തീയേറ്റര്‍ വിട്ടിട്ടും മനസില്‍ വിങ്ങലായി ബാക്കിനില്‍ക്കുകയാണ് ലൂക്കയും നീഹാരികയും അവരുടെ പ്രണയവും. ദൃശ്യഭംഗി കൊണ്ടും ചടുലവും നേര്‍ത്തതുമായ ഗാനങ്ങള്‍ കൊണ്ടും നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമ മനസുകള്‍ കീഴടക്കുകയാണ്. ലൂക്കയിലെ അടുത്ത ഗാനവും പുറത്തു വന്നു.
ചിത്രത്തിലെ എനര്‍ജറ്റിക് നമ്പറായ 'കാറ്റും' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതവും ആലാപനവും. ചിത്രത്തില്‍ ഒരേ സമയം സംഗീത സംവിധായകനായും ടൊവിനോയുടെ സുഹൃത്തായി വേഷമിട്ടും സൂരജ് ശ്രദ്ധ നേടുകയാണ്. നേരത്തെ സോളോ എന്ന ദുല്‍ഖര്‍ സല്മാന് നായകനായ ചിത്രത്തിനു വേണ്ടി സംഗീതം പകര്‍ന്ന 'സീതാ കല്യാണ വൈഭോഗമേ' എന്ന ഗാനത്തിലൂടെ യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ച സൂരജ് ലൂക്കയിലും അതു തുടരുകയാണ്.
ലൂക്ക പുറത്തിറങ്ങിയ ശേഷം ടൊവിനോയുടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. താരത്തിന്റെ വ്യത്യസ്ത ഗെറ്റപ് തന്നെയാണ് കൂടുതല്‍ പേരെ ആകര്‍ഷിച്ചിരിക്കുന്നത്. താരജാടയില്ലാതെയെത്തുന്ന വലിയ കണ്ണുകളുള്ള പെണ്‍കുട്ടിയായി അഹാനയെയും ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.
Content Highlights : Luca movie song Kaatum, Tovino Thomas, Ahaana Krishnakumar, Sooraj S Kurup