ജാനകി പറഞ്ഞു: ആലാപനത്തില്‍ അത് പോലൊരു അഗ്‌നിപരീക്ഷ വേറെ അനുഭവിച്ചിട്ടില്ല


രവി മേനോന്‍

4 min read
Read later
Print
Share

ആദ്യം തോറ്റു; പിന്നെയും തോറ്റു... തിരിച്ചടികള്‍ ജാനകിയെ വാനമ്പാടിയാക്കി വളര്‍ത്തി

''ബഹുമതികള്‍ ആരെയാണ് ആഹ്ളാദിപ്പിക്കാത്തത്?; എങ്കിലും അവ ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പ്രതീക്ഷിച്ച സമ്മാനങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ ദുഃഖം കുട്ടിക്കാലത്തേ ആവോളം അനുഭവിച്ചതുകൊണ്ടാവാം.' എസ് ജാനകി പറയുന്നു. ആദ്യമായി ഒരു പാട്ടുമത്സരത്തില്‍ പങ്കെടുത്തത് പതിനേഴാം വയസ്സിലാണ്. ആകാശവാണി നടത്തിയ ആ അഖിലേന്ത്യാ ലളിത ശാസ്ത്രീയ സംഗീത മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തി ജാനകി. ഫൈനലില്‍ ഒരു അര്‍ധ ശാസ്ത്രീയ ഗാനം അതിഗംഭീരമായി പാടുകയും ചെയ്തു. നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെയാണ് സദസ്സ് ആ പ്രകടനത്തെ എതിരേറ്റത്. മുഖ്യ എതിരാളിയായ മത്സരാര്‍ഥി പാടിയതാകട്ടെ ഒന്നാന്തരമൊരു കര്‍ണാടക സംഗീത കൃതി. ''ശുദ്ധ ശാസ്ത്രീയ കൃതികള്‍ പാടരുത് എന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. അത് കൊണ്ട് തന്നെ ആ കുട്ടിയെ അയോഗ്യ ആയി പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതി. പക്ഷെ മത്സരഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ആ കുട്ടിക്ക്. എനിക്ക് രണ്ടാം സ്ഥാനം മാത്രം.'' ഉള്ളില്‍ അടക്കി വെച്ച തേങ്ങലോടെ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദിന്റെ കൈകളില്‍ നിന്ന് വെള്ളിമെഡല്‍ സ്വീകരിച്ചതിന്റെ മങ്ങിയ ഓര്‍മ ഇന്നുമുണ്ട് ജാനകിയുടെ മനസ്സില്‍... അന്ന് ക്ലാസിക്കല്‍ പാടി ജാനകിയെ പിന്തള്ളിയ കൊച്ചു ഗായിക പില്‍ക്കാലത്ത് അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞ ആയി. ആര്‍ വേദവല്ലി.

1957 ല്‍ നടന്ന മെട്രോ മര്‍ഫി സംഗീത മത്സരം മറ്റൊരു ''നഷ്ട''സ്മരണ. പാടിപ്പതിഞ്ഞ ചലച്ചിത്ര ഗാനങ്ങളാണ് ആ മത്സരത്തില്‍ പങ്കെടുത്തവര്‍ പാടിയത്. ഇന്നത്തെ റിയാലിറ്റി ഷോകളുടെ ഒരു പഴയ പതിപ്പ്. പതിവ് പോലെ ആ മത്സരത്തിലും ജാനകി കലാശ റൗണ്ടില്‍ ഇടം നേടി. പുരുഷ വനിതാ വിഭാഗങ്ങളിലെ അന്തിമ വിജയികളെ കണ്ടെത്താന്‍ വിധികര്‍ത്താക്കളായി എത്തിയത് സിനിമയിലെ വിഖ്യാതരായ അഞ്ചു സംഗീതസംവിധായകര്‍ നൗഷാദ്, മദന്‍മോഹന്‍ , അനില്‍ ബിശ്വാസ് സി രാമചന്ദ്ര, വസന്ത് ദേശായി. ഒന്നാം സ്ഥാനക്കാര്‍ക്ക് ഈ സംഗീത സംവിധായകര്‍ അവരവരുടെ അടുത്ത പടങ്ങളില്‍ പാടാന്‍ അവസരം നല്‍കും എന്നൊരു സുവര്‍ണ വാഗ്ദാനം കൂടി ഉണ്ടായിരുന്നു. ''അവസാന റൗണ്ടില്‍ ചോരി ചോരിയിലെ രസിക് ബല്‍മാ എന്ന പാട്ടാണ് ഞാന്‍ പാടിയത്. ഏതു പാട്ടും ഒരു വട്ടം കേട്ടാല്‍ ഒപ്പിയെടുത്തു അതേപടി പാടാനുള്ള കഴിവ് ഈശ്വരന്‍ അന്നേ എനിക്ക് തന്നിട്ടുണ്ട്. നിറഞ്ഞ സദസ്സിനു മുന്നില്‍ കഴിയുന്നത്ര ഭംഗിയായിത്തന്നെ ഞാന്‍ പാടി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയും ചെയ്തു. വേദിയുടെ പിറകില്‍ എത്തി ഒന്നാം സ്ഥാനം നിനക്ക് തന്നെ എന്ന് ആശംസിച്ചവര്‍ ഏറെ. പക്ഷെ മത്സരഫലം വന്നപ്പോള്‍ എന്റെ പേരില്ല. പരിപാടിക്ക് എത്തിയ പല പ്രമുഖരും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ജൂറിയുടേത് അന്തിമവിധി ആയിരുന്നു. സമ്മാനം നിഷേധിക്കപ്പെട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണം പിന്നീടാണ് അറിഞ്ഞത്. ശങ്കര്‍ ജയകിഷന്‍ സംഗീതം നല്‍കിയ ഗാനം ഫൈനലില്‍ പാടിയത് ജൂറി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലത്രേ.'' നിറകണ്ണുകളോടെ വേദിയുടെ പിന്നില്‍ തല താഴ്ത്തി ഇരുന്നു ജാനകി. സംഗീതലോകത്തെ ഈഗോ ''യുദ്ധ''ങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കിയ ആദ്യത്തെ അനുഭവം. ഇവിടെ ഒരു ഉപകഥ കൂടി. അതേ മെട്രോ മര്‍ഫി മത്സരത്തിന്റെ വനിതാ വിഭാഗത്തില്‍ ജാനകിയെ പിന്നിലാക്കി ഒന്നാമതെത്തിയ ആര്‍തി മുഖര്‍ജി തൊട്ടടുത്ത വര്‍ഷം തന്നെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമയില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്താനായില്ല അവര്‍ക്ക്. ആര്‍തിയെ ഇന്ന് നാം ഓര്‍ക്കുന്നത് മാസൂം എന്ന ചിത്രത്തിന് വേണ്ടി പാടിയ ദോ നയ്‌നാ ഏക് കഹാനി എന്ന ഒരൊറ്റ പാട്ടിന്റെ പേരിലായിരിക്കും. അതേ മത്സരത്തിലെ പുരുഷ വിഭാഗം ജേതാവ് പിന്നീട് ഹിന്ദി സിനിമയിലെ തിരക്കേറിയ ഗായകനായി മാറി എന്ന് കൂടി അറിയുക മഹേന്ദ്ര കപൂര്‍.

തിരിച്ചടികള്‍ അവസാനിച്ചിരുന്നില്ല. സിനിമയിലേക്കുള്ള ജാനകിയുടെ രംഗപ്രവേശത്തിനും ഉണ്ടായിരുന്നു നിര്‍ഭാഗ്യത്തിന്റെ അകമ്പടി. ഭര്‍തൃ പിതാവാണ് ശബ്ദ പരിശോധനയില്‍ പങ്കെടുക്കാന്‍ അനുവാദം തേടിക്കൊണ്ട് മരുമകള്‍ക്ക് വേണ്ടി എ വി എം സ്റ്റുഡിയോയിലേക്ക് അപേക്ഷ അയച്ചത്. ഓഡിഷന്‍ ടെസ്റ്റ് എളുപ്പം ജയിച്ചു കയറിയെങ്കിലും ആദ്യം പാടിയത് എ വി എം പടത്തിനു വേണ്ടിയല്ല. ടി ചലപതി റാവു സംഗീത സംവിധാനം നിര്‍വഹിച്ച വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തില്‍. രണ്ടു ദുഃഖ ഗാനങ്ങള്‍ ആണ് പാടേണ്ടത്.. കാലത്ത് 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സ്റ്റുഡിയോ ബുക്ക് ചെയ്തിരുന്നു. അത്രയും സമയത്തിനുള്ളില്‍ പുതിയ പാട്ടുകാരി പാട്ട് പഠിച്ചു റെക്കോര്‍ഡ് ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തമിഴ് ഭാഷയുമായി ഒരു ബന്ധവുമില്ല അക്കാലത്ത് ജാനകിക്ക്. പാട്ടുകള്‍ എഴുതിയെടുത്തത് മാതൃഭാഷയായ തെലുങ്കിലാണ്. ഗാനത്തിന്റെ വരികളുടെ അര്‍ഥം ചോദിച്ചറിഞ്ഞ ശേഷം പാടാനായി ജാനകി മൈക്കിനു മുന്നില്‍ എത്തുന്നു. ആദ്യ ടേക്ക് തന്നെ ഓക്കേ. റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ സൗണ്ട് എന്ജിനീയറും ഓര്‍ക്കസ്ട്ട്രക്കാരും എല്ലാം വന്നു അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു പുതിയ ഗായികയെ. ഈ ഗായികയ്ക്ക് വേണ്ടിയാവും ഇനി തെന്നിന്ത്യന്‍ സിനിമാ ലോകം കാതോര്‍ക്കുക എന്ന് വരെ പ്രവചിച്ചവര്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. പക്ഷെ, വിധിയില്‍ വിളയാട്ട് വെളിച്ചം കണ്ടതേയില്ല ; ജാനകി പാടിയ പാട്ടുകളും. ജാനകിയുടെ ശബ്ദം സംഗീതാസ്വാദകര്‍ ആദ്യം കേട്ടത് എം എല്‍ എ എന്ന തെലുങ്ക് ചിത്രത്തിലാണ്. പെണ്ട്യാല നാഗേശ്വര റാവു ഈണമിട്ട ''നീയാസാ അടിയാസാ ചെജരേ മനിപുസാ..''എന്ന യുഗ്മഗാനം. ഒപ്പം പാടിയത് അന്നത്തെ ഗായക ചക്രവര്‍ത്തിയായിരുന്ന ഘണ്ടശാല വെങ്കടേശ്വര റാവു. ''ഇത്രയും മാധുര്യമുള്ള ശബ്ദമോ?'' റെക്കോര്‍ഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു. അടുത്ത നാല് പതിറ്റാണ്ടുകള്‍ക്കിടെ എസ് ജാനകി ഏറ്റവും അധികം കേട്ട് തഴമ്പിച്ച ചോദ്യവും അതായിരിക്കണം.

''ഓരോ ഗാനത്തിനും ഒരു നിയോഗമുണ്ട്. രചയിതാവോ സംഗീത ശില്‍പിയോ പാടിയ നമ്മളോ വിചാരിച്ചാല്‍ തിരുത്തിക്കുറിക്കാനാവാത്ത ഒന്ന്. സെന്ദൂരപ്പൂവേ എന്ന ഗാനം ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിത്തരുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല ഞാന്‍. ഗംഗൈ അമരന്‍ എഴുതി ഇളയരാജ ഈണം പകര്‍ന്ന ആ പാട്ട് മോശമായത് കൊണ്ടല്ല; അതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു പാട്ട് അതെ വര്‍ഷം തന്നെ പാടി റെക്കോര്‍ഡ് ചെയ്തിരുന്നത് കൊണ്ടാണ്. ഹേമവതി എന്ന കന്നഡ ചിത്രത്തിലെ ശിവ ശിവ എന്നദാ നാളിലഗേ ആയിരുന്നു ആ പാട്ട്. തോടി രാഗവും ആഭോഗിയും ഇടകലര്‍ത്തി എല്‍ വൈദ്യനാഥന്‍ ചിട്ടപ്പെടുത്തിയ ഗാനം. ആലാപനത്തില്‍ അത് പോലൊരു അഗ്‌നിപരീക്ഷ അതിനു മുന്‍പോ പിന്‍പോ നേരിട്ടിട്ടില്ല ഞാന്‍.. റെക്കോര്‍ഡിംഗിന് ചെന്നപ്പോഴാണ് അറിയുന്നത് കടുപ്പമുള്ള ശാസ്ത്രീയ ഗാനമാണെന്ന്. വയലിന്‍ ഇതിഹാസം എം എസ് ഗോപാല കൃഷ്ണനും മൃദംഗ വിദ്വാന്‍ ചീനാക്കുട്ടിയും (മധുരൈ ടി ശ്രീനിവാസന്‍ ) ആണ് അകമ്പടി സേവിക്കുന്നത്. എന്നെ കണ്ടപ്പോഴേ എം എസ് ജി സംശയം പ്രകടിപ്പിച്ചു ഈ പാട്ട് ക്ലാസിക്കല്‍ നന്നായി അറിയുന്ന മറ്റാരെങ്കിലും പാടുകയാവില്ലേ നല്ലത് എന്ന്. മനസ്സ് നൊന്തു എന്നത് സത്യം അത്തരം സന്ദര്‍ഭങ്ങളിലാണ് ഈശ്വരന്‍ എന്നെ ഏറ്റവും തുണച്ചിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ പാട്ട് പഠിച്ചെടുത്തു ഒറ്റ ടേക്കില്‍ തന്നെ ഓക്കേ ആക്കാന്‍ കഴിഞ്ഞു എനിക്ക്. കൂടെ വായിച്ചവരും സംഗീത സംവിധായകനും എല്ലാം നേരില്‍ വന്നു അഭിനന്ദിച്ചത് ഓര്‍മ്മയുണ്ട്. അത്തവണത്തെ ദേശീയ അവാര്‍ഡ് ആ പാട്ടിന്റെ പേരില്‍ എനിക്ക് ലഭിക്കും എന്നായിരുന്നു എല്ലാവരുടെയും പ്രവചനം. ഭാഗികമായി അത് ശരിയായി വന്നു. ബഹുമതി എനിക്കായിരുന്നെങ്കിലും പാട്ട് വേറൊന്നായിപ്പോയി..'' ജാനകി ചിരിക്കുന്നു. സെന്തൂരപ്പൂവേ എന്ന പാട്ടിന്റെ പേരില്‍ ലഭിച്ച ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മറ്റൊരു അവിസ്മരണീയ അനുഭവം കൂടി ഉണ്ടായി ഇഷ്ടഗായകനായ മുഹമ്മദ് റഫിയ്‌ക്കൊപ്പം വേദി പങ്കിടുക എന്ന അസുലഭ സൗഭാഗ്യം. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം റഫിക്കായിരുന്നു ക്യാ ഹുവാ തേരാ വാദാ എന്ന പാട്ടിന്. ഏതു അവാര്‍ഡിനെക്കാള്‍ വില മതിക്കുന്നു ഞാന്‍ ഇത്തരം അപൂര്‍വ നിമിഷങ്ങള്‍.''

(മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച മണ്‍വിളക്കുകള്‍ പൂത്ത കാലം എന്ന പുസ്തകത്തില്‍ നിന്ന്)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram