നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്‍മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായിക അഞ്ജലി മേനോന്‍. ഒരു തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ്സു തുറന്നത്. മോഹന്‍ലാലും മമ്മൂട്ടിയും നല്ല നടന്‍മാരായതിന് ശേഷമാണ് സൂപ്പര്‍താരങ്ങളായതെന്നും, അതു മറക്കരുതെന്നും അഞ്ജലി പറഞ്ഞു.
'അവരെ വച്ച സിനിമ ചെയ്യണമെന്നുണ്ട്. അതൊരു വലിയ ഉത്തരവാദിത്തമായിരിക്കും. അത്തരത്തിലുള്ള ഒരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും ഏത് വേഷവും ചെയ്യാനും തയ്യാറാണ്. അവരില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. മമ്മൂട്ടി പൊന്തന്‍മാടയും വിധേയനും ഒരേ വര്‍ഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണത്. അതുപോലെ മോഹന്‍ലാല്‍ സാര്‍ ഒരേ സമയം കച്ചവട സിനിമകളിലും ആര്‍ട്ട്‌സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല'- അഞ്ജലി കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ചും അഞ്ജലി സംസാരിച്ചു. തൊഴിലിടങ്ങളിലെ അടിസ്ഥാനമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന് അഞ്ജലി പറഞ്ഞു.
'എല്ലാവരും തൊഴിലിടങ്ങളില്‍ സുരക്ഷ ആഗ്രഹിക്കുന്നവരാണ് അതില്‍ ആണ്‍-പെണ്‍ ഭേദമില്ല. എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കണം. ഞാന്‍ സ്വപ്‌നം കാണുന്നത് അത്തരത്തിലുള്ള ഒരു മാറ്റത്തിനാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും അതു തന്നെയാണ്. പണ്ടുകാലത്ത് സിനിമയിലെ സ്ത്രീകള്‍ ഭൂരിഭാഗവും അഭിനയ രംഗത്തായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. സ്ത്രീകള്‍ സിനിമയിലെ ഒട്ടുമിക്ക മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാനമായ ചില സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും ചലി നിയമങ്ങള്‍ പാലിക്കേണ്ടി വരും. അതിനുവേണ്ടി സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ മറ്റാരു സംസാരിക്കും. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്നെ സംബന്ധിച്ച് ഈ മാറ്റങ്ങള്‍ വേണ്ടി സംസാരിക്കുന്ന സംഘടനയാണ്.
വനിതാ സംവിധായിക എന്ന ലേബലില്‍ ഒതുക്കുന്നതില്‍ താല്‍പര്യമില്ലെന്നും അഞ്ജലി വ്യക്തമാക്കി.
'ഞാന്‍ എന്റെ ലിംഗമേതെന്ന് ചിന്തിക്കുന്നില്ല. ഒരു സിനിമ എടുക്കുമ്പോള്‍ അതിന്റെ കഥയും മറ്റുകാര്യങ്ങളുമാണ് ഞാന്‍ ആലോചിക്കുന്നത്. സ്ത്രീ ആയതുകൊണ്ട് എന്റെ ജോലി ആയാസകരമോ എളുപ്പമോ ആകാന്‍ പോകുന്നില്ല. നമുക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വേണം. അതുപോലെ തന്നെ വളരെ പോസറ്റീവായ പുരുഷകഥാപാത്രങ്ങളെയും ആവശ്യമാണ്'- അഞ്ജലി പറഞ്ഞു.
സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി ഒരുക്കുന്ന കൂടെ എന്ന സിനിമ ശനിയാഴ്ച പ്രദര്‍ശനത്തിനെത്തും. നസ്രിയ സസീം, പൃഥ്വിരാജ്, പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
Content Highlights: anjali menon about mohanlal mammootty koode movie prithviraj siukumaran nazriya nazim parvathy