സിനിമയുടെ ചിത്രീകരണത്തിരക്കുകളില്‍ നിന്നെല്ലാം താല്‍ക്കാലികമായി വിടപറഞ്ഞ് അര്‍ജുന്‍ കപൂര്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഇത്തവണത്തെ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അര്‍ധസഹോദരിമാരായ ജാന്‍വി കപൂറിനെയും ഖുശി കപൂറിനെയും ഒപ്പം കൂട്ടിയാണ് അര്‍ജുന്റെ യാത്ര. ഇവര്‍ക്കൊപ്പം സഹോദരി അന്‍ഷുലയും ഉണ്ട്.
ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അര്‍ജുന്‍ അര്‍ധ സഹോദരിമാരുമായി ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തിയിരുന്നില്ല. അമ്മ മോന കപൂറിനെ ഉപേക്ഷിച്ച് അച്ഛന്‍ ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് 11 വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.
ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തിയ അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു.
അര്‍ജുന്‍ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
'നമസ്‌തേ ഇംഗ്ലണ്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ലണ്ടനില്‍ നിന്ന് അര്‍ജുന്‍ ഈ അടുത്താണ് തിരികെയെത്തിയത്. സഹോദരിമാരുടെ സന്തോഷത്തിനായാണ് അര്‍ജുന്‍ വീണ്ടും ലണ്ടനിലേക്ക് തിരിക്കുന്നത്.