മലയാളത്തിന്റെ ഭാവനയെ മുട്ടുകുത്തി നമിച്ച് ബോളിവുഡ് താരം അനിൽ കപൂര്‍. മോഹൻലാലിന്റെ നരസിംഹത്തിലെ പഴനിമല മുരുകന് പള്ളിവേലായുധം എന്ന ഹിറ്റ് ഗാനത്തിന് ഒപ്പം ചുവടുവച്ചാണ് അനിൽ കപൂറും ഭാവനയെ സ്റ്റേജിൽ നമിച്ചത്.
യൂറോപ്പിൽ നടന്ന ആനന്ദ് ടിവിയുടെ ചലച്ചിത്ര അവാര്‍ഡ് നിശയിലായിരുന്നു സദസ്സിനെ ഇളക്കിമറിച്ച ഇരുവരുടെയും തകർപ്പൻ ഡാൻസ്.
അനില്‍ കപൂറിനോട് ഒരു മലയാള ഗാനത്തോടൊപ്പം നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. ഒപ്പം ഭാവനയേയും ക്ഷണിച്ചു. ഇരുവരും ചേർന്ന് സിനിമയിലെ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ നൃത്തം തകർപ്പനാക്കുകയും ചെയ്തു.
ഒടുവില്‍ ഭാവനയെ മുട്ടുമടക്കി കെെകൂപ്പി തൊഴുതുകൊണ്ടാണ് അനിൽ കപൂർ ഡാൻസ് അവസാനിപ്പിച്ചത്. അവാർഡ് പ്രഖ്യാപിക്കാൻ അവാതരക തുനിഞ്ഞപ്പോൾ എങ്ങിനെയുണ്ടായിരുന്നു തന്റെ ഡാൻസ് എന്നായിരുന്നു അനിൽ കപൂറിന്റെ ചോദ്യം. അതിനുശേഷം മൈക്ക് വാങ്ങി ഒരു മലയാള ചിത്രത്തിൽ ചാൻസ് ചോദിക്കാനും മറന്നില്ല, പ്രിയദർശന്റെ ചന്ദ്രലേഖയിൽ അതിഥിവേഷം ചെയ്ത അനിൽ കപൂർ.
ഇവിടെ സദസ്സിൽ ഏതെങ്കിലും മലയാളം സംവിധായകരോ നിർമാതാവോ ഉണ്ടോ? ഒടുവിൽ ഒരാൾ കൈ പൊക്കിയപ്പോൾ എനിക്കൊരു ചാൻസായി എന്നായി അനിൽ കപൂർ. എന്തു ചെയ്യാനാണ്. ഞങ്ങൾ അഭിനേതാക്കളെല്ലാം അവസരത്തിനുവേണ്ടി കാത്തിരിക്കുകായാണ്. ഞങ്ങൾക്കെല്ലാം തൊഴിൽ വേണം. സിനിമയ്ക്ക് ഭാഷയൊന്നുമില്ല. ഞങ്ങൾക്കെല്ലാവർക്കും വർക്ക് വേണം. എല്ലാവർക്കും അവസാനം വരെ അഭിനയിച്ചുകൊണ്ടിരിക്കണം-അനിൽ കപൂർ പറഞ്ഞു.