വസന്ത ചോദിക്കുന്നു; എന്നെ തഴഞ്ഞതെന്തിന്?


അഞ്ജന ശശി

3 min read
Read later
Print
Share

ജന്മം കൊണ്ട് ആന്ധ്രക്കാരിയെങ്കിലും കര്‍മം കൊണ്ട് മലയാളിയായി അറിയപ്പെടാനാഗ്രഹിച്ച ഗായിക ബി.വസന്ത അഞ്ജന ശശിയുമായി സംസാരിക്കുന്നു

മലയാളത്തിൽ ഒരുപിടി മനോഹരഗാനങ്ങൾ തന്നശേഷം ഇവിടംവിട്ട് എവിടേക്കാണ് പോയത് ?

  • അറിഞ്ഞുകൊണ്ടുള്ള പോക്കല്ലായിരുന്നു അത്. എന്തൊക്കെയോ എവിടെയൊക്കെയോ അറിയാനിനിയും ബാക്കിയാണ്. എനിക്ക്‌ ചോദിക്കാനുള്ള ചോദ്യവും ഇതുതന്നെ. ഇത്രയൊക്കെ പ്രിയപ്പെട്ട പാട്ടുകളായിരുന്നു ഞാൻ പാടിയതെങ്കിൽ ഒരു ഘട്ടത്തിൽ ഞാൻ ആർക്കും വേണ്ടാത്തവളായതെന്താണ്. എന്നെ മലയാളം വീണ്ടും വിളിക്കാതിരുന്നതെന്താണ്?
    ഇന്നും ഞാൻ തെലുങ്കിലും തമിഴിലുമെല്ലാം പാടുന്നു. ആൽബങ്ങൾക്ക് സംഗീതംനൽകുകയും പാടുകയും ചെയ്യുന്നു. മലയാളത്തിലുള്ളവർമാത്രം എന്നെ മറന്നിരിക്കുന്നു. പ്രായമേറിയതിനാൽ പാടാനാവില്ലെന്ന ചിന്തയാവാം. എനിക്ക് ആരോടും പരിഭവമില്ല.

മാറ്റിനിർത്തിയെന്നാണോ ഉദ്ദേശിക്കുന്നത് ?

  • ദേവരാജൻമാസ്റ്ററാണ് ‘കുടമുല്ലപ്പൂവിനും’ പോലുള്ള ഹിറ്റുകൾ എന്നെക്കൊണ്ട് പാടിപ്പിച്ചത്. എന്നാൽ, ഒരുദിവസം എന്നോട് പറഞ്ഞു, മാധുരിയെന്ന പാട്ടുകാരി വന്നിട്ടുണ്ട്. അവർക്ക് മലയാളം വായിക്കാനും എഴുതാനും കഴിയും, നന്നായി പാടും അതുകൊണ്ട് ഇനി വിളിക്കുന്നില്ല എന്ന്. ആദ്യം സങ്കടംതോന്നി. മലയാളം അറിയാഞ്ഞിട്ടല്ലല്ലോ എന്നെക്കൊണ്ട് പാട്ടുകൾ പാടിപ്പിച്ചിരുന്നത്. ഇതെല്ലാം സിനിമയിൽ പതിവാണെന്ന് പിന്നീടാണ് മനസ്സിലായത്. അന്നത്തെ എല്ലാ പ്രഗല്‌ഭരായ സംഗീതസംവിധായകർക്കൊപ്പവും ഞാൻ പാടിയിട്ടുണ്ട്. ചിദംബരനാഥ്, ആർ.കെ.ശേഖർ, ബാബുരാജ്, എ.ടി.ഉമ്മർ, രാഘവൻ, എം.കെ. അർജുനൻ, ജി. ദേവരാജൻ, എം.എസ്.വിശ്വനാഥ്, ദക്ഷിണാമൂർത്തി... പറഞ്ഞാലും തീരാത്ത പട്ടികയാണത്. ബാബുരാജിന്റെയും എ.ടി.ഉമ്മറിന്റെയും മരണവും ഇവിടെനിന്ന് എന്നെ കാണാതായതിൽ ഒരു കാരണമാണ്.
കേരളം ആദരിച്ചില്ലെന്ന തോന്നലുണ്ടോ ?

  • എന്റെ പാട്ടുകൾ ഇന്നും മലയാളികൾ ആസ്വദിക്കുന്നു എന്നതുതന്നെ വലിയ അംഗീകാരമാണ്. പല പാട്ടുകളും ഞാനാണ് പാടിയതെന്നുപോലും പലർക്കും അറിയില്ല. എന്നെത്തന്നെ അറിയില്ലെന്ന് പറയുന്ന വലിയ പാട്ടുകാരുണ്ടിവിടെ. അപ്പോൾ പുതിയ തലമുറ അറിയണമെന്ന് പറയുന്നത് ശരിയല്ലല്ലോ. എന്നാൽ, എന്റെ പാട്ടുകൾ ഹിറ്റായിരുന്ന കാലത്തുപോലും കേരള സർക്കാറിൽനിന്നോ സംഘടനകളിൽനിന്നോ യാതൊരു പുരസ്കാരങ്ങളും ലഭിച്ചിട്ടില്ല. മലയാളത്തിലാണ് ഞാൻ കൂടുതൽ നല്ലപാട്ടുകൾ പാടിയത്. എന്നിട്ടും തമിഴ്നാട് സർക്കാറും ആന്ധ്ര സർക്കാറും സംസ്ഥാനപുരസ്കാരങ്ങൾ നൽകി. അടുത്തകാലത്താണ് മലയാളത്തിൽനിന്ന് മാക്ട അവാർഡും കമുകറ അവാർഡും എന്നെത്തേടിയെത്തിയത്.

ആലാപനവും സംഗീതം നൽകലും. രണ്ടും ഒരുപോലെ ആസ്വദിക്കുന്നുണ്ടോ ?

  • പാട്ടുപാടുന്നതുതന്നെയാണ് എന്റെ ഏറ്റവുംവലിയ ഇഷ്ടം. സംഗീതം നൽകുന്നത് വേറൊരിഷ്ടം. സംഗീതംതന്നെയാണല്ലോ എന്റെ ജീവിതം. 11 ആൽബങ്ങൾ ഇപ്പോൾ ഞാൻ ചെയ്തു. ഒരു തെലുങ്കുസിനിമയ്ക്ക് സംഗീതവും നൽകി.
    എന്റെ പാട്ടുകളിൽ ചിലത് സുശീലാമ്മയും ജാനകിയമ്മയും പാടിയിട്ടുണ്ട്. അവർ രണ്ടും എനിക്ക് ഗുരുതുല്യരാണ്. അവരോടൊപ്പം പാടിയ കാലമാണ് എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കാലം. യേശുദാസും ഞാനും ഒരേകാലത്ത് പാടിത്തുടങ്ങിയവരാണ്. എസ്.പി. എന്റെശേഷം വന്നയാളാണ്. അവർ രണ്ടും ഇന്ന് വളരെ വലിയ ഉയരത്തിലാണ്. എങ്കിലും മനസ്സുകൊണ്ട് ഏറെ അരികിലാണുതാനും. അവരോട് ഇപ്പോൾ പാടാൻ പറയാനും ചെറിയ പേടിയുണ്ട്. യേശുദാസിന്റെ സംഗീത സംവിധാനത്തിൽ ജാനകിയമ്മയും സുശീലാമ്മയും ഞാനും ഒരുമിച്ച് പാടിയിട്ടുണ്ട്.
പ്രിയഗാനങ്ങൾ

  • മേലേമാനത്തെ നീലിപ്പുലയിക്ക്...
  • യവനസുന്ദരീ...
  • ഭൂമിദേവി പുഷ്പിണിയായി...
  • കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും...
  • നദികളിൽ സുന്ദരി യമുന...
  • കാർത്തിക വിളക്കുകണ്ടു പോരുമ്പോൾ...
  • തെക്കുംകൂറടിയാത്തി...
  • സ്വപ്നസഞ്ചാരിണി...
  • രാസലീലയ്ക്കുവൈകിയതെന്തേ...
  • ചഞ്ചലിത ചഞ്ചലിത...
അന്നത്തെയും ഇന്നത്തെയും ഗാനറെക്കോഡിങ് സംഗീതസംവിധായിക എന്നനിലയിൽ എങ്ങനെ കാണുന്നു ?

  • ഇന്ന് പേസ്റ്റ്-പോസ്റ്റ് രീതിയാണല്ലോ. പാടുന്നവർക്ക് അധികം പേടിവേണ്ട. കട്ടുചെയ്ത് പേസ്റ്റ്ചെയ്യാം. അന്നെല്ലാം മുപ്പതുതവണയെല്ലാം ടേക്ക് എടുത്തിട്ടുണ്ട്. എല്ലാം ശരിയാവുന്നതുവരെ പാടിപ്പിച്ചുകൊണ്ടേയിരിക്കും. ചില പാട്ടുകൾ രണ്ടുടേക്കിൽ ഒാകെയാവും. ചിലത് നീണ്ടുപോവും.
    അന്ന്‌ ഞങ്ങൾക്ക് സ്വന്തമായി വ്യക്തിത്വമുണ്ടായിരുന്നു. പാടുന്ന ശബ്ദംകേട്ടാൽ ആരാണെന്ന് കൃത്യമായും മനസ്സിലാവും. ഇന്ന് മിക്ക പെൺകുട്ടികളുടെയും ശബ്ദം മിക്സ് ചെയ്തുവരുമ്പോൾ ചിത്ര പാടുന്നതുപോലെയിരിക്കും. സ്വന്തമായ ശബ്ദം എവിടെയൊക്കെയോ നഷ്ടപ്പെടുന്നു. എങ്കിലും കഴിവുള്ള നിരവധി കുട്ടികൾ ഇന്നും കടന്നുവരുന്നുണ്ട്, അവർക്കെല്ലാം അവസരം ലഭിക്കുന്നുവെന്നത് വലിയ കാര്യമാണ്.
    ഇക്കാലത്താണ് ‍ജനിക്കേണ്ടിയിരുന്നതെന്ന് തോന്നിപ്പോവുന്നു ചിലപ്പോൾ. അന്ന് വരുമാനമോ പ്രശസ്തിയോ അധികമൊന്നുമുണ്ടായിരുന്നില്ല. ഇക്കാലത്ത് ഒരു പാട്ട് ഹിറ്റായാൽത്തന്നെ ഗാനമേളകളും വിദേശയാത്രകളും സുലഭമാണ്.
പാട്ടിലേക്ക് എത്തുന്നത് ?

  • അച്ഛന്റെയും അമ്മയുടെയും പാരമ്പര്യംതന്നെയാണ് സംഗീതലോകത്തെത്തിച്ചത്. ആന്ധ്രാപ്രദേശിലെ മസുലിപട്ടണത്താണ് എന്റെ ജനനം. അച്ഛൻ രവീന്ദ്രനാഥിന് സംഗീതത്തിൽ നല്ല അറിവുണ്ടായിരുന്നു. മികച്ച ഫോട്ടോഗ്രാഫറായ അദ്ദേഹം സ്റ്റുഡിയോ നടത്തിയിരുന്നു. അമ്മ കനകദുർഗ വീണ വായിക്കുമായിരുന്നു. ചെറുപ്പത്തിൽ ശാസ്ത്രീയസംഗീതം പഠിക്കാനിരിക്കുമെങ്കിലും അടിസ്ഥാനസ്വരങ്ങളൊന്നും പഠിക്കാൻ താത്‌പര്യം കാട്ടിയിരുന്നില്ല. നേരിട്ട് കീർത്തനം പഠിക്കണമെന്ന് വാശിപിടിച്ച കുട്ടിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ചിട്ടയായ സംഗീതാഭ്യാസം സാധ്യമായില്ല.
സിനിമയിലെത്തിയത് അവിചാരിതമായിരുന്നോ ?

  • 13 വയസ്സായപ്പോൾ അമ്മ മരിച്ചു. അതിനുശേഷം കുടുംബത്തിൽ ബുദ്ധിമുട്ടുകൾ തുടങ്ങി. അച്ഛൻ മാനസികമായി തളർന്നു. മൂന്നുസഹോദരികളും ഒരു സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിന്റെ വരുമാനത്തിനുമാത്രമായി സംഗീതട്രൂപ്പുകളിൽ പാടാൻ ചേർന്നു. പല സ്റ്റേജുകളിലും പാടുന്നതുകൊണ്ട് കിട്ടിയ ചെറിയ വരുമാനംകൊണ്ട് കുടുംബം ജീവിച്ചുപോന്നു. അച്ഛന്റെ ചില കൂട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങിയാണ് 1962-ൽ സംവിധായകൻ നാഗേശ്വരറാവുവിനെ കാണാൻപോയത്. ട്രാക്ക് പാടിച്ചുവിട്ടു അദ്ദേഹം. അതിനുശേഷം അദ്ദേഹമാണ് ആദ്യമായി പാടാൻ വിളിച്ചത്.
    പിന്നീട് തെലുങ്കിലും തമിഴിലും പാടി. എെൻറ പാട്ടുകേട്ട സംഗീതസംവിധായകൻ പുകഴേന്തിയാണ് എന്നെ മലയാളത്തിന് പരിചയപ്പെടുത്തിയത്. പുകഴേന്തി സംഗീതസംവിധാനം നിർവഹിച്ച ‘മുതലാളി’യിൽ ‘കണ്ണാനമുതലാളി...’ എന്ന ഗാനം പാടി. അത് ഹിറ്റായി. അങ്ങനെ മലയാളത്തിൽ കുറേ സംവിധായകർക്കുകീഴിൽ പാടാൻ അവസരംകിട്ടി. ഒരു മലയാളിയാണ് എന്നുപറയുന്നതാണ് എനിക്കിപ്പോഴും കൂടുതൽ ഇഷ്ടം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram