ന സിനിമ അവസാനിക്കുന്നത്. എന്നാല്‍, റിയല്‍ ലൈഫില്‍ ആ നായികാ-നായകന്മാര്‍ പരസ്പരം നഷ്ടപ്പെടാന്‍ തയ്യാറായിരുന്നില്ല. പഴയ പ്രണയിതാക്കളായി നമുക്കിടയില്‍ അവര്‍ ഇപ്പോഴുമുണ്ട്.
പക്ഷെ അത്ര പോലും പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയം എന്ന് ബിജു മേനോനും സംയുക്ത വര്‍മയും ഇപ്പോഴും ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം എന്നാണ് സംയുക്തയുടെ പക്ഷം.
പ്രണയത്തിലായിരുന്ന കാലത്ത് അഞ്ചു മിനുട്ടില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലാത്ത കമിതാക്കളാണ് ഇരുവരും. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന് ഇപ്പോഴും അവര്‍ക്കറിയില്ല. ഒന്നുമാത്രമറിയാം ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ പറയുന്ന സമയത്ത് അവര്‍ അതേക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ബിജുവിന് കത്തെഴുതാറുണ്ട് ഇപ്പോഴും സംയുക്ത. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതൊക്കെ എഴുതി ഒടുവില്‍ മിസ് യൂ എന്നെഴുതും. എന്നിട്ട് ബിജുവിന്റെ ബാഗില്‍ വയ്ക്കും...ചില പ്രണയങ്ങള്‍ അങ്ങനെയുമാണല്ലോ