ചുരുങ്ങിയ കാലയളവില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മീ ടൂ വിവാദത്തില്‍ കുടുങ്ങി ഗായകനും സംഗീത സംവിധായകനുമായ കൈലാഷ് ഖേറും. കൈലാഷിനെതിരെ ലൈംഗികാരോപണമുന്നയിച്ചു കൊണ്ടുള്ള ഗായിക സോന മൊഹപത്രയുടെ ട്വീറ്റുകളാണ് ചര്‍ച്ചയാകുന്നത്.
ഒരു സംഗീത പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഒരു കോഫി ഷോപ്പില്‍ ഒരുമിച്ചിരിക്കവേ കൈലാഷ് മര്യാദ വിട്ട് തന്നെ സ്പര്‍ശിച്ചു എന്ന് സോന പറയുന്നു. പിന്നീടു ധാക്കയില്‍ വച്ചു നടന്ന ഒരു സംഗീത പരിപാടിക്കിടെ കൈലാഷിന്റെ മുറിയിലേക്കു ചെല്ലാനാവശ്യപ്പെട്ടു തന്നെ ഒരു പാടു തവണ ഫോണ്‍ ചെയ്തിരുന്നുവെന്നും ഫോണ്‍ എടുക്കാത്തതിരുന്നപ്പോള്‍ ഇതേ ആവശ്യം അറിയിച്ച് സംഘാടകരേയും സമീപിച്ചു. കൈലാഷ് തന്റെ സ്റ്റുഡിയോയില്‍ വന്നു പാടിയിട്ടുണ്ട്. കൂടാതെ ഒരു പാട്ടിന്റെ ആവശ്യത്തിന് ഭര്‍ത്താവ് രാം സമ്പത്തിനെയും സമീപിച്ചിരുന്നു. ഇതൊന്നും വക വെക്കാതെയാണ് അദ്ദേഹം അത്തരമൊരു സമീപനം തന്നോടു കാണിച്ചത് - സോന കുറിപ്പില്‍ പറയുന്നു.
നേരത്തെ കൈലാഷിനെതിരെ ആരോപണമുയര്‍ത്തി ഒരു മാധ്യമപ്രവര്‍ത്തക മുമ്പോട്ടു വന്നിരുന്നു. തന്നില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതില്‍ ഗായകന്‍ അവരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനും കൈലാഷിനു ചുട്ട മറുപടി കൊടുക്കുന്നുണ്ട്, സോന. 'എത്ര സ്ത്രീകളോട് കൈലാഷ് ഇങ്ങനെ മാപ്പ് പറയും? ഒരു ജന്മം മുഴുവന്‍ വേണ്ടി വരും. ഇപ്പോഴേ തുടങ്ങിക്കോളൂ' - സോന പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ഏറെ വിഷമമുണ്ടാക്കിയ ഒരു സംഭവം വീണ്ടും എടുത്തു പുറത്തിട്ട് പരിതപിക്കാനല്ലെന്നും കൈലാഷിനെതിരെ ഉയരുന്ന ആരോപണങ്ങളെ അരക്കിട്ടുറപ്പിക്കാനായി ഈ സംഭവം കൂടി ചേര്‍ക്കുന്നതാണെന്നും സോന കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.