ചെന്നൈ: മീ ടൂ ക്യാമ്പയിന്‍ സിനിമയില്‍ തരംഗമാകുമ്പോള്‍ പുതിയ തുടക്കവുമായി തമിഴ്‌സിനിമ. വനിതാ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍.
ഗായിക ചിന്‍മയി അടക്കമുള്ളവര്‍ പ്രമുഖര്‍ക്കെതിരേ ആരോപണവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് വിശാലിന്റെ നീക്കം. തുടക്കമെന്നോണം മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും വിശാല്‍ വ്യക്തമാക്കി.
'നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്, ഞാന്‍ അവര്‍ക്കൊപ്പം. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ഞാന്‍ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഞങ്ങളെ അറിയിക്കുക. അമല പോളിനെ സാമാനമായ ഒരു സാഹചര്യത്തില്‍ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്'- വിശാല്‍ ട്വീറ്റ് ചെയ്തു.
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ കടുത്ത ആരോപണങ്ങളുമായി ചിന്‍മയി രംഗത്ത് വന്നിരുന്നു. സ്വിറ്റ്സര്‍ലാന്റിലുള്ള ശ്രീലങ്കന്‍ തമിഴ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു സംഗീത നിശയ്ക്കിടെ വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് ചിന്‍മയി തുറന്ന് പറഞ്ഞിരുന്നു.
ഹോട്ടല്‍ മുറിയില്‍ ചെന്ന് വൈരമുത്തുവിനെ കാണണമെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരില്‍ ഒരാള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ചിന്‍മയി വെളിപ്പെടുത്തി.