ദുരുദ്ദേശത്തോടെ വാതിലില്‍ കൊട്ടിയത് വേട്ടക്കാരന്റെ മനോഭാവം; അലന്‍സിയറിനെതിരേ സംവിധായകനും


3 min read
Read later
Print
Share

വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലില്‍ കൊട്ടുന്നത്, തുറക്കാതെ വരുമ്പോള്‍ നിര്‍ത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് പ്രിഡേറ്റര്‍ മനോഭാവമല്ലാതെ പിന്നെന്താണ്?

അലന്‍സിയറിനെതിരേ നടി ദിവ്യ ഗോപിനാഥ് ആരോപിച്ചതെല്ലാം അക്ഷരം പ്രതി ശരി വെച്ചു കൊണ്ട് 'ആഭാസം' സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. സംവിധായകന്‍ ഫെയ്‌സ്ബുക്കിലിട്ട പത്രക്കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ തികഞ്ഞ 'ആഭാസ'നായി തന്നെയാണ് പെരുമാറിയതെന്നും തെളിയിക്കുന്നതാണ് കുറിപ്പ്‌. സെറ്റ് ഏറെ രസകരമായത് ടീമിന്റെ മുഴുവന്‍ പരിശ്രമം കൊണ്ടാണെന്നും അലന്‍സിയര്‍ ആ ചുറ്റുപാട് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ മേയ്ക്കാനായി മാത്രം ഒരു സഹ സംവിധായകനെ വെക്കേണ്ടി വന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങൾ

ദിവ്യ ഗോപിനാഥ് എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവര്‍ത്തിച്ചു കൊള്ളട്ടെ. അവള്‍ക്കൊപ്പം തന്നെയാണ് ആഭാസത്തില്‍ വര്‍ക്ക് ചെയ്ത ഏതൊരാളും.

ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളില്‍ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയില്‍ തെറ്റു പറ്റി പോയെന്നും, വാതിലില്‍ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നുമുള്ള അലന്‍സിയറുടെ വാദങ്ങള്‍ വായിച്ചു.

സെറ്റ് രസകരമായത്, വാര്‍പ്പുമാതൃകകള്‍ക്ക് പിറകെ പോകാതെ നില്‍ക്കുന്ന ഒരു വലിയ ടീം ഉണ്ടായിരുന്നത് കൊണ്ടാണ്. പ്രൊഡ്യൂസറുടെയും, പ്രൊഡക്ഷന്‍ ടീമിന്റെയും, ഡയറക്ഷന്‍ ടീമിലെ ഓരോരുത്തരുടെയും, ക്യാമറ ടീമിന്റെയും, നടീ നടന്മാരുടേയും, മറ്റെല്ലാവരുടെയും നിതാന്ത പരിശ്രമം കൊണ്ടു കൂടിയാണ്. അലന്‍സിയര്‍ ചെയ്തത് ഇങ്ങനെ ഒരു ചുറ്റുപാടിന്റെ വ്യക്തമായ മുതലെടുപ്പാണ്.

കോസ്റ്റ്യൂം ഡിസൈനര്‍ക്കും, അസിസ്റ്റന്റ് ഡയറക്ടറുമാര്‍ക്കും, അന്യോന്യം സുഹൃത്തുക്കള്‍ക്കും, നടിമാരുടെയോ, മറ്റു സ്ത്രീ ടെക്‌നീഷ്യന്‍മാരുടെയോ മുറികളില്‍ പോകാന്‍ വേറെ പ്രോട്ടോകോള്‍ ഒന്നും ആലോചിക്കേണ്ടതില്ല. പ്രസ്തുത സ്ത്രീയുടെ അനുവാദം മതിയാകും. പക്ഷെ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലില്‍ കൊട്ടുന്നത്, തുറക്കാതെ വരുമ്പോള്‍ നിര്‍ത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് പ്രിഡേറ്റര്‍ മനോഭാവമല്ലാതെ പിന്നെന്താണ്? അടക്കാന്‍ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാന്‌കെറ്റിനടിയില്‍ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണ്?

മദ്യം ഇവിടെ വില്ലനല്ല. വില്ലന്‍, മദ്യപാനിയുടെ ഉദ്ദേശങ്ങളാണ്. മദ്യപിച്ചു എന്നത് ഭാവിയില്‍ മാപ്പ് പറയാന്‍ ഒരു കാരണം മാത്രം. സമീപ ഭാവിയില്‍ തന്നെ ഇതെത്ര പേരില്‍ നമ്മള്‍ കണ്ടിരിക്കുന്നു.

സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നത്. ഇന്ന് അലന്‍സിയര്‍, നാളെ ആ സൂപ്പര്‍ താരങ്ങളാകട്ടെ.

ഇന്നലത്തെ ന്യൂസ് 18 ചര്‍ച്ചയില്‍ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചോദിച്ചു, നിങ്ങള്‍ ഇത് അറിഞ്ഞപ്പോള്‍ എന്ത് ചെയ്തുവെന്ന്. അറിഞ്ഞപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തു എന്നാണ് ഉത്തരം. വളരെ സഭ്യതയോടെ താക്കീത് ചെയ്തു. അയാളെ മേയ്ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു. അയാള്‍ എവിടെ പോകുന്നു, ഏതു മുറിയില്‍, അവിടെ ആരൊക്കെയുണ്ട് തുടങ്ങിയ ഇന്‍സ്‌പെക്ഷന് മാത്രമായി ഒരാള്‍. അയാളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികളെ ഒരു പരിധി വരെ നയപരമായി തടയാന്‍ ഇത് സഹായിച്ചിരുന്നു. 3 കോടിക്ക് മീതെ മുടക്ക് മുതലുണ്ടായ ഒരു സിനിമയാണ് ആഭാസം. അത് സമയത്തു തീര്‍ക്കുക എന്നുള്ളതിനായിരുന്നു മുന്‍തൂക്കം. ആദ്യ സംവിധാന സംരംഭം ആയത് കൊണ്ട്, അതിന്റെ പരിചയകുറവും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കാം.

ഇപ്പോള്‍ എല്ലാവരും എല്ലാം അറിഞ്ഞു. എന്നിട്ടു നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ഞാന്‍ തിരിച്ചു ചോദിക്കട്ടെ?

അലന്‍സിയറെ താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടര്‍ന്ന് ഷോട്ടുകള്‍ക്കിടയിലെ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സ്വഭാവങ്ങള്‍. Schedule ഗ്യാപ് കഴിഞ്ഞു വരുമ്പോള്‍ മുടി പറ്റയടിച്ചു വന്ന്, കണ്ടിന്വിറ്റിയെ കാറ്റില്‍ പറത്തുക. ചോദിക്കുമ്പോള്‍ 'നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ' എന്നു തിരിച്ചു ചോദിക്കുക. കോമ്പിനേഷന്‍ സീനുകളില്‍ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാന്‍ ചെല്ലുമ്പോള്‍ 'ആഭാസമല്ലേ, അപ്പോള്‍ ഇങ്ങനെ ഒക്കെ ആകാം' എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകള്‍, ഞങ്ങള്‍ വേണ്ട രീതിയില്‍ ഒന്ന് തീര്‍ത്തെടുത്തത്.

അലന്‍സിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ. ദിവ്യയുടെ തുറന്ന് പറച്ചിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം, മറ്റുള്ളവര്‍ അവരവരുടെ സമയമെടുത്ത് പുറത്ത് വരും എന്ന് പ്രത്യാശിക്കട്ടെ.

മീ ടൂ കരുത്താര്‍ജിക്കട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017


mathrubhumi

2 min

'മഞ്ജുവിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'

Feb 8, 2018