വിജയ്-അറ്റ്ലി കൂട്ടുകെട്ടിലെ പുതിയ ചിത്രം ബിഗിലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'ഉനക്കാഗ...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിവേകിന്റേതാണ് വരികള്‍. ശ്രീകാന്ത് ഹരിഹരന്‍, മധുര ധാര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചിന്റെ കഥാപാത്രമാണ് ഒന്ന്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയ്‌നിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണിത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിജയിന്റെ 63-ാമത് ചിത്രമാണ് ഇത്.
ആദ്യമായിട്ടാണ് വിജയ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി തയ്യാറെടുക്കുന്നത്. വിവേകും യോഗി ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2019ന് ദീപാവലി റിലീസായി സിനിമ തിയേറ്ററിലെത്തും.
Content Highlights : Bigil Movie Song Thalapathy Vijay Nayanthara A.R Rahman Atlee