ചലച്ചിത്രതാരം നവ്യാനായരുടെ നൃത്തസംഗീത സമന്വയം 'ശിവോഹം' ഓണ്‍ലൈന്‍ അരങ്ങിലേക്കും. ഏറെക്കാലത്തിനുശേഷം അരങ്ങിലെത്തിയ നവ്യാനായരുടെ ഈ നൃത്തശില്പത്തിന്റെ ട്രെയിലര്‍ യുട്യൂബിലും ലഭ്യമായി.
പരമശിവനെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ഫ്യൂഷന്‍. ഉടുക്കുകൊട്ടി ലോകത്തെ ഉണര്‍ത്തുന്ന താണ്ഡവരൂപിയുടെ ആവിഷ്‌കാരമാണ് ഈ ഫ്യൂഷന് ഏറ്റവും ചേരുക എന്ന ചിന്തയില്‍ നിന്നാണ് 'ശിവോഹ'ത്തിന്റെ പിറവിയെന്ന് നവ്യ പറയുന്നു.
പുതിയ നൃത്ത സംരംഭം ശിവോഹത്തെ ആദ്യ അവതരണത്തില്‍ തന്നെ ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാവരോടും എന്റെ സ്‌നേഹവും നന്ദിയും അറിയിച്ചുകൊണ്ടാണ് അവര്‍ ഈ നൃത്തപരിപാടിയുടെ ട്രെയിലര്‍ അവതരിപ്പിച്ചത്.
ഒന്നായി വിരിയുമ്പോഴും ഏഴ് നിറവും സ്വന്തം പ്രഭയോടെ തെളിഞ്ഞുനില്‍ക്കുന്ന മഴവില്ലെന്നാണ് സ്വന്തം ഫ്യൂഷന്‍ വിരുന്നിനെ പഴയ കലാതിലകം വിശേഷിപ്പിക്കുന്നത്. തകിലിനും നാദസ്വരത്തിനുമൊപ്പം ഡ്രംസും റിഥം പാഡും വയലിനും കീബോര്‍ഡും ഓടക്കുഴലുമെല്ലാം അരങ്ങത്ത് അകമ്പടിയാകും. നൃത്തത്തിലെ പതിവുകാരായ നട്ടുവാങ്കവും മൃദംഗവും ഒപ്പം ശ്രേഷ്ഠസ്ഥാനങ്ങളില്‍ തന്നെ.
അരങ്ങില്‍ പതിവില്ലാത്തവിധം മല്ലാരിയിലാണ് 'ശിവോഹ'ത്തിന്റെ തുടക്കം. ഖണ്ഡത്രിപുട താളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന പുതുമ കൂടിയുണ്ട്. ആദിതാളത്തിലുള്ള പദത്തോട് ചേര്‍ത്തുള്ള തനിയാവര്‍ത്തനമാണ് മറ്റൊരു പരീക്ഷണം. പത്ത് പേരാണ് വിവിധ വാദ്യങ്ങളില്‍ പിന്നണിയാകുക.