കൊച്ചി: ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ പൂമരത്തില്‍ അഭിനയിക്കുന്നതില്‍ 99 ശതമാനവും പുതുമുഖങ്ങള്‍. നായകവേഷത്തില്‍ മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന കാളിദാസ് ജയറാം പോലുള്ള ഏതാനും ചിലര്‍ മാത്രമാണ് സിനിമയിലെ പരിചിതമുഖങ്ങളെന്ന് ഏബ്രിഡ് ഷൈന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒരു കോളജ് വിദ്യാര്‍ഥിയുടെ റോളിലാണ് കാളിദാസ് അഭിനയിക്കുന്നത്.
കാമ്പസിലെ പ്രണയം, സൗഹൃദം എന്നിവ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 12ന് എറണാകുളം മഹാരാജാസ് കോളജില്‍ ആരംഭിക്കും. കേരളത്തിലെ വിവിധ ക്യാംപസുകളിലെ വിദ്യാര്‍ത്ഥികളുമായി ചിത്രത്തിന്റെ ഷൂട്ടിംഗിനായി സഹകരിപ്പിക്കുന്നുണ്ട്. കാമ്പസുകളിലെ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് എബ്രിഡ് പറയുന്നു. പുതുമുഖങ്ങളായ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് സംഗീതവും മറ്റും നിര്‍വഹിക്കുന്നത്. എല്ലാവരുടെയും പേരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍െ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് പുറത്തുവിടുമെന്നും ഏബ്രിഡ് പറഞ്ഞു.
'ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച് ആ തിയ്യതിയിലേക്ക് ഓടിക്കിതച്ചെത്താന്‍ താല്പര്യമില്ല. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് നടത്തണമെന്നാണ് ആഗ്രഹം. സമയമെടുത്ത് ഷൂട്ട് ചെയ്ത് തീര്‍ക്കാനാണ് ഉദ്ദേശ്യം. എറണാകുളം മഹാരാജാസ് കോളജിന്റെ ഗ്രൗണ്ടാണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്. കേരളത്തിലെ മറ്റ് ചില കാമ്പസുകളിലും ഷൂട്ടിംഗിനായി പോകുന്നുണ്ട്. കാമ്പസിന് പുറത്തും ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്' - എബ്രിഡ് ഷൈന്‍ പറഞ്ഞു.
ഏബ്രിഡ് ഷൈന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും നായകനായത് നിവിന്‍ പോളിയായിരുന്നു. സിനിമകള്‍ തിയേറ്ററുകളില്‍ വിജയം നേടിയിരുന്നെങ്കിലും കഥാപാത്രത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് എബ്രിഡ് കാളിദാസിനെ കാസ്റ്റ് ചെയ്തത്. ഒരു പക്കാ കഥൈ, മീന്‍കുഴമ്പും മണ്‍പാനെയും എന്നീ രണ്ട് തമിഴ് ചിത്രങ്ങള്‍ക്ക് ശേഷമാണ് കാളിദാസ് മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്.