മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഇത് ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ആര്‍ക്കിടെക്റ്റും ഗവേഷകനുമായ ജയന്‍ ബിലാത്തിക്കുളം. ഫസ്റ്റ്‌ലുക്കില്‍ കാണുന്ന കുഞ്ഞാലി മരയ്ക്കാറുടെ വേഷം സിക്ക് മതവിശ്വാസിയുടേതിന് സമാനമാണെന്ന് ജയന്‍ ബിലാത്തിക്കുളം ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിന്റെ പരിപൂര്‍ണതയ്ക്ക് വേണ്ടി അക്കാലത്തെ മുസ്ലീംമത വിശ്വാസികളുടെ വേഷവിധാനങ്ങള്‍ പഠന വിധേയമാക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജയന്‍ ബിലാത്തിക്കുളത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
കുഞ്ഞാലിമരയ്ക്കാരോ ? കുഞ്ഞാലി സര്‍ദാര്‍ജിയോ? ചരിത്രം ചലച്ചിത്രമാക്കുമ്പോള്‍ ചരിത്രത്തോടു നീതി പുലര്‍ത്തണം. എന്നാല്‍ സിനിയെന്ന കലാ മാധ്യമത്തിന്റെ വിജയ സാധ്യതകള്‍ തള്ളിക്കളയരുത്. അതിന്റെ ഉത്തമ ഉദാഹരണമാണ് മലയാള സിനിമയിലെ എക്കാലെത്തെയും നല്ല സിനിമയായ 'കാലാപാനി'. അതിനൊപ്പം എത്തുന്ന ഒരു ചരിത്ര സിനിമയും ഉണ്ടായിട്ടില്ല. അതിന്റെ സംവിധായകനാണ് പ്രിയദര്‍ശന്‍. 'കുഞ്ഞാലി മരയ്ക്കാര്‍; എന്ന പുതിയ ചിത്രം കോഴിക്കോടിന്റെ ചരിത്രമാണ് പറയുന്നത്. സാമൂതിരി രാജാവിന്റെ പടനായകനായ വടകര കോട്ടക്കല്‍ സ്വദേശി, കടലിന്റെ അധിപനായ കുഞ്ഞാലി മരയ്ക്കാരാണ് അന്ന് ലോക പ്രശസ്തമായ കാലിക്കുത്ത് എന്ന കോഴിക്കോടിന്റെ വാണിജ്യ രംഗത്തെയും തുറമുഖങ്ങളെയും നിയന്ത്രിച്ച സൈനിക ശക്തി.
ഇത്രയും എഴുതാന്‍ കാരണം ബാഹുബലി ഒരു ഫാന്റസി സിനിമയാണ്. എന്നാല്‍ കുഞ്ഞാലി മരയ്ക്കാര്‍ അങ്ങിനെയല്ല, അത് ചരിത്രമാണ്. ചരിത്ര സിനിമയില്‍ വേഷം, കാലം എന്നിവ പ്രധാനമാണ്. പുരാതന കോഴിക്കോടിന്റ ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കാണ് സിനിമ. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാണ്. മഹാനടനന്റെ നടന വിസ്മയത്തില്‍ മരയ്ക്കാര്‍ ചരിത്ര ഭാഗമാകും. ഞാന്‍ പറഞ്ഞു വന്നത് മരയ്ക്കാരുടെ കൊസ്റ്റ്യൂം വേഷവിധാനത്തെക്കുറിച്ചാണ്. അതിന് സിക്ക് മതവിശ്വാസിയുടെ വേഷത്തിനോടാണ് സാമ്യം. കോഴിക്കോട് സാമൂതിരി പോലും പട്ടു പുതച്ചു നടന്ന കാലത്തെപ്പറ്റി ചരിത്ര പുസ്തകളില്‍ പ്രതിപാതിക്കുന്നുണ്ട.് അക്കാലത്തെ മുസ്ലിoമത വിശ്വാസികളുടെ വേഷം പഠനവിധേയമാക്കണം. തടിച്ച ചണം കൊണ്ടു നിര്‍മ്മിച്ച കുടുക്കുകള്‍ ഇല്ലാത്ത കുപ്പായങ്ങളും ശാലിയ സമുദായക്കാര്‍ നെയ്ത തുണികളും തുകല്‍ അരപ്പട്ടകളും കൊല്ലാന്റ മൂശയില്‍ വാര്‍ത്ത ഇരുമ്പ് ആയുധങ്ങളും ധരിച്ച മരയ്ക്കാരെ നമുക്കറിയാം. ഈ കഴിഞ്ഞ തലമുറയിലെ മുസ്ലിo വേഷവിധാനം നമുക്കറിയാം. ഇതില്‍ നിന്നും വ്യത്യസ്തമായ ചരിത്രത്തോടു നീതി പുലര്‍ത്താത്ത ഈ കുഞ്ഞാലി മരയ്ക്കാരുടെ വേഷം ഒരു സിനിമാറ്റിക്ക് വേഷം കെട്ടലായി എന്നു തോന്നുന്നു. ചരിത്രം ഇഷ്ട വിഷയമായതുകൊണ്ട് പറഞ്ഞു എന്നു മാത്രം, ക്ഷമിക്കുക.
Content Highlights: architect jayan bilathikulam criticizes kunjali marakkar first look mohanlal priyadarshan