കാത്തിരിപ്പിനൊടുവില്‍ ആ ചിത്രത്തിന്റെ പേര് ഉറപ്പിച്ചു. സാരെ ജഹാന്‍ സെ അച്ചാ.. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കിങ് ഖാന്‍ ഷാരൂഖാണ് രാകേഷ് ശര്‍മയാകുന്നത്. ആനന്ദ് എല്‍ റായിയുടെ സീറോയ്ക്കുശേഷം ഷാരൂഖ് സാരേ ജഹാന്‍ സെ അച്ചായുടെ ചിത്രീകരണം ആരംഭിക്കും.
സെല്യൂട്ട് എന്നായിരുന്നു അടുത്ത വര്‍ഷമാദ്യം ചിത്രീകരണം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ചിത്രത്തിന് പേരിട്ടത്. പിന്നീട് സാരെ ജഹാന്‍ സെ അച്ചാ എന്നാക്കുകയായിരുന്നു. 1984ല്‍ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഉടനെ എങ്ങനെയുണ്ടായിരുന്നു ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ കാഴ്ച എന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് രാകേഷ് ശര്‍മ നല്‍കിയ ഉത്തരമായിരുന്നു സാരേ ജഹാന്‍ സെ അച്ചാ എന്ന ഇഖ്ബാലിന്റെ വരികള്‍. ഇതിനെ പിന്‍പറ്റിയാണ് ചിത്രത്തിന് ആ പേരിട്ടത്.
ആദ്യം ആമിറിനെയായിരുന്നു രാകേഷ് ശര്‍മയാവാന്‍ അണിയറ പ്രവര്‍ത്തകര്‍ നിശ്ചയിച്ചത്. പിന്നീടാണ് ആ വേഷം ഷാരൂഖിന് ലഭിക്കുന്നത്. എന്നാല്‍, ഈ റോള്‍മാറ്റത്തിന് പിന്നില്‍ ഏറെയൊന്നും അറിയപ്പെടാത്തൊരു കഥയുണ്ട്. വാസ്തവത്തില്‍ ആമിര്‍ തന്നെയാണ് രാകേഷ് ശര്‍മയുടെ വേഷം ചെയ്യാന്‍ ബോക്‌സ് ഓഫീസില്‍ തന്റെ എതിരാളിയായ ഷാരൂഖിന്റെ പേര് നിര്‍ദേശിച്ചത്.
മഹേഷ് മത്തായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയ് കപൂര്‍ ഫിലിംസിന്റെ ബാനറില്‍ സിദ്ധാര്‍ഥ് റോയ് കപൂറും റോണി സക്രൂവാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗുലാം, ദി ലെജന്‍ഡ്‌സ് ഓഫ് ഭഗത് സിങ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച അന്‍ജും രാജാബാലിയാണ് തിരക്കഥ ഒരുക്കുന്നത്.
പ്രിയങ്ക ചോപ്രയാണ് നായികയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും പകരം ഭൂമി പഡ്‌നേക്കര്‍ നായികയാവുകയും ചെയ്തതായാണ് ഇപ്പോൾ അറിയുന്നത്.
Content Highlights: Aamir Khan Shahruk Khan Rakesh Sharma Biopic Bollywood
Share this Article
Related Topics