എറണാകുളത്തെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപയാണെന്ന ആരോഗ്യമന്ത്രിയുടെ സ്ഥിരീകരണത്തോടെ കേരളത്തില്‍ നിപ വീണ്ടും വരവറിയിച്ചിരിക്കുകയാണ്. പതിനേഴു പേരുടെ ജീവനെടുത്ത ഈ അപൂര്‍വ രോഗത്തിന്റെ ഭീതികളും ആശങ്കകളും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് ഏഴിന് റിലീസാകാനിരിക്കുന്നത്.
യുവതാരങ്ങളില്‍ പലരും അണിനിരക്കുന്ന സിനിമയില്‍ ആസിഫ് അലിയും ഒരു പ്രധാന റോളിലെത്തുന്നുണ്ട്. നിപ വൈറസ് ബാധിതനായ രോഗിയായാണ് ആസിഫ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചനകള്‍. ഉയരെ എന്ന ഹിറ്റ് ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ആസിഫ് വൈറസിലുമെത്തുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ പൊട്ടിപ്പുറപ്പെട്ട നാളുകളില്‍ വന്ന മാധ്യമവാര്‍ത്തകളും സോഷ്യല്‍മീഡിയ സന്ദേങ്ങളും ശ്രദ്ധിച്ചിരുന്നു എന്നതല്ലാതെ നിപ്പയെക്കുറിച്ച് കാര്യമായി ഒന്നുമറിയില്ലായിരുന്നുവെന്ന് ആസിഫ് പറയുന്നു. ഈയിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
'സിനിമയുടെ മൂഡിനെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. ഇതേ രീതിയിലുള്ള സിനിമകള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ. കാര്യമായി പെര്‍ഫോം ചെയ്യാനുള്ള റോളാണെന്നു മനസിലായി. നിപ ബാധിച്ചിരുന്ന കോഴിക്കോടിനെക്കുറിച്ച് എനിക്കറിയാമായിരുന്നതെല്ലാം പരിമിതമായ അറിവുകളായിരുന്നുവെന്ന് സെറ്റിലെത്തിയപ്പോഴാണ് മനസ്സിലായത്. ആ രോഗത്തിന്റെയും രോഗികളുടെയും അപകടകരങ്ങളായ അവസ്ഥകളെക്കുറിച്ച് വ്യക്തമായി മനസിലാക്കാനായത് സിനിമയുടെ ഭാഗമായതിനു ശേഷമാണ്.' ആസിഫ് പറഞ്ഞു. റോളിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചപ്പോള്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളും ആസിഫ് അഭിമുഖത്തിനിടെ പങ്കു വെച്ചു. 'ഒന്നും പരിഭ്രമിക്കേണ്ട കാര്യമില്ല. ആഷിക്ക് പറഞ്ഞു-തിരക്കഥാകൃത്തുക്കള്‍ കോഴിക്കോട്ടുകാരാണ്, നിപയെക്കുറിച്ച് നല്ലപോലെ പഠനം നടത്തിയതാണ് അവര്‍. എനിക്കുവേണ്ട അറിവുകളൊക്കെ അവര്‍ തന്നു.'
Content Highlights : Asif Ali about his role in Virus movie, Nipah virus outbreak in Kerala, Ashiq Abu film, Nipah virus in Ernakulam
Share this Article
Related Topics