തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കാര്‍ അദ്ദേഹം തന്നെയാണ് ഓടിച്ചതെന്ന് ഡ്രൈവറുടെ മൊഴി. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവര്‍ അര്‍ജ്ജുനാണ് പോലീസിന് മൊഴി നല്‍കിയത്. ആശുപത്രിയില്‍ നിന്നും ചികിത്സകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അര്‍ജ്ജുന്റെ മൊഴി ചൊവ്വാഴ്ചയാണ് പോലീസ് രേഖപ്പെടുത്തിയത്.
തൃശ്ശൂരില്‍ നിന്നും മടങ്ങവേ പുലര്‍ച്ചെ കൊല്ലത്ത് എത്തുന്നതുവരെ അര്‍ജ്ജുനാണ് കാര്‍ ഓടിച്ചിരുന്നത്. കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കര്‍ വാഹനമോടിക്കാന്‍ കയറിയതായി അര്‍ജ്ജുന്‍ പറഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കുഞ്ഞും മുന്‍വശത്ത് ഇടതുവശത്തെ സീറ്റിലായിരുന്നു ഇരുന്നത്. പിന്‍സീറ്റില്‍ ഇരുന്ന അര്‍ജ്ജുന്‍ അപകടസമയത്ത് ഉറക്കത്തിലായിരുന്നു.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. അവര്‍ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. അര്‍ജ്ജുന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ എന്നറിയാന്‍ ശരീരത്തിലെ മുറിവ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തില്‍പ്പെട്ടത്. കൊല്ലത്ത് നിന്നും വരികയായിരുന്ന കാര്‍ ദിശതെറ്റി റോഡിന് എതിര്‍വശത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു.
Share this Article
Related Topics