മീനത്തില്‍ താലികെട്ടിലെ ഓമനക്കുട്ടന്‍ 'എടീ വീപ്പക്കുറ്റി' എന്നു വിളിക്കുമ്പോള്‍ 'നീ പോടാ മൂത്താപ്പേ' എന്ന് പറയുന്ന അനിയത്തി. ബേബി അമ്പിളി ഒരു കാലത്ത് മലയാളത്തിലെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം, ആര്യന്‍ തുടങ്ങി എത്രയെത്ര ഹിറ്റുകളില്‍ അമ്പിളി നമ്മെ അദ്ഭുതപ്പെടുത്തി. സിനിമയില്‍ സജീവമായി നില്‍ക്കെ രണ്ടാംഭാവം എന്ന സിനിമയ്ക്കു ശേഷം അമ്പിളി സിനിമയിലഭിനയിച്ചിട്ടില്ല. ഇന്ന് ഒരു അഭിഭാഷകയാണ്. 18 വര്‍ഷമായി എവിടെയായിരുന്നുവെന്ന് അമ്പിളി തന്നെ പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് ആ സിനിമാകാലത്തെക്കുറിച്ച് അമ്പിളി മനസു തുറക്കുന്നത്.
'ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് 'നാല്‍ക്കവല' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുറച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ടു പഠിപ്പിക്കുന്ന സീനെടുത്തു. രണ്ടു ദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു. മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു. അങ്കണവാടിയില്‍നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹസത്ക്കാരത്തിന് പോകാന്‍ ഉച്ചയ്ക്ക് എന്നെ കൂട്ടാന്‍ അമ്മ അങ്കണവാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല. ആകെ ടെന്‍ഷനായി. ടീച്ചറാണ് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞത്.
അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ.വി.ശശി സാറിനെ കണ്ടു. അവര്‍ മുന്‍പേ പരിചയമുള്ളവരായിരുന്നു. എന്റെ മകളാണ് അമ്പിളി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നായി ശശി സാര്‍. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്മ പറഞ്ഞു, ഇതോടെ മതി, ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട' എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ആകെയുള്ള പിന്തുണയും ഇല്ലാതായി. അതിനു ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല.'
Content Highlights : Baby Ambili child actress interview, Star and Style