പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. നടിയുടെ അമ്മ സരോജിനി ദേവിയാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സരോജിനി ദേവി ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രത്യുഷയുടെ കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നത വ്യക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇവര്‍ ആരോപിച്ചു.
വിവാഹത്തിന് സിദ്ധാര്‍ത്ഥിന്റെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പ്രത്യുഷ കടുത്ത മാനസികവിഷമത്തില്‍ ആയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്ന് പറയുകയാണ് സരോജിനിയിപ്പോള്‍.
സിനിമ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നാണ് സരോജിനി അമ്മ പറയുന്നത്. അവസാനം കാണുമ്പോഴും അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു.
അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു- സരോജിനി പറയുന്നു.
പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ ബി മുനിസ്വാമിയാണ് പ്രത്യുഷയുടെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്ത് വന്നത്. പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ അന്വേഷണം നടത്തിയിരുന്നു. അവര്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും നടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തി. അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയുമായിരുന്നു സിദ്ധാര്‍ത്ഥിന് കിട്ടിയ ശിക്ഷ.