അമ്മയില്‍ മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടാതിരുന്നതിന്റെ കാരണം ബാലചന്ദ്ര മേനോൻ പറയുന്നു


5 min read
Read later
Print
Share

പലര്‍ക്കും പല കണക്കുകളാണ് തീര്‍ക്കാനുള്ളത്. ഓരോരുത്തര്‍ കണക്കുതീര്‍ക്കാന്‍ വേണ്ടി അമ്മയെ ഉപയോഗിക്കുകയാണ്.

ടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം എന്ന അഭ്യര്‍ഥനയുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത്. സംഘടനയുടെ ആദ്യകാല സെക്രട്ടറിയായ മേനോന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ചലച്ചിത്ര പ്രവര്‍ത്തകരോട് തമ്മില്‍ത്തല്ലും പരസ്യമായ വിഴുപ്പലക്കലും അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മിണ്ടാതിരിക്കുന്നത് അവര്‍ക്ക് ബോധമില്ലാത്തത് കൊണ്ടല്ലെന്ന് മേനോന്‍ പറഞ്ഞു. എവിടെ എന്ത് പറയണം എന്ന് ആലോചിച്ചിട്ടാണ് അവര്‍ മൗനം പാലിക്കുന്നത് എന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ ചിന്തിച്ചതുകൊണ്ടാവണം അമ്മയുടെ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തില്‍ മറ്റെല്ലാവരും സംസാരിച്ചപ്പോള്‍ അവര്‍ ഇരുവരും മിണ്ടാതിരുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. താരങ്ങള്‍ അമ്മയില്‍ വരരുതെന്ന് പറയുന്നതില്‍ അര്‍ഥമൊന്നുമില്ല. അവരാണ് ആളെക്കൂട്ടുന്നതും സംഘടനയ്ക്ക് പണം ഉണ്ടാക്കിക്കൊടുക്കുന്നതും-മേനോന്‍ പറഞ്ഞു.

അമ്മ ഒറ്റക്കെട്ടാണെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ സംഘടന പിരിച്ചുവിടണമെന്ന് പറഞ്ഞത് കേട്ടപ്പോള്‍ ആ യോഗത്തില്‍ പങ്കെടുത്ത ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇതിനോട് എത്ര പേര്‍ യോജിക്കുമെന്ന് അറിയില്ല. ഇവിടെ അമ്മയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്. അമ്മയെ രാഷ്ട്രീയപരമായി കാണരുത്. പലര്‍ക്കും പല കണക്കുകളാണ് തീര്‍ക്കാനുള്ളത്. ഓരോരുത്തര്‍ കണക്കുതീര്‍ക്കാന്‍ വേണ്ടി അമ്മയെ ഉപയോഗിക്കുകയാണ്. അത് ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത് വളരെ മോശമാണ്. ഞാന്‍ ഇതിനോട് വിയോജിക്കുകയാണ്. സിനിമ നിലനില്‍ക്കണം. സിനിമയില്‍ സൗഹാര്‍ദം വേണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഴിവുള്ളവരേ നിലനില്‍ക്കുകയുള്ളൂ. അവരെ നോക്കി നമുക്ക് അസൂയയും സ്പര്‍ധയുമുണ്ടാക്കി ഗ്രൂപ്പുണ്ടാക്കിയാല്‍ അതൊന്നും നിലനില്‍ക്കില്ല. സിനിമയില്‍ ഒന്നിച്ച് മരംചുറ്റിയും കെട്ടിപ്പിടിച്ചും പ്രേമിച്ചുമെല്ലാം അഭിനയിക്കുന്നവര്‍ തമ്മില്‍ സംഘടനാപരമായ ചിന്ത വന്നാല്‍ എന്ത് വൃത്തികേടായിരിക്കും. അമ്മയെ വഴിയിരികിലിട്ട് ചെണ്ട കൊട്ടുന്ന പരിപാടി ദയവു ചെയ്ത് നിര്‍ത്തണം. അത് കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്-മേനോന്‍ വീഡിയോയില്‍ പറഞ്ഞു.

ബാലചന്ദ്ര മേനോന്റെ അഭ്യര്‍ഥനയില്‍ നിന്ന്

ഞാൻ സിനിമയിൽ വന്നിട്ട് നാൽപത് വര്‍ഷമായി. ഈ നാല്‍പത് വര്‍ഷത്തിനിടെ അമ്മയെക്കുറിച്ച് ഞാന്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല. അത് ചെയ്യേണ്ട ആള്‍ക്കാരുണ്ട്. അവര്‍ നന്നായി ചെയ്യുന്നുണ്ട്. അമ്മ മുന്‍പോട്ട് പോകുന്നുണ്ട്. പക്ഷേ, കാലത്തിന് ഭയങ്കര മറവിയാണ്. അതില്‍പ്പെട്ട ആള്‍ക്കാര്‍ മിണ്ടാതിരിക്കുന്നത് അവര്‍ക്ക് ബോധമില്ലാത്തത് കൊണ്ടല്ല. എവിടെ എന്ത് പറയണം എന്ന് ആലോചിച്ചിട്ടാണ് അവര്‍ മൗനം പാലിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. ഈ രീതിയില്‍ ചിന്തിച്ചതുകൊണ്ടാവണം അമ്മയുടെ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തില്‍ മറ്റെല്ലാവരും സംസാരിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടാതിരുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തവണത്തെ അമ്മയുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തതാണ്. ഒരു അവാര്‍ഡ് വാങ്ങാനുണ്ടായിരുന്നത് കൊണ്ട് എനിക്ക് നേരത്തെ പോരേണ്ടിവന്നു. എനിക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. അവിടെ ഞാന്‍ കണ്ടത് മനോഹരമായ അന്തരീക്ഷമായിരുന്നു. കഴിഞ്ഞ തവണത്തെ യോഗത്തില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ വേദിയിലും സദസ്സിലുമുള്ള എല്ലാവരുമായി എന്റെ നാല്‍പത് വര്‍ഷത്തെ സിനിമയ്ക്ക് ബന്ധമുണ്ടായിരുന്നു. അമ്മ എന്നെ സംബന്ധിച്ചിടത്തോളം ഒരു കടുംബം പോലെയാണ്. എനിക്ക് അമ്മ ഒരു നിറഞ്ഞ വികാരമാണ്. എല്ലാവരെയും കാണാനാണ് ഞാന്‍ പോകുന്നത്. ഈ സംഘടനയ്ക്ക് അമ്മ എന്ന പേര് എങ്ങിനെയാണ് വന്നത് എന്ന് ഞാന്‍ ചോദിച്ചാല്‍ എത്ര പേര്‍ക്ക് അറിയാം. പലര്‍ക്കും അറിയില്ല. ചരിത്രം കൂടെക്കൂടെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. അമ്മ എന്ന സംഘടനയുടെ ആലോചന നടക്കുമ്പോള്‍ ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തിയും ആ ചിത്രത്തിലില്ല. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഈ സംഘടന അതിന്റെ ഭ്രൂണാവസ്ഥയില്‍ നിന്ന് വളര്‍ന്നശേഷം വന്നവരാണ്. ഇതിന്റെ രൂപീകരണത്തിന് മുന്‍കൈയെടുത്ത രണ്ടുപേര്‍ മുരളിയും വേണു നാഗവള്ളിയുമാണ്. അതില്‍ അംഗത്വമെടുക്കണമെന്ന് വേണു നാഗവള്ളി ആവശ്യപ്പെട്ടു. ആദ്യം ഞാന്‍ മടിച്ചു. വേണുവിന്റെയും മുരളിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ അംഗമായത്. ആദ്യത്തെ പത്ത് പേരില്‍ ഒരാളായാണ് രജിസ്റ്റര്‍ ചെയ്തത്. ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ് ശങ്കരാടി ചേട്ടന്‍ അതിനെ എതിര്‍ത്തിരുന്നു. സിനിമാക്കാര്‍ക്ക് സംഘടന പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചേട്ടനെ എതിര്‍ത്ത് അയ്യായിരം രൂപ ഫീസ് വാങ്ങി ചേര്‍ത്ത ആളാണ് ഞാന്‍. അന്ന് ഞാന്‍ അമ്മയുടെ സെക്രട്ടറിയാണ്. അക്കാലത്ത് ഞങ്ങള്‍ മലേഷ്യയില്‍ ഒരു മലയാളി സംഘടന സംഘടിപ്പിച്ച താരസന്ധ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ആ സംഘടനയുടെ പേര് അമ്മ എന്നായിരുന്നു. ഇന്ന് അമ്മയുടെ പേര് പറഞ്ഞ് തര്‍ക്കം നടക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. ഇക്കാര്യം നാട്ടില്‍ വന്ന് മുരളിയോട് പറഞ്ഞു. മുരളിക്ക് അത് ഇഷ്ടമായി. ഈ ചര്‍ച്ചയാണ് അമ്മ എന്ന പേരിലെത്തിയതെന്ന് എത്ര പേര്‍ക്ക് അറിയാം.

ഞാന്‍ സെക്രട്ടറിയാവുമ്പോള്‍ എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു. ഞങ്ങള്‍ മത്സരിക്കുമ്പോള്‍, അമ്മ താരം, താരാധിപത്യം എന്നതിലേയ്ക്ക് പോകരുതെന്ന് തീരുമാനിച്ചിരുന്നു. അന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമുള്ള രണ്ട് സ്ഥാനങ്ങള്‍ ഒഴിച്ചിട്ടു. ഇരുവരെയും ആശ്രയിക്കാതെ ജയിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഫോര്‍മുല. എങ്കിലേ അമ്മയുടെ നിഷ്‌കളങ്കത്വം വരുന്നുള്ളൂ. അവര്‍ എതിര്‍ത്തിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും മുന്നില്‍ നിന്നാല്‍ മാത്രമേ എനിക്ക് വണ്ടി ഓടിക്കാന്‍ പറ്റൂ എന്നാണ് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. നിങ്ങളുടെ രണ്ടുപേരുടെയും കൈ പിടിച്ചേ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം ഇപ്പോഴും തിരിച്ചറിയുന്ന ആളാണ് ഞാന്‍. താരങ്ങള്‍ അമ്മയില്‍ വരരുതെന്ന് പറയുന്നതില്‍ അര്‍ഥമൊന്നുമില്ല. താരങ്ങള്‍ തന്നെയാണ് ആള്‍ക്കാരെ കൂട്ടുന്നത്. അവര്‍ ഷോ നടത്തിയാണ് അമ്മയ്ക്ക് കാശുണ്ടാക്കിയത്. അതൊക്കെ എന്താണ് മറക്കുന്നത്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. അമ്മ ഇന്ന് അസൂയാവഹമായ രീതിയില്‍ വളര്‍ന്നു. ഇവിടുത്തെ പ്രശ്‌നം ഇപ്പോള്‍ അമ്മ ഒരു ചെണ്ടയായി മാറിയിരിക്കുകയാണ്. അമ്മയുടെ ഒരു ഔദാര്യവും ഞാന്‍ കൈപ്പറ്റിയിട്ടില്ല. എനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പോലും. അമ്മ നല്‍കുന്ന കൈനീട്ടം പോലും ഞാന്‍ വാങ്ങിയിട്ടില്ല. ഞാന്‍ പോകുന്നത് തുടക്കം മുതലുള്ള സ്‌നേഹം കൊണ്ടാണ്. അവിടെ ചെന്നാല്‍ മാത്രമേ എല്ലാവരെയും കാണാന്‍ പറ്റുകയുളളൂ. ഇപ്പോള്‍ ഇതിനെ വ്യാഖ്യാനിച്ച് വൃത്തികേടാക്കിയിരിക്കുകയാണ്. യോഗം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് ദിലീപ് വന്നത്. അപ്പോഴൊന്നും പ്രത്യേകിച്ച് പ്രതികരണമുണ്ടായില്ല. എല്ലാവരും അഭിപ്രായം പറയണമെന്ന് ഗണേഷ് പറഞ്ഞപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. അത് വൈകാരികമായി തലത്തിലേയ്ക്ക് പോകുന്നതാണ് ടി.വി.യില്‍ കണ്ടത്. അമ്മയെ തകര്‍ക്കാന്‍ സമ്മതിക്കില്ല. ഒറ്റക്കെട്ടാണ് എന്നൊക്കെ പറഞ്ഞ ഗണേഷ് ഇന്ന് നോക്കിയപ്പോള്‍ അമ്മ അടച്ചുപൂട്ടണം എന്നാണ് പറഞ്ഞിരിക്കുന്നത്. അത് കാണുമ്പോള്‍ യോഗത്തില്‍ ഇരുന്ന നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തോന്നുകയാണ്. ഒരു വടവൃക്ഷമായി വളര്‍ന്ന അമ്മ അടച്ചുപൂട്ടണം എന്നൊക്കെ പറയുന്നതിനോട് എത്രപേര്‍ യോജിക്കും എന്നെനിക്ക് അറിയില്ല. ഇവിടെ അമ്മയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്. ഓരോരുത്തര്‍ കണക്കുതീര്‍ക്കാന്‍ വേണ്ടി അമ്മയെ ഉപയോഗിക്കുകയാണ്. ഇത് വളരെ മോശമാണ്. ഞാന്‍ ഇതിനോട് വിയോജിക്കുകയാണ്. നമ്മുടെ കൂട്ടത്തില്‍പ്പെട്ട ഒരു സഹോദരിക്ക് ഒരു അപകടം പറ്റി. ആരും അതിനെ പിന്തുണയ്ക്കുന്നില്ല. മനുഷ്യത്വമുള്ള ആര്‍ക്കും പറയാനും പറ്റില്ല. അതൊരു നിയമപ്രശ്‌നമാണ്. അതിന് നടപടിയെടുക്കേണ്ടവര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. നമുക്ക് സമര്‍ഥനായ ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് കീഴില്‍ പോലീസ് അധികാരികള്‍ ഉണ്ട്. അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ എല്ലാവരും പറയുന്നു. അന്വേഷണത്തില്‍ എല്ലാവും സംതൃപ്തരാണെന്ന് പറയുമ്പോള്‍ കുറച്ചുപേര്‍ മാറിനിന്നിട്ട് അമ്മ അത് ചെയ്തത് ശരിയായില്ല അമ്മ ഇനി അച്ഛന്മാര്‍ ആകരുത്. എന്തിനാണ് ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്തിനാണ് വനിതാ സംഘടനയെ ഒറ്റപ്പെടുത്തണം എന്ന് പറയുന്നത്. സിനിമയില്‍ ഒന്നിച്ച് മരംചുറ്റിയും കെട്ടിപ്പിടിച്ചും പ്രേമിച്ചുമെല്ലാം അഭിനയിക്കുന്നവര്‍ തമ്മില്‍ സംഘടനാപരമായ ചിന്ത വന്നാല്‍ എന്ത് വൃത്തികേടായിരിക്കും. ഞാനൊക്കെ സിനിമയെടുക്കുന്ന കാലത്ത് ഈ സംഘടനകളുടെ ആവശ്യമേ ഉണ്ടായിരുന്നില്ല. അഭിനേതാക്കളും സങ്കേതിക പ്രവര്‍ത്തകരും ഷൂട്ടിങ് കഴിയുമ്പോള്‍ കൈപിടിച്ച് കണ്ണു നിറഞ്ഞാണ് പോയിരുന്നത്. അതായിരുന്നു നമ്മള്‍ കൊടുത്തിരുന്ന ഊഷ്മളത. അമ്മയില്‍ ആ ബന്ധമാണ് വേണ്ടത്. അതിന് പകരം ഇതിനെ രാഷ്ട്രീയപരമായി കാണരുത്. പലര്‍ക്കും പല കണക്കുകളാണ് തീര്‍ക്കാനുള്ളത്. അത് ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഒരു കാര്യവും വ്യക്തമായ ബോധ്യമില്ലാതെ പറയില്ല. എന്തു വന്നാലും ഞാന്‍ നേരിന്റെ കൂടെ മാത്രമേ നില്‍ക്കുകയുള്ളൂ. അമ്മയെ വഴിയിരികിലിട്ട് ചെണ്ട കൊട്ടും പരിപാടി ദയവു ചെയ്ത് നിര്‍ത്തണം. അത് കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്. യാഥാര്‍ഥ്യം നമുക്ക് അറിയാം. കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പറയുകയാണെങ്കില്‍ അതിന് തെളിവു വേണം. സത്യം എത്ര കുഴിച്ചിട്ടാലും പുറത്തുവരും. കുറ്റകൃത്യവും നിയമവും വ്യക്തികളും അതിന്റേതായ വഴിക്ക് പോവട്ടെ. എല്ലാറ്റിനെയും കൂട്ടിക്കലര്‍ത്തി നമ്മള്‍ വിധികര്‍ത്താക്കളായാല്‍ എങ്ങിനെയിരിക്കും. എനിക്ക് അത് മനസ്സിലാവുന്നില്ല. നമ്മള്‍ ജനാധിപത്യത്തിലല്ലെ ജീവിക്കുന്നത്. നമ്മള്‍ അല്‍പം കൂടി സമചിത്തതയോടെ ചിന്തിച്ചില്ലെങ്കില്‍ സിനിമാക്കാര്‍ പരസ്പരം കലഹിക്കുന്നതും ചാനലില്‍ വന്നിരുന്ന് വിഴുപ്പലക്കുന്നത് തെറ്റാണ്. ഇരുപത്തിമൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന ഒരു സംഘടന ഏതോ ഒരു നിമിഷത്തില്‍ വന്ന തെറ്റ് കൊണ്ട് ഒരു വാര്‍ത്താസമ്മേളനത്തില്‍ വന്നൊരു പാളിച്ച കൊണ്ട് ആക്രമിക്കപ്പെടരുത്. അത് മായ്ച്ചുകളയണം. വേറെ കുറേ ജോലികള്‍ ചെയ്യേണ്ടതുണ്ട്. ഇത് കേട്ട് ആര് എന്ത് പറഞ്ഞാലും ഞാന്‍ മറുപടി പറയാനില്ല. ഞാന്‍ സ്ഥിരം പ്രതികരണ തൊഴിലാളിയല്ല. ഇപ്പോള്‍ പറയാതിരുന്നാല്‍ ഞാനൊരു നപുംസകമായിപ്പോവും. അതുകൊണ്ട് മാത്രം പറയുകയാണ്. ദയവു ചെയ്ത് നമുക്ക് സിനിമാപ്രവര്‍ത്തകരാവാം. എന്റെ ജീവിതവും ചോറുമെല്ലാം സിനിമയാണ്. സിനിമ നിലനില്‍ക്കണം. സിനിമയില്‍ സൗഹാര്‍ദം വേണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഴിയുള്ളവരേ നിലനില്‍ക്കുകയുള്ളൂ. അവരെ നോക്കി നമുക്ക് അസൂയയും സ്പര്‍ധയുമുണ്ടാക്കി ഗ്രൂപ്പുണ്ടാക്കിയാല്‍ അതൊന്നും നിലനില്‍ക്കില്ല. നാല്‍പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുകയാണ്. പരസ്യമായ ഈ വിഴുപ്പലക്കല്‍ നിര്‍ത്തണം. ഈ വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം അതിന്റെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'മോഹന്‍ലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'

Mar 5, 2018


mathrubhumi

1 min

ദീപികയുടെ ട്രിപ്പിള്‍ എക്‌സ് ചിത്രങ്ങള്‍ ചോര്‍ന്നു

Feb 12, 2016


mathrubhumi

1 min

പ്രിയ കൂട്ടുകാരിക്ക്, ഭാര്യക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍

Jul 31, 2019