ബാഹുബലി ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍


15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാഹുബലി 2 ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏപ്രില്‍ 29 നാണ് നിര്‍മാതാവ് പ്രസാദ് ദേവിനേനിക്ക് ഒരു അജ്ഞാത ഫോണ്‍ കോള്‍ ലഭിക്കുന്നത്.

ഹൈദരാബാദ്: ബാഹുബലി 2 ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. ബീഹാറിലെ ബേഗുസരൈ ജില്ലയിലെ ഒരു തിയേറ്ററില്‍ നിന്നുമാണ് ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമ ദിവാകര്‍ കുമാര്‍ അടക്കം ആറ് പേര്‍ പിടിയിലായിട്ടുണ്ടെന്നും ഹൈദരാബാദ് പോലീസ് പറയുന്നു.

ഡല്‍ഹി സ്വദേശികളായ രാഹുല്‍ മെഹ്ത, ജിതേന്ദര്‍ കുമാര്‍ മെഹ്ത, തൗഫിക്ക്, അലി, ബീഹാര്‍ സ്വദേശിയായ ചന്ദന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു വ്യക്തികള്‍. ബാഹുബലി ആദ്യഭാഗത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ജിതേന്ദറിനെയും തൗഫീക്കിനെയും 2015 ല്‍ അറസ്റ്റു ചെയ്തിട്ടുണ്ട്.

ബാഹുബലി നിര്‍മിച്ച അര്‍ക്ക മീഡിയ വര്‍ക്ക്‌സ് ആന്റ് എന്റര്‍ടൈമെന്റ്‌സ് ലിമിറ്റഡിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തയ്യാറാണെന്നും 15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാഹുബലി 2 ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഏപ്രില്‍ 29 നാണ് നിര്‍മാതാവ് പ്രസാദ് ദേവിനേനിക്ക് ഒരു അജ്ഞാത ഫോണ്‍ കോള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടെലഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത് പെട്ടന്ന് അറസ്റ്റ് ചെയ്യുന്നതിന് പകരം പണം നല്‍കാം എന്ന് സമ്മതിച്ച് പ്രൊഡക്ഷന്‍ കമ്പനിയും പോലീസും ഒത്തുചേര്‍ന്ന് സംഘവുമായി നിരന്തരം ബന്ധപ്പെട്ടു. കൂടുതല്‍ തെളിവിനായി ചിത്രത്തിന്റെ എച്ചഡി വീഡിയോയുടെ കോപ്പി നിര്‍മാതാക്കള്‍ക്ക് അവര്‍ അയച്ചു കൊടുക്കുകയും ചെയ്തു. തുടരന്വേഷണത്തിലാണ് ബീഹാറിലെ ബേഗുസരൈ ജില്ലയിലെ തിയേറ്ററില്‍ നിന്നാണ് ചിത്രം ചോര്‍ത്തിയതെന്ന് പോലീസിന് മനസ്സിലായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram