എരിയുന്ന തീയിന്റെ പശ്ചാത്തലത്തില്‍ ബാഹുബലിയുടെ ശരീരത്തിലേക്ക് വാള് കുത്തിയിറക്കുന്ന കട്ടപ്പ, ഈ ദൃശ്യമായിരുന്നു ബാഹുബലിയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഭാഗം. ബാഹുബലി രണ്ടാംഭാഗം വരുമ്പോള്‍ ഇതിന് പിറകിലുള്ള കഥയാണ് ആരാധകര്‍ക്ക് ആദ്യം അറിയേണ്ടത്.
രാജമൗലി ആവശ്യപ്പെട്ടത് പ്രകാരം ക്രിയേറ്റീവ് ഡയറക്ടറും ഡിസൈനറുമായ വിശ്വനാഥ് സുന്ദരമാണ് ഈ ദൃശ്യം രൂപകല്‍പ്പന ചെയ്തത്. ബാഹുബലി എന്ന ഒരൊറ്റ ചിത്രം തനിക്ക് നല്‍കിയത് പത്ത് സിനിമകളില്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ കൂടുതല്‍ അനുഭവമാണെന്ന് സുന്ദരം പറയുന്നു.
രാജമൗലി സര് എന്നെ വിളിച്ച് കട്ടപ്പ ബാഹുബലി കൊല്ലുന്ന ദൃശ്യം രൂപകല്‍പ്പന ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആയിരത്തില്‍ അധികം ഡിസൈനുകളാണ് ഞാന്‍ ഉണ്ടാക്കിയത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കട്ടപ്പ- ബാഹുബലി രംഗത്തേക്കാള്‍ താന്‍ ഏറെ വെല്ലുവിളി നേരിട്ടത് ഭല്ലാല ദേവന്റെ പ്രതിമ സ്ഥാപിക്കുന്ന രംഗം രൂപകല്‍പ്പന ചെയ്യുമ്പോഴായിരുന്നുവെന്ന് സുന്ദരം പറയുന്നു.
ഇന്ത്യന്‍ സിനിമയില്‍ കുറച്ചു സംവിധായകര്‍ മാത്രമേ കൃത്യമായ സ്റ്റോറി ബോര്‍ഡ് രൂപകല്‍പ്പന ചെയ്ത് ഉപയോഗിക്കാറുള്ളു. രാജമൗലി അങ്ങിനെയാണ്. ചിത്രത്തിന്റെ കലാസംവിധായകനായി സാബു സിറിലിനൊപ്പം ജോലി ചെയ്തതും ഒരു വലിയ അനുഭവമായിരുന്നു- സുന്ദരം പറയുന്നു.
രജനികാന്ത് നായകനായ 2.0 എന്ന ചിത്രത്തിലും സുന്ദര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു.
ബാഹുബലിയില്‍ ഞാന്‍ ചെയ്ത സ്കെച്ചുകള്‍ സംവിധായകന് ശങ്കര്‍ കണ്ടിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ശ്രീനിവാസ് മോഹനന് എന്നെ വിളിക്കുകയായിരുന്നു. രജനി സാറിന്റെ ചിട്ടി റോബോട്ടിന്റെ കഥാപാത്രത്തെയും അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന വില്ലന്‍ വേഷത്തെയും ഞാന്‍ തന്നെയാണ് രൂപകല്‍പ്പന ചെയ്തത്. - സുന്ദരം കൂട്ടിച്ചേര്‍ത്തു.