ബ്ലെസി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറവിയെടുത്ത തന്‍മാത്ര തന്നെ ഒരുപാട് കരയിപ്പിച്ച ചിത്രമാണെന്ന് നടി അപര്‍ണ ബാലമുരളി. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ തന്നെ ഏറെ വിഷമിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് മനസ്സു തുറന്നത്.
'സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കം കെടുത്തി. പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓര്‍മ നശിക്കുന്നത് സ്വപ്‌നം കണ്ട് പലരാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്. അതുപോലെ എന്റെ ഉറക്കം കെടുത്തിയ മറ്റൊരു സിനിമയാണ് 22 ഫീമെയില്‍ കോട്ടയം.
നിരന്തരമായ പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ആ ചിത്രത്തിന്റെ ഇടവേളയില്‍ തിയേറ്ററില്‍നിന്ന് ഇറങ്ങി ഓടിയാലോ എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്.
അടുത്തിടെ എന്നെ കരയിച്ച സിനിമയാണ് മായാനദി. ചിത്രത്തിന്റെ അവസാനം കാമുകനായ മാത്തന്‍ വെടിയേറ്റു വീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നു നീങ്ങുന്ന സീനുണ്ട്. ആ ഒറ്റപ്പെടലിന്റെ സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ ചിത്രം കണ്ട് ഐശ്വര്യയോടും ടൊവിനോയോടും സംസാരിച്ച ശേഷമാണ് എനിക്ക് സമാധാനമായത്'- അപര്‍ണ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം
Content Highlights: aparna balamurali interview talks about thanmathra, mohanlal, mayanadhi, tovino, aishwarya