കഴിഞ്ഞ വര്‍ഷം റിലീസായ ചിത്രങ്ങളില്‍ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ജോസഫ്. ചിത്രത്തില്‍ ജോജു ജോര്‍ജ് എന്ന നടന്റെ പ്രകടനം തന്നെയാണ് മികച്ചു നിന്നതെന്ന് നിരൂപകര്‍ വരെ എടുത്തു പറഞ്ഞിരുന്നു.
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം പിടിച്ചിരുന്ന ജോജു കേന്ദ്ര കഥാപാത്രമായെത്തിയ ജോസഫിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. പ്രത്യേകിച്ച്, 'പൂമുത്തോളേ..' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും ജോജു അഭിനയിച്ച രംഗങ്ങളും ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്നവെന്നാണ് ആളുകള്‍ പറഞ്ഞത്. ഇപ്പോള്‍ ഈ ഹിറ്റ് ഗാനമാലപിച്ചു കൊണ്ട് ജോജു ജോര്‍ജിന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്.
അജീഷ് ദാസന്‍ എഴുതി രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്ന ഗാനം ജോജുവിന്റെ മകള്‍ സാറയാണ് പാടിത്തുടങ്ങുന്നത്. അതേറ്റു പിടിച്ച് ഇയാനും ഇവാനും സഹോദരിയോടൊപ്പം ചേരുന്നു. വീഡിയോ എടുക്കുന്നതോടൊപ്പം ജോജുവും അവരോടൊന്നിച്ച് മൂളുന്നുണ്ട്. ജോജു ജോര്‍ജ് ഫാന്‍സ് ആണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മകള്‍ സാറ പാടിയ പാട്ടുകള്‍ ഇതിനു മുമ്പും ജോജു സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു.