കാത്തിരുന്നു കാത്തിരുന്നു, 'വൈറസ്' ഇങ്ങെത്താറായി. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഒന്നാകെ പിടിച്ചുലച്ച നിപ്പ വൈറസ് ബാധയെയും അതോടനുബന്ധിച്ച സംഭവങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ചിത്രം. പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, രേവതി, പൂര്‍ണിമ ഇന്ദ്രജിത്ത്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിരക്കുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ മാത്രമല്ല, കേരളീയ ജനത ഒന്നടങ്കമാണ് കാത്തിരിക്കുന്നത്.
റിലീസിനു മുമ്പെ സ്‌നേഹം പടര്‍ത്തൂവെന്ന സന്ദേശവുമായി ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മഡോണയും ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന പുതുമ നിറഞ്ഞ ഈ ഗാനം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്. സ്‌പ്രെഡ് ലവ് എന്ന പേരില്‍ വെര്‍ട്ടിക്കല്‍ മ്യൂസിക് വീഡിയോ ഫോര്‍മാറ്റിലിറങ്ങുന്ന ഈ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഷെല്‍ട്ടണ്‍ പിനെയ്‌റോയും ചേര്‍ന്നാണ്.
മുഹ്സിന്‍ പെരാരിയുടെതാണ് വൈറസിന്റെ തിരക്കഥ. സംഗീതം സുഷിന്‍ ശ്യാം. രാജീവ് രവിയുടേതാണ് ഛായാഗ്രഹണം.