പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക്. അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുംബൈ മിററാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എ വെന്നസ്‌ഡെ, റുസ്തം, എം.എസ്. ധോനി, ടോയ്‌ലറ്റ്: ഏക പ്രേം കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്‌ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകനാണ് നീരജ് പാണ്ഡെ. ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായശേഷം മാത്രമേ ഷൂട്ടിങ് ആരാംഭിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുള്ളൂ.
ഡോവലിന്റെ ബയോപിക്കിന് മുന്‍പ് നീരജ് പാണ്‌ഡെയും അക്ഷയ് കുമാറും ചേര്‍ന്ന് ചാണക്യ എന്ന ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ട്. ഇതിനൊപ്പം ക്രാക്ക് എന്നൊരു ചിത്രം കൂടി നീരജ് പാണ്‌ഡെ ഏറ്റെടുത്തിട്ടുണ്ട്.
1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1999ലെ കാണ്ടഹാര്‍ വിവമാനറാഞ്ചല്‍ വിഷയത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും ഡോവലായിരുന്നു. പന്നീട് ഐ.ബിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. സൂപ്പര്‍ സ്‌പൈ എന്ന് അറിയപ്പെട്ട ഡോവല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നണ്ട്. കശ്മീര്‍ വിഷയത്തിലും നിര്‍ണായകമായിരിക്കുന്നത് ഡോവലിന്റെ ഇടപെടലാണെന്നാണ് കരുതപ്പെടുന്നത്.
മിഷന്‍ മംഗള്‍, ഹൗസ്ഫുള്‍ 4, ഗുഡ് ന്യൂസ്, സൂര്യവംശി, ലക്ഷി ബോംബ് എന്നിവയാണ് അക്ഷയ്കുമാര്‍ ഇപ്പോള്‍ ഏറ്റിരിക്കുന്ന ചിത്രങ്ങള്‍.
Content Highlights: Akshay Kumar to play Prime Minister Narendra Modi's National Security Advisor Ajit Doval Bollywood