മുഖം കണ്ടാല്‍ താരത്തെ തിരിച്ചറിയാന്‍ സാധ്യതയില്ല. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്നേഹിക്കുന്ന സിസിലി എന്ന എല്‍.ഡി. ക്ലാര്‍ക്കിനെ, സിനിമ കണ്ടവര്‍ മറക്കില്ല. ഉലഹന്നാന്റെ സാമീപ്യമായിരുന്നു സിസിലിയുടെ സന്തോഷം. ചിത്രത്തിലെ സിസിലിയെ അതിമനോഹരമായി അവതരിപ്പിച്ച മഞ്ജു സുനില്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മേക്ക് ഓവറിനെത്തിയപ്പോള്‍... ഒപ്പം ജീവിത വിശേഷങ്ങളും...
''മരിക്കുന്നതിന് മുന്‍പ് മോഹന്‍ലാലിനെ നേരിട്ട് കാണണമെന്നാഗ്രഹിച്ചയാളാണ് ഞാന്‍. പോയവര്‍ഷം കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു. മുഖം കാണാന്‍ പറ്റിയില്ല. വെള്ള പാന്റിട്ട കാല്‍ മാത്രം കണ്ടു. അങ്ങനെ നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സംവിധായകന്‍ ജിബു സാര്‍ വിളിച്ചത്. അത് സ്വപ്നമാണോ എന്നുവരെ തോന്നിപ്പോയി.
അങ്ങനെയിരിക്കെ ഞാനും സുനിച്ചേട്ടനും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ആക്‌സിഡന്റ് പറ്റി. തല, കൈമുട്ട്, കവിള്‍ എന്നിവ കീറിപ്പോയി. ഷൂട്ടിങ്ങിന് രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട്‌പോയെന്നുതന്നെ വിചാരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഷൂട്ടിങ് പത്തു ദിവസം മാത്രമേ ബാക്കിയുള്ളൂ. അപ്പോഴേക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ആക്സിഡന്റ് വിവരം പറഞ്ഞപ്പോള്‍ വന്നുകാണാന്‍ സംവിധായകന്‍ പറഞ്ഞു. കോഴിക്കോട് വന്ന് മേക്കപ്പ് ടെസ്റ്റ് നടത്തി. മുഖം നീരുവന്ന് കരുവാളിച്ചിരുന്നു. അതിനനുസരിച്ച് മേക്കപ്പ് ചെയ്ത് കളര്‍ ടോണ്‍ ചെയ്തു.
ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്. പേടിച്ച് അടുത്തു ചെന്നപ്പോള്‍ ആക്സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാന്‍ പറഞ്ഞു. കോമ്പിനേഷന്‍ ഷോട്ടിനിടയില്‍ ചോദിക്കും.''സത്യം പറ. കെട്ടിയോന്‍ തന്നെ വണ്ടിയില്‍നിന്നും തള്ളിയിട്ടതല്ലേ...'' എന്നൊക്കെ...
ഷൂട്ടിങ് കാലം പെട്ടെന്നുതീര്‍ന്നുപോയി. ആ തിരക്കിനിടയില്‍ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല. അപ്പോഴും ലാലേട്ടന്റെ കൈയില്‍ ഉമ്മകൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് സന്തോഷം. കൈയില്‍ ചുംബിക്കുന്ന സീന്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു.''ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല.'' എന്നൊക്കെ... ലാല്‍സാറിന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ്.
സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ഡാന്‍സിനോടായിരുന്നു എനിക്ക് കമ്പം. പക്ഷേ, അന്നത്തെ ജീവിതസാഹചര്യത്തില്‍ അതിനൊന്നും കഴിഞ്ഞില്ല. എന്നാലും നല്ല പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ അതിനൊപ്പം ചുവട് വെക്കും. കിഴക്കമ്പലം ബത്‌ലഹേം സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പലച്ചന്‍ എന്റെ ഡാന്‍സ് കണ്ടു. മകളെ ഡാന്‍സ് പഠിപ്പിക്കണം. നല്ല താളബോധമുണ്ട് എന്ന് ഫാദര്‍ അമ്മയെ വിളിച്ച് പറഞ്ഞു. ഞങ്ങളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ എന്റെ ഡാന്‍സ് പഠനം ഫാദര്‍ സ്പോണ്‍സര്‍ ചെയ്തു. അങ്ങനെ നാലാംക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ ഡാന്‍സ് പഠിച്ചു.