'നാന്‍ ഒരു തടവ സൊന്നാ നൂറ് തടവ സൊന്ന മാതിരി'എന്ന രജനിയുടെ ഡയലോഗിന് ഇതിഹാസപദവിയാണ് തമിഴകത്ത്. ഇത്രയും ജനകീയമായ മറ്റൊരു ഡയലോഗ് തമിഴ് സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെയുണ്ടോ എന്നു സംശയം. നോവലിസ്റ്റും തിരക്കഥാകൃത്തുമായ ബാലകുമരനാണ് ബാഷയിലെ ഈ ഡയലോഗിന്റെ സ്രഷ്ടാവ്. ഇതു മാത്രമല്ല, കമല്‍ഹാസന്റെ നായകനിലെ സുപ്രസിദ്ധ ഡയലോഗായ നീംഗ നല്ലവരാ കെട്ടവരാ പോലുള്ള സുപ്രസിദ്ധ ഡയലോഗുകള്‍ രചിച്ച ബാലകുമരന്‍ (71) അന്തരിച്ചു.
വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയ്ക്കുവേണ്ടിയുള്ള തിരക്കഥാരചനയുടെ തിരക്കിലായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ രണ്ട് ബൈപ്പാസ് ശസ്ത്രക്രിയകള്‍ കഴിഞ്ഞിരുന്നു. 2012 മുതല്‍ ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
ബാഷയ്ക്ക് പുറമെ തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ നായകന്‍, ജെന്റില്‍മാന്‍, ഗുണ തുടങ്ങിയ ഇരുപതോളം ചിത്രങ്ങള്‍ക്കുവേണ്ടിയും തിരക്കഥ രചിച്ചിട്ടുണ്ട് ബാലകുമരന്‍. പഞ്ച് ഡയലോഗുകള്‍ രചിക്കാനുള്ള കഴിവാണ് ബാലകുമരനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തിയത്.
തന്റെ ഡയലോഗുകള്‍ തിയ്യറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോഴും ഈ ഡയലോഗുകളുടെ പേരില്‍ മേനി നടിക്കാനൊന്നും ബാലകുമരന്‍ മിനക്കെട്ടില്ല. കാശിനുവേണ്ടി മാത്രമാണ് താന്‍ ഈ ഡയലോഗുകള്‍ എഴുതിയിരുന്നതെന്നാണ് അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നത്.
ഗുണ, കാതലന്‍ എന്നീ ചിത്രങ്ങളിലെ തിരക്കഥയ്ക്കുവേണ്ടി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
1988ല്‍ ഭാഗ്യരാജിനെ നായകനാക്കി ഇതു നമ്പ എന്നൊരു കോമഡി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
സിനിമകള്‍ക്ക് പുറമെ 150 നോവലുകളും 100 ചെറുകഥകളും രചിച്ചിട്ടുണ്ട് ബാലകുമരന്‍. കല്‍കി, ആനന്ദവികടന്‍, കുമുദം തുടങ്ങിയവയിലായിരുന്നു രചനകള്‍ കൂടുതലും പ്രസിദ്ധീകരിച്ചിരുന്നത്.
ഇരുമ്പു കുതിരൈകള്‍, മെര്‍ക്യുറിപ്പൂക്കള്‍, കാടര്‍പാലം, സുഗജീവനം എന്നിവയാണ് പ്രധാന സൃഷ്ടികള്‍. ഇതില്‍ ഇരുമ്പു കുതിരൈകളും മെര്‍ക്യുറിപ്പൂക്കളും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Balakumaran passed away writer Nayakan Guna baasha rajanikanth kamal gentleman