കേരളത്തെ ചൊവ്വാഴ്ചത്തെ പ്രഭാതം വിളിച്ചുണർത്തിയത് ഞെട്ടുന്നൊരു വാർത്തയാണ്. വയലിനിൽ അത്ഭുതങ്ങൾ കാട്ടുന്ന സംഗീതജ്ഞൻ ബാലഭാസ്ക്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്ക്കർക്കും ഭാര്യ പിറന്ന മകൾ അപകടത്തിൽ മരിച്ചു. ബാലഭാസ്ക്കറും ഭാര്യയും ഗുരുതരാവസ്ഥയിൽ ആസ്പത്രിയിലാണ്. വയലിൻ തന്ത്രിയിൽ പിറന്ന ഈണങ്ങൾ കൊണ്ടും സഹൃദയത്വം കൊണ്ടും ബാലഭാസ്ക്കർക്ക് ആരാധകരും കൂട്ടുകാരും ഏറെയാണ്. അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറാത്തവരാണ് ഇവരിൽ ഏറെയും. കുഞ്ഞിന്റെ വിയോഗത്തിന്റെയും അപകടത്തിന്റെയും ആഘാതത്തിൽ നിന്നും ഇവർ എത്രയും പെട്ടന്ന് തിരിച്ചുവരട്ടേയെന്ന് പ്രാർഥനയോടെ ആശംസിക്കുകയാണ് ആർ.ജെ.യായ കിടിലൻ ഫിറോസ്.
ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു ! റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ. ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു, 18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത്! വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു. ചേച്ചി അപകട നിലതരണംചെയ്തു. ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും , എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സർജറിക്ക് കയറ്റിയിട്ടുണ്ട് . മലയാളക്കരയുടെ മുഴുവൻ പ്രാർഥനകളുണ്ട്. ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു.-ഡാ, നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു . നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആകെ സങ്കടം, ആധി.
എത്രയും വേഗം ഭേദമാകട്ടെ
Content Highlights: Balabhaskar Violin Accident Music