വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്ക്കര്‍ മടങ്ങുമ്പോള്‍ വേദനയോടെ വിടനല്‍കുകയാണ് കലാലോകം. ബാലഭാസ്ക്കറുമായുള്ള ഓര്‍മകള്‍ പങ്കിടുകയാണ് നടനും,ഗായകനും,ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ കൃഷ്ണ ചന്ദ്രന്
''ബാലഭാസ്ക്കര്‍ ആക്സിഡന്റ് ആവുന്നതിന് രണ്ടു ദിവസം മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു. ഞാന്‍ അഭിനയിച്ച ഒരു സിനിമയുടെ ഡബ്ബിങ്ങിന് പോയപ്പോഴാണ് കണ്ടത്. ആ സിനിമയുടെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നത് ബാലുവായിരുന്നു. അതില്‍ ചെറിയൊരു വേഷവും ബാലു ചെയ്തിട്ടുണ്ട്. ആ വേഷത്തിന്റെ ഡബിങ്ങിനായിട്ടാണ് ബാലഭാസ്ക്കര്‍ അന്ന് സ്റ്റുഡിയോയില്‍ എത്തിയത്. അന്ന് രാത്രി 11 മണിവരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു.അന്ന് ഒരു 22ാം തിയതിയായിരുന്നു. 25ന് അദേഹം അപകടം സംഭവിക്കുകയും ചെയ്തു.
ബാലു കുറേ നേരം ഡബ്ബ് ചെയ്ത് വീട്ടിലേക്ക് തിരിച്ച് പോയി. രാത്രി ഒരു പത്ത് മണിയായപ്പോള്‍ വീണ്ടും സ്റ്റുഡിയോയിലേക്ക് തിരിച്ച് വന്നു. അപ്പോള്‍ ഞാന്‍ ഡബ്ബ് ചെയ്യത് കൊണ്ടിരിക്കുകയായിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു 'ചേട്ടാ ഞാന്‍ വേറെ ഒരു സജ്ജഷന് കൊണ്ടു വന്നിട്ടുണ്ട്. നമുക്ക് ഈ സിനിമയില്‍ ഒരു ടൈറ്റില്‍ സോങ്ങ് ചെയ്യാം അത് കൃഷ്ണചന്ദ്രേട്ടന് തന്നെ പാടു.'
എന്നിട്ട് നമുക്ക് പാട്ട് വേറെ ഷൂട്ട് ചെയ്ത് ഒരു ആല്‍ബം പോലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാമെന്ന് ബാലു പറഞ്ഞു. ഞങ്ങള്‍ പാട്ടിന്റെ ശ്രുതി ഒക്കെ ശരിയാക്കിയിട്ടാണ് അവിടെ നിന്ന് പോയത്. അന്ന് ഞങ്ങള്‍ ഫോട്ടോയൊക്കെ എടുത്ത് വളരെ സന്തോഷത്തോടുകൂടിയാണ് പിരിഞ്ഞത്.
അടുത്ത കാലത്ത് ഒരു സംഗീത സംവിധായകനും എനിക്ക് ഇങ്ങോട്ട് ഒരു പാട്ട് സജ്ജസ്റ്റ് ചെയ്തിട്ടില്ല. എത്രയോ വര്‍ഷങ്ങളായി അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അത് തന്ന ഒരാളാണ് ബാലു. അദ്ദേഹം ഇപ്പോള്‍ വിട്ടു പോവുകയും ചെയ്തു.''
ContentHighlights: actor krishna chandran about balabaskar, musician balabaskar death