കൊച്ചി: നൂറിലധികം കഥാപാത്രങ്ങളെ ഒരു സിനിമയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് ചെറിയ കാര്യമല്ല. തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്. ബിജുമേനോന്‍ നായകനായി എത്തുന്ന രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലാണ് സംഭാഷണങ്ങളുള്ള നൂറിലധികം കഥാപാത്രങ്ങളുള്ളത്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന്‍ അഭിനയിക്കുന്നത്. ഒരു നാട്ടില്‍ നടക്കുന്ന പലവിധ സംഭവകഥകള്‍ ചേര്‍ന്നാണ് ഈ സിനിമയ്ക്കുള്ള കഥ ഉണ്ടായിവരുന്നത് എന്നതിനാലാണ് ഇത്രയധികം കഥാപാത്രങ്ങള്‍ ആവശ്യമായി വരുന്നതെന്ന് രഞ്ജന്‍ പ്രമോദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കുമ്പളം ബ്രദേഴ്സ് എന്ന കുമ്പളത്തുള്ള ഒരു ക്ലബും അതിന്റെ പ്രവര്‍ത്തനങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. വിവാഹിതനായ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും നടീ നടന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏതാനും കുട്ടികളുടെ കഥാപാത്രങ്ങളുമുണ്ട്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ഹരീഷ് പെരുമന്ന, അലന്‍സിയര്‍, മാസ്റ്റര്‍ ചേതന്‍, മാസ്റ്റര്‍ വിശാല്‍, ജനാര്‍ദനന്‍, വിജയരാഘവന്‍ തുടങ്ങി അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്.
ഹരിനാരായണന്‍ വരികളെഴുതി ബിജിബാല്‍ സംഗീതം നല്‍കുന്ന ഏഴു ഗാനങ്ങളുണ്ട് ചിത്രത്തിൽ. ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ റിലീസുണ്ടാകും. ഹണ്‍ട്രഡ്ത് മങ്കി മൂവീസിന്റെ ബാനറില്‍ അലക്സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.
Share this Article
Related Topics