തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ട വാഹനാപകടം സംബന്ധിച്ച് ദുരൂഹത നീങ്ങുന്നില്ല. അപകടം നടക്കുമ്പോള്‍ വാഹനം ഒാടിച്ചത് ബാലഭാസ്‌ക്കറല്ലെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
അപകടമുണ്ടായ ദിവസം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് മൊഴിയെടുത്തത്.
തൃശൂരില്‍ നിന്ന് മടങ്ങുമ്പോള്‍ കൊല്ലത്ത് എത്തുന്നതു വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌ക്കര്‍ വാഹനം ഓടിക്കാന്‍ കയറുകയായിരുന്നുവെന്നുമാണ് അര്‍ജുന്‍ പോലീസിനോട് പറഞ്ഞത്. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ താന്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കമായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തില്‍പ്പെട്ടത്. കൊല്ലത്ത് നിന്നും വരികയായിരുന്ന കാര്‍ ദിശതെറ്റി റോഡിന് എതിര്‍വശത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുഞ്ഞ് തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌ക്കര്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ് ഒക്‌ടോബര്‍ രണ്ടിനാണ് മരിച്ചത്.
Content Highlights: Balabhaskar Accident violinist composer Malayalam Music Lakshmi