മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി. നേതാവുമായ അടല്‍ ബിഹാരി വാജ്‌പെയിയുടെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. വിശ്രമജീവിതം നയിക്കുന്ന വാജ്‌പെയിയുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തിലാണ് യുഗപുരുഷ് അടല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത്. രാജീവ് ധാമിജി, അമിത് ജോഷി, രഞ്ജിത് ശര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് പി.ശ്രീവാസ്തവ. ബസന്ത് കുമാറാണ് രചന.
ചിത്രത്തിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാനായി വാജ്‌പെയിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്ന് സംവിധായകന്‍ മായങ്ക് ശ്രീവാസ്തവ പറഞ്ഞു. ചിത്രത്തിന് വാജ്‌പെയിയുടെ മരുമകളായ മാല തിവാരിയുടെ സഹായം ലഭിക്കുന്നുണ്ടെന്നും മായങ്ക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ചിത്രത്തില്‍ വാജ്‌പെയി ആയി അഭിനയിക്കാന്‍ നടന്മാരെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബാപ്പി ലാഹരി ചിത്രത്തിനുവേണ്ടി ഒരു ഗാനം ഒരുക്കിക്കഴിഞ്ഞു. വാജ്‌പെയിയുടെ ഒരു കവിതയെ അടിസ്ഥാനമാക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിര്‍മാതാവും അഭിനേതാവുമായ നീതു ചന്ദ്രയായിരിക്കും വാജ്‌പെയിയുടെ കവിതകള്‍ ആലപിക്കുക.
1924 ഡിസംബര്‍ 24ന് ഗ്വാളിയോറില്‍ ജനിച്ച വാജ്‌പെയി ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പത്തു തവണ ലോക്‌സഭാംഗവും രണ്ടു തവണ രാജ്യസഭാംഗവുമായി. ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരില്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ കീഴില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. ഐ.കെ.ഗുജറാളിന്റെ പിന്‍ഗാമിയായി 1996ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. പിന്നീട് രണ്ട് വട്ടം കൂടി പ്രധാനമന്ത്രിപദം വഹിച്ചു. അഞ്ചു വർഷം കാലാവധി തികയ്ക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാണ് പ്രവർത്തകർ അടൽജി എന്ന് സ്നേഹത്തോടെ വിളിക്കുന്ന വാജ്പെയി. 1999 മുതല്‍ 2004 വരെയായിരുന്നു അവസാന ടേം. 2009ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.
Content Highlights: Atal Bihari Vajpayee biopic Yugpurush Atal BJP Hindi Movie