ദേശീയ പുരസ്‌ക്കാരം നിര്‍ണയിക്കുന്ന ജൂറിയില്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത്തവണത്തെയും കഴിഞ്ഞ തവണത്തെയും ജൂറിയുടെ യോഗ്യത ചോദ്യം ചെയ്ത അടൂര്‍ ഇനി നടക്കാനിരിക്കുന്ന ജൂറി തിരഞ്ഞെടുപ്പെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊച്ചി ബിനാലെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പനോരമയിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ജൂറി പരാജയപ്പെടുന്നുണ്ടെന്ന് പറഞ്ഞ അടൂര്‍ സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകള്‍ മികച്ച സിനിമാ സൃഷ്ടികളുടെ അപേക്ഷകള്‍ തള്ളിക്കളയുകയാണെന്നും ആരോപിച്ചു.
കഴിഞ്ഞ തവണ ബാഹുബലിക്ക് മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയത് വഴി തെറ്റായ സന്ദേശമാണ് ജൂറി നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂറിയുടെ തിരഞ്ഞെടുപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും നിലവാരമുള്ള സിനിമകള്‍ക്ക് വേണം പുരസ്‌ക്കാരം നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് അദ്ദേഹം കത്തെഴുതിയിട്ടുണ്ട്.
വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുമുള്ള അവസരം ചലച്ചിത്ര മേളയിലുണ്ട്. പക്ഷെ, ഇന്ത്യന്‍ പനോരമ വിഭാഗത്തിലും വാണിജ്യ സിനിമകൾക്ക് മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം ഉള്‍പ്പെടെ നല്‍കുമ്പോള്‍ സമാന്തര സിനിമകള്‍ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം, സാമൂഹിക പ്രതിബദ്ധത, സമീപനരീതി, സാങ്കേതിക മേന്മ ഇവയൊക്കെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം ജൂറി അംഗങ്ങളും ജൂറി ചെയര്‍മാനുമെന്ന് അടൂര്‍ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സിനിമാ സംബന്ധിയായി പരിജ്ഞാനമില്ലാത്ത ആളുകള്‍ ജൂറിയില്‍ കയറിക്കൂടിയതിന്റെ ഫലമായിട്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗോവയില്‍ ഇത്തവണ ജൂറി തഴഞ്ഞ ചിത്രങ്ങളെല്ലാം ചേര്‍ത്തുവെച്ചാല്‍ മികച്ച ഒരു ഫെസ്റ്റിവല്‍ നടത്താമെന്ന അഭിപ്രായം ഇന്ത്യയിലെ പല നിരൂപകര്‍ക്കുമുണ്ടെന്നും ഇത്തവണ ജൂറിയെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് പരസ്യമാക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.