മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇത്തവണത്തെ സൈമ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സത്യന്‍ അന്തിക്കാട് ആയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശന്‍ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരനേട്ടത്തിന് അര്‍ഹനാക്കിയത്.
ഈ അവസരത്തില്‍ സത്യന്‍ അന്തിക്കാടിനെ അഭിനന്ദിച്ച് മകന്‍ അനൂപ് സത്യന്‍ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്..'എനിക്ക് 107 വയസ് ആകുന്നതിനു മുന്‍പെ ഞാന്‍ ഈ റെക്കോഡ് തകര്‍ക്കാന്‍ ശ്രമിക്കും എന്ന അടിക്കുറിപ്പോടെയാണ് അച്ഛന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് അനൂപ് പോസ്റ്റ് ചെയ്തത്.
സത്യന്‍ അന്തിക്കാട് എന്ന സംവിധായകനോടുള്ള മകന്റെ ആദരമാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
സൈമയുടെ എട്ടാമത്തെ പതിപ്പാണ് ഇപ്രാവശ്യം നടന്നത്. ദോഹയില്‍ വച്ചായിരുന്നു പുരസ്‌കാരദാനം. സത്യന്‍ അന്തിക്കാടിന്റെ അമ്പത്തിയാറാമത്തെ ചിത്രമാണ് ഞാന്‍ പ്രകാശന്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ മലയാളചിത്രങ്ങളിലൊന്നായിരുന്നു ഇത്. നിഖില വിമല്‍, അഞ്ജു കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ ഫഹദിന്റെ നായികമാരായെത്തിയത്.
അച്ഛന്റെ വഴിയെ നീങ്ങുന്ന അനൂപ് സ്വതന്ത്രമായി സിനിമയെടുക്കാനുള്ള ഒരുക്കത്തിലാണ്. ശോഭന, സുരേഷ് ഗോപി, നസ്രിയ എന്നിവർ ഒരുമിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ അനൂപ് സത്യൻ.
Content Highlights : Anoop Sathyan Praises Sathyan Anthikkad Who won Best Director Award At SIIMA 2019