'ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്,' നര്‍ത്തകിയായി അമ്മയെ കണ്ട് നീരജ് മാധവ്


3 min read
Read later
Print
Share

'ഇത് കേട്ട് കൊണ്ട് സ്റ്റേജിന്റെ സൈഡ് കാര്‍ട്ടനു പിറകില്‍ കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ അണിഞ്ഞ് സുന്ദരിക്കുട്ടിയായി എന്റെ അമ്മ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...'

ടന്‍ നീരജ് മാധവിന്റെ വികാരഭരിതമായൊരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. നര്‍ത്തകിയായ അമ്മ ലത ഏറെ നാളുകള്‍ക്കു ശേഷം കഴിഞ്ഞ മഹാനവമി ദിനത്തില്‍ ഒരു പൊതുവേദിയില്‍ നൃത്തം വച്ചതും അത് നേരില്‍ കണ്ട് താന്‍ അമ്പരന്നു പോയെന്നും നീരജ് പറയുന്നു. ഒരു തവണ പോലും അടവും താളവും പിഴക്കാതെ, അഴകോടെ, ഒപ്പമുണ്ടായിരുന്ന ഹൈസ്‌കൂള്‍ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കില്‍ അമ്മ ഉത്സാഹിച്ചു ചുവടുവച്ചുവെന്ന് നീരജ് പറയുന്നു. നീരജിന്റെ ഭാര്യ ദീപ്തിയും അമ്മയുടെ നൃത്തം കണ്ട് അമ്പരന്നുവെന്നും നീരജ് പറയുന്നു. നര്‍ത്തകിയുടെ വേഷത്തില്‍ നില്‍ക്കുന്ന അമ്മയോടൊപ്പം നീരജും സഹോദരന്‍ നവനീതും ചേര്‍ന്നെടുത്ത ഒരു സെല്‍ഫിയും നീരജ് പോസ്റ്റിനൊപ്പം പങ്കുവെക്കുന്നു.

നീരജിന്റെ കുറിപ്പ്

അമ്മയുടെ ഭരതനാട്യം പെര്‍ഫോമന്‍സ് കുറെ നാളുകള്‍ക്കു ശേഷമാണ് നേരില്‍ കാണാന്‍ തരപ്പെട്ടത്! തീര്‍ത്തും മനസ്സ് നിറഞ്ഞ ഒരനുഭവമായിരുന്നു അത്. ഇടയ്‌ക്കെപ്പഴോ അമ്മ ഇത്ര നല്ലൊരു നര്‍ത്തകിയായിരുന്നു എന്ന കാര്യം മറന്നുപോയോ എന്ന് ഞാന്‍ സ്വയം ചോദിച്ചു. പറയുവാന്‍ കുറച്ചധികമുണ്ട്.

പണ്ട് സ്‌കൂള്‍ യുവജനോത്സവം മുതല്‍ക്കു തന്നെ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അമ്മ പിന്നീട് വിവാഹ ശേഷം എന്റെയും, പിറകെ അനിയന്റെയും കടന്നുവരവോടുകൂടി നൃത്തലോകത്തു നിന്ന് താത്കാലികമായി ഒന്ന് വിരമിച്ചു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയൊന്നുമായിരുന്നില്ല, അച്ഛനാണെങ്കില്‍ അമ്മ ഡാന്‍സ് ചെയ്യുന്നത് ബഹുതാല്പര്യമായിരുന്നു താനും. പക്ഷേ എന്നെയും അനിയനെയും വളര്‍ത്തിയെടുക്കല്‍ അത്ര എളുപ്പമുള്ള ഒരു പരിപാടി ആയിരുന്നില്ല. എന്തായാലും ഞങ്ങളെ ഡാന്‍സും ചെണ്ടയുമൊക്കെ പഠിപ്പിച്ചു അതിലൂടെ അവര്‍ ആനന്ദം കണ്ടെത്തിപ്പോന്നു.

പിന്നീട് സ്‌കൂളില്‍ ടീച്ചര്‍ ആയി പ്രവേശിച്ചതിന് ശേഷം, കെമിസ്ട്രി ആയിരുന്നു അമ്മയുടെ സബ്ജക്ട്, ഒരു നേരമ്പോക്കെന്ന വണ്ണം എന്നോടൊപ്പം വീണ്ടും നൃത്തം പഠിക്കാന്‍ ചേര്‍ന്നു. കലാമണ്ഡലം സരസ്വതി ടീച്ചറുടെയും അവരുടെ മകള്‍ അശ്വതി ടീച്ചറുടെയും അടുത്ത് ഞങ്ങള്‍ ഭരതനാട്യം അഭ്യസിച്ചു. എന്റെ അരങ്ങേറ്റത്തിന് ഗുരുവായൂരില്‍ വെച്ചു അമ്മയും ഒരു പദം അവതരിപ്പിച്ചു. സ്‌കൂള്‍ കഴിഞ്ഞു കോളേജിലെത്തിയപ്പോള്‍ എന്റെ താല്പര്യം ഹിപ്‌ഹോപിലേക്കും മറ്റു western ശൈലികളിലേക്കും തിരിഞ്ഞു, അമ്മ വീണ്ടും ഒറ്റയ്ക്കായി. എങ്കിലും ഒറ്റയ്ക്കുള്ള പോരാട്ടം നിര്‍ത്തിയില്ല കേട്ടോ. സമയം കിട്ടുമ്പോഴൊക്കെ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ഏതാനും ചില വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത് പോന്നു.

ഞാന്‍ സിനിമയില്‍ എത്തി സ്വല്പം തിരക്കിലായ ശേഷം വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. അമ്മ ടീച്ചറായിരുന്ന സ്‌കൂളിലും മറ്റും എന്തെങ്കിലും പരിപാടിക്ക് പെര്‍ഫോം ചെയ്യുന്ന ഫോട്ടോയൊക്കെ ഇടയ്ക് വാട്‌സാപ്പില്‍ അയച്ചുതരും, ഞാന്‍ കൊള്ളാമെന്നും പറയും. ഈയിടെ വീട്ടില്‍ ചെന്നപ്പോള്‍ സ്‌കൂള്‍ വിട്ടു വന്നു ചായ കുടിച്ചയുടനെ ഡാന്‍സ് ക്ലാസ്സിലേക്ക് ധൃതിപ്പെട്ട് ഓടുകയായിരുന്നു അമ്മ. ചോദിച്ചപ്പോള്‍ ദീപ്തി എന്നൊരു പുതിയ ടീച്ചറുടെ അടുക്കല്‍ ഇപ്പോള്‍ നൃത്തം പഠിക്കുന്നുണ്ടെന്നും അടുത്ത മാസം അവരുടെ വാര്‍ഷികത്തിന് പെര്‍ഫോം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ രാപകല്‍ പ്രാക്റ്റീസ് ആണെന്ന് ചിരിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു. പിന്നീട് ബോംബെയിലായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ചു പരിപാടി കാണാന്‍ നീയെന്തായാലും വരണമെന്ന് അമ്മ പറഞ്ഞു. ഞാനും ഓര്‍ത്തു എത്ര കാലമായി അമ്മ സ്റ്റേജില്‍ പെര്‍ഫോം ചെയ്തു കണ്ടിട്ട്, എന്തായാലും പോവാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ഇന്നലെ കുടുംബ സമേതം പരിപാടി കാണാന്‍ ചെന്നു. ബാക്ക്‌സ്റ്റേജില്‍ കുട്ടികളെ പോലെ ആവേശത്തുടിപ്പില്‍ നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ വല്ലാത്ത കൗതുകം തോന്നി. പിന്നീട് വേദിയില്‍ വന്ന് ചുവട് വെച്ചപ്പോള്‍ ഞാന്‍ തികച്ചും അമ്പരന്നു. ഒപ്പമുണ്ടായിരുന്ന ഹൈസ്‌കൂള്‍ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കില്‍ അമ്മ ഉത്സാഹിച്ചു ചുവടുവച്ചു. ഒരു തവണ പോലും അടവും താളവും പിഴക്കാതെ, അഴകോടെ...കണ്ടുകൊണ്ടിരിക്കെ എന്റെ ഭാര്യ ദീപ്തി ചെവിയില്‍ പറഞ്ഞു, 'ഒരു രക്ഷയുമില്ല, she's too good!' ശേഷം വേദിയില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ തൊണ്ടയിടറി, വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ പാടു പെട്ടു, ഒടുവില്‍ ഞാനിങ്ങനെ പറഞ്ഞു നിര്‍ത്തി... ' ഞാനധികമൊന്നും പറയുന്നില്ല, കാരണം ഞാന്‍ ഇവിടെ അപ്രസക്തനാണ്, ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്!' ഇത് കേട്ട് കൊണ്ട് സ്റ്റേജിന്റെ സൈഡ് കാര്‍ട്ടനു പിറകില്‍ കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ അണിഞ്ഞ് സുന്ദരിക്കുട്ടിയായി എന്റെ അമ്മ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...

Content Highlights : actor Neeraj Madhav facebook post about mother Latha dance

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബലാത്സംഗ പരാമര്‍ശം നടത്തിയ ജിം സാര്‍ഭിന് കങ്കണയുടെ പ്രോത്സാഹനം- വീഡിയോ വൈറല്‍

May 18, 2018


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

1 min

സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

Oct 9, 2015