ദക്ഷിണേന്ത്യന്‍ സംഗീതലോകത്ത് ആറു പതിറ്റാണ്ടായി സ്വരമാധുരി പൊഴിക്കുന്ന ഗായികയാണ് സുശീലാമ്മ എന്നു മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന പി സുശീല. പ്രിയപ്പെട്ട സുശീലാമ്മയുടെ 84-ാം പിറന്നാള്‍ ദിനത്തില്‍ ഇരുപത്തിയൊന്ന് ഗായകര്‍ ചേര്‍ന്ന് ഒരുക്കിയ സ്‌നേഹോപഹാരമാണ് ശ്രദ്ധേയമാകുന്നത്.
ഗായിക ശ്വേത മോഹനും സംഘവുമാണ് സുശീലാമ്മയുടെ നാല് തമിഴ് പാട്ടുകള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുള്ള അക്കപ്പെല്ല രൂപത്തില്‍ ഗാനോപഹാരം ഒരുക്കിയിരിക്കുന്നത്. സുശീലാമ്മ പിന്നണി ഗാനരംഗത്ത് 65 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആദരം കൂടിയാണ് ഇത്.
ശ്വേത, സുജാത മോഹന്‍, ഉണ്ണികൃഷ്ണന്‍, അനുരാധ ശ്രീരാം, വിജയ് യേശുദാസ്, ബെന്നി ദയാല്‍, ഹരിചരണ്‍, നരേഷ് അയ്യര്‍, ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം പുതിയ ഗായകരും ഇതില്‍ ഭാഗമായിട്ടുണ്ട്.
'ഞാന്‍ കുട്ടിക്കാലം മുതല്‍ സുശീലാമ്മയുടെ ആരാധികയാണ്. എന്റെ അമ്മ എപ്പോഴും വീട്ടില്‍ സുശീലാമ്മയുടെ പാട്ടുകള്‍ വയ്ക്കുമായിരുന്നു. ആ അതുല്യമായ ശബ്ദം പതിവായി കേട്ട് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. സുശീലാമ്മ എന്ന ഇതിഹാസ ഗായികയ്ക്ക് ഒരു ആദരവ് നല്‍കാന്‍ ഇതിലും നല്ല സമയം വേറെയില്ല.
കാരണം ഇപ്പോള്‍ സംഗീതജീവിതത്തിന്റെ 65-ാം വര്‍ഷത്തിലാണ് സുശീലാമ്മ. ഞങ്ങളെപ്പോലുള്ള യുവഗായകര്‍ക്ക് അങ്ങനെയൊരു നേട്ടത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. സുശീലാമ്മയോടുള്ള ആദരസൂചകമായി ഇപ്പോള്‍ പുറത്തിറക്കിയ ഈ ഗാനത്തില്‍ ഭാഗമായ എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.' ഫെയ്‌സ്ബുക്കില്‍ ഈ ഗാനം പങ്കു വച്ചു കൊണ്ട് ശ്വേത കുറിച്ചു.
Content Highlights : Tribute to Legendary Singer P Susheela By 21 Singers