'നസീർ സാറിന്റെ ആത്മാവിനോട് ഞാൻ മാപ്പു ചോദിക്കുന്നു, അതല്ലേ എനിക്ക് പറ്റൂ?'


3 min read
Read later
Print
Share

എന്റെ സിനിമകളിലെ പല രംഗങ്ങളൂം അപ്പാടെ മറ്റു സിനിമകളിൽ ആവർത്തിച്ചു കാണുന്നത് മുതലാണ് എനിക്ക് ലേശം അപ്രിയം തോന്നിത്തുടങ്ങിയത്.

ലയാള സിനിമയിൽ ബാലചന്ദ്ര മേനോനെ പോലെ ബാലചന്ദ്ര മേനോൻ മാത്രമേയുള്ളൂ. കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് നായകനാവുകയും ചെയ്തതു മാത്രമല്ല, മേനോന്റെ കേമത്തം. വ്യക്തിത്വമുള്ള, വേറിട്ട നിരവധി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു എന്നതുകൂടിയാണ് മേനോന്റെ പ്രത്യേകത. കാലമേറെക്കഴിഞ്ഞിട്ടും ഇപ്പോഴും വേറിട്ടുനിൽക്കുകയാണ് മേനോന്റെ ചിത്രങ്ങളിൽ ഏറെയും. എന്നലിപ്പോൾ മേനോൻ സങ്കടത്തിലാണ്. തന്റെ പല ചിത്രങ്ങളുടെയും പേരുകൾ ടെലിവിഷൻ സീരിയിലുകൾക്കുവേണ്ടി തന്റെ അനുവാദമില്ലാതെ അടിച്ചുമാറ്റുന്നതിലാണ് മേനോന്റെ വേവലാതി. തന്റെ കാര്യം നിസാരം, പ്രശ്നം ഗുരുതരം തുടങ്ങിയ ചിത്രങ്ങളുടെ പേരുകൾ സീരിയലുകൾക്കുവേണ്ടി ഉപയോഗിച്ചതിന്റെ രോഷമാണ് മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്.

ഈ പ്രവണത ഇങ്ങനെ തുടരുന്നത് കയ്യും കെട്ടി നോക്കി നിൽക്കുക എന്നത് അത്ര സുഖപ്രദമല്ല . ഒരാഴ്ച്ച ഒരാളെ കണ്ടില്ലെങ്കിൽ 'പുള്ളിയുടെ സഞ്ചയനം കഴിഞ്ഞോ' എന്ന് ചോദിക്കാനും 'ആദരാഞ്ജലികൾ' എന്ന് എഴുതിപിടിപ്പിക്കാനും ഒരു ഉളുപ്പുമില്ലാത്ത നമ്മുടെ സമൂഹം നാളെ കാര്യം നിസ്സാരവും പ്രശ്നം ഗുരുതരവും ആരോ ചെയ്ത സീരിയലുകൾ ആണെന്ന് പറയാനും പ്രചരിപ്പിക്കാനും അധികം ആലോചിക്കില്ല. അങ്ങിനെയുണ്ടായാൽ ഏറ്റവും വേദനിക്കുന്നത് നസിർ സാറിന്റെ ആന്മാവിനെ ആയിരിക്കും-ബാലചന്ദ്ര മേനോൻ കുറിച്ചു.

ബാലചന്ദ്ര മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരുപാട് ആലോചിച്ചു ഈ പോസ്റ്റ് ഇടുന്നതിനു മുൻപ് . പിന്നെ തോന്നി ഇട്ടതുകൊണ്ടു ഒരു കുഴപ്പവും ഇല്ലെന്നു . അല്ലെങ്കിൽ അത് ഒരു ആവശ്യകതയാണന്ന്‌.. ഇനി വായിക്കുക
പഴവങ്ങാടിയിൽ ഉള്ള ഒരു "പട്ടരുടെ കടയെ" പ്പറ്റി മണിയൻ പിള്ള രാജു പറഞ്ഞ കഥയുണ്ട് . സ്വയം ചായ അടിക്കുകയും അത് വിളമ്പുകയും ഒടുവിൽ അതിന്റെ കാശ് കൗണ്ടറിൽ വന്നിരുന്നു വാങ്ങുകയും ചെയ്യുന്ന അയാളെ രാജു 'ബാലചന്ദ്ര മേനോൻ ' എന്നാണത്രെ വിളിക്കുക! എന്തിനു പറയുന്നു, ഒന്നിലേറെ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ നിർബന്ധം കാണിക്കുന്നവരോട് "നീയെന്താ ബാലചന്ദ്ര മേനോന് പഠിക്കുകയാണോ ? "എന്ന് ചോദിച്ചു കളിയാക്കുന്ന സ്വഭാവം ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു രസം തോന്നി . എന്നെ അനുകരിക്കുന്നതുകൊണ്ടു ഒരാൾ നന്നാവുന്നെങ്കിൽ അതിൽ ആദ്യം സന്തോഷിക്കുന്ന ആൾ ഞാൻ തന്നെയായിരിക്കും. സംശയിക്കേണ്ട ...

എന്റെ സിനിമകൾ റിലീസായപ്പോൾ അതിനോടുമുണ്ടായി ആൾക്കാർക്ക് ഒരു പ്രത്യേക ആഭിമുഖ്യം. 'കാര്യം നിസ്സാരം . പ്രശ് നം ഗുരുതരം, ഇഷ്ട്ടമാണ്.. പക്ഷെ മുട്ടരുത് , ഇത്തിരി നേരം ഒത്തിരി കാര്യം, ശേഷം കാഴ്ചയിൽ എന്നൊക്കെ മുന്നിലൂടെ ഓടുന്ന വണ്ടികളുടെ പിന്നിൽ എഴുതിപ്പിടിപ്പിക്കുന്നതു ഒരു ശീലമായിരുന്നു... അപ്പോഴും മനസ്സിൽ സന്തോഷമേ ഉണ്ടായിട്ടുള്ളൂ. എന്നോടുള്ള സ്നേഹത്തിന്റെ ഒരു പ്രകടനമായിട്ടേ ഞാൻ അതിനെ കണ്ടുള്ളൂ. ഏതോ നാട്ടിൻപുറത്തെ സാദാ ഹോട്ടലിന്റെ പേരായിട്ടു ഞാൻ കണ്ടത് 'ദേ ഇങ്ങോട്ടു നോക്കിയേ" എന്ന ബോർഡാണ് ..

എന്റെ സിനിമകളിലെ പല രംഗങ്ങളൂം അപ്പാടെ മറ്റു സിനിമകളിൽ ആവർത്തിച്ചു കാണുന്നത് മുതലാണ് എനിക്ക് ലേശം അപ്രിയം തോന്നിത്തുടങ്ങിയത്. ഏതൊക്കെ സിനിമകളാണെന്നു ഏവർക്കും അറിയാവുന്ന കാര്യമായതു കൊണ്ടു ഞാൻ അതിന്റെ വിശദാശങ്ങളിലേക്കു കടക്കുന്നില്ല.

അങ്ങിനെ ഇരിക്കെയാണ് കൈരളി ചാനലിൽ '; കാര്യം നിസ്സാരം' എന്നൊരു സീരിയൽ ആരംഭിക്കുന്നത്. കാര്യം നിസ്സാരം എന്നത് എന്നെ സംബന്ധിച്ചും മരിച്ചു പോയ പ്രേം നസിറിനെസംബന്ധിച്ചും ഇവിടുത്തെ ബഹുമാനപ്പെട്ട പ്രേക്ഷകരെ സംബന്ധിച്ചും വളരെ പ്രിയപ്പെട്ടതാണ്. (ഏപ്രിൽ 18 റിലീസ് ആയപ്പോൾ അത് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താൻ ഒരുപാട് ക്ഷണങ്ങൾ ഉണ്ടായിട്ടും ഞാൻ വിധേയനാകാതിരുന്നത് ഏപ്രിൽ 18 എന്ന ആ മലയാള ചിത്രത്തെ അത്രത്തോളം സ്നേഹിച്ചതുകൊണ്ടാണ്) കാര്യം നിസ്സാരം എന്ന ടൈറ്റിൽ മറ്റാരെങ്കിലും ഉപയോഗിക്കുന്നത്, അതും അതുമായി ബന്ധപ്പെട്ടവരുടെ സമ്മതമില്ലാതെ ചെയ്യുന്നത് എന്റെ അഭ്യുദയകാക്ഷികളായ പലർക്കും അന്ന് അത്ര സുഖിച്ചില്ല എന്നെ എന്നെ അറിയിച്ചു. സമാധാനകാംക്ഷിയായ ഞാൻ അതങ്ങു വിട്ടു .
ഇപ്പോൾ കാര്യം നിസ്സാരം സീരിയൽ കഴിഞ്ഞെന്നു തോന്നുന്നു. അപ്പോഴുണ്ടടാ , ദാണ്ടെ വരുന്നു 'പ്രശ്നം ഗുരുതരം'എന്ന പേരിൽ അടുത്ത സീരിയൽ .ഈ ചിത്രവും ഒരു മികച്ച പ്രേംനസിർ ചിത്രം എന്ന പേര് നേടിയതാണ്. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം എന്നീ സിനിമകളുടെ ഗൃഹാതുരത്വവും പേറി നടക്കുന്ന പ്രേക്ഷകരുടെ ആകുലതക്കൊപ്പം ഇപ്പോൾ ഞാനുമുണ്ട് . എന്തെന്നാൽ, മനുഷ്യന്റെ ഓർമ്മയ്ക്ക് വലിയ ഈടില്ലാത്ത കാലമാണിത്. ഈ പ്രവണത ഇങ്ങനെ തുടരുന്നത് കയ്യും കെട്ടി നോക്കി നിൽക്കുക എന്നത് അത്ര സുഖ പ്രദമല്ല . ഒരാഴ്ച്ച ഒരാളെ കണ്ടില്ലെങ്കിൽ 'പുള്ളിയുടെ സഞ്ചയനം കഴിഞ്ഞോ' എന്ന് ചോദിക്കാനും 'ആദരാഞ്ജലികൾ' എന്ന് എഴുതിപിടിപ്പിക്കാനും ഒരു ഉളുപ്പുമില്ലാത്ത നമ്മുടെ സമൂഹം നാളെ കാര്യം നിസ്സാരവും പ്രശ്നം ഗുരുതരവും ആരോ ചെയ്ത സീരിയലുകൾ ആണെന്ന് പറയാനും പ്രചരിപ്പിക്കാനും അധികം ആലോചിക്കില്ല. അങ്ങിനെയുണ്ടായാൽ ഏറ്റവും വേദനിക്കുന്നത് നസിർ സാറിന്റെ ആന്മാവിനെ ആയിരിക്കും.

അഥവാ ഇനി ഒരാൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്ന് സ്ഥിതിക്ക്, ഈ പേരുകൾ ജനത്തിനു പ്രിയങ്കരമാക്കിയവർ ഇപ്പോഴും ജീവിച്ചിരിക്കുന്ന ചുറ്റുപാടിൽ അവരുടെ മനസ്സിന്റെ ഒരു മൗനസമ്മതമോ അനുഗ്രഹമോ തേടുന്നത് ഒരു സാമാന്യ മര്യാദയല്ലേ ? ഇനി അവരെ വിടുക , ഇത് സംപ്രേഷണം ചെയ്യുന്ന ചാനലിന് അങ്ങിനെ ഒരു ധാർമ്മികതയില്ലേ?
അതോ , ഇതൊക്കെയാണോ ഇപ്പോഴത്തെ നാട്ടു നടപ്പ്? നസീർ സാറിന്റെ ആത്‌മാവിനോട് ഞാൻ മാപ്പു ചോദിക്കുന്നു. അതല്ലേ എനിക്ക് പറ്റൂ ?

Content Highlights: Balachandra Menon Prem Nazir Karyam Nisaram Prasnam Gurutharam Malayalam Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഓസ്‌കര്‍ ജേതാവ് മൈക്കിള്‍ ചിമീനോ അന്തരിച്ചു

Jul 3, 2016


mathrubhumi

1 min

സിനിമയിലെ സെക്‌സ് റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍

Jun 16, 2018


mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018