'റിയല്‍ ലൈഫില്‍ ഞാനൊരിക്കലും അസിസ്റ്റന്റ് ഡയറക്ടറായിട്ടില്ല. ഒരു തവണ പോലും ക്ലാപ്പ് അടിച്ചിട്ടില്ല. ക്ലാപ്പ് അടിക്കുന്നത് അവരുടെ ജോലിയാണല്ലോ. അതു കാണുമ്പോള്‍ വളരെ സിംപിളാണെന്ന് തോന്നുമെങ്കിലും അറിയാത്തവര്‍ ചെയ്താല്‍ അതിനിടയില്‍ വിരല്‍ ഇറുകിപ്പോകും. 'ഒരു സിനിമാക്കാര'നില്‍ ഞാന്‍ ക്ലാപ്പടിക്കുന്ന ഷോട്ട് എടുത്തപ്പോള്‍ എന്റെ വിരലും ഇറുകുപ്പോയി.' ഈ ഷോട്ടും വിനീത് ശ്രീനിവാസന്റെ ആല്‍ബി മാത്യു എന്ന അസിസ്റ്റന്റ് ഡയറക്ടറും ജൂലൈ 24 മുതല്‍ സ്‌ക്രീനിലെത്തുന്നു.
'ഞാന്‍ അസിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ജീവിതം, സ്വപ്നങ്ങള്‍, ലൈഫ് സ്‌റ്റൈല്‍ എല്ലാം നേരിട്ടറിയാം. സിനിമ ചെയ്യുമ്പോള്‍ നമ്മള്‍ ഏറ്റവും അധികം ഇന്ററാക്ട് ചെയ്യുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുമായാണ്. പ്രീ പ്രൊഡക്ഷന്‍ മുതല്‍ റിലീസ് വരെയും അതു കഴിഞ്ഞാല്‍ സിനിമയുടെ മാര്‍ക്കറ്റിംഗ് അങ്ങനെയെല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകുന്നത് അവരാണല്ലോ. എന്റെ എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരുമായും എനിക്ക് വളരെ നല്ല സൗഹൃദമുണ്ട്.' വിനീത് പറയുന്നു.
ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ്, പ്രിജിത്, ഗണേഷ് രാജ് തുടങ്ങി മലയാളത്തിനു പ്രിയപ്പെട്ട ഈ സംവിധായകരെല്ലാം വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്നല്ലോ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലുടെ അജു വര്‍ഗീസും അസിസ്റ്റന്റായിരുന്നു.
അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഭാഗ്യമുള്ള ആളാണ്. അസിസ്റ്റന്റ്മാരെക്കൊണ്ട് പെട്ടുപോയവരുടെ കഥകള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ ഭാഗ്യം എന്നെടുത്ത് പറയുന്നത്. സിനിമയില്‍ ഞാന്‍ ഓവര്‍ലുക്ക് ചെയ്ത കാര്യങ്ങള്‍ പോലും ശ്രദ്ധിച്ച് ചെയ്യുന്നവരാണിവര്‍. ഞങ്ങള്‍ക്കിടയില്‍ നല്ല റിലേഷന്‍ഷിപ്പുണ്ട്. സിനിമയുടെ പിന്നണിയില്‍ വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് അജു 'ജേക്കബിന്റെ സ്വര്‍ഗരാജ്യ'ത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായത്. ഇത് നല്ല സുഖമുള്ള കാര്യമാണെന്ന് വിചാരിച്ചാണ് അവന്‍ വന്നത്. വന്നപ്പോഴല്ലേ ബുദ്ധിമുട്ട് മനസിലായത്. പക്ഷേ മൂന്നുനാല് ദിവസം ആയപ്പോഴേക്കും അവന്‍ ഫുള്‍ എനര്‍ജിയിലേക്ക് വന്നു.
സിനിമ പ്രമേയമായി മലയാളത്തില്‍ ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ടല്ലോ. അവയില്‍ നിന്ന് 'ഒരു സിനിമക്കാര'ന് എന്താണ് വ്യത്യാസം?
ഒരു സിനിമക്കാരന്റെ ബാക്ക്ഡ്രോപ്പില്‍ മാത്രമേ സിനിമയുള്ളു. ആല്‍ബി മാത്യു അസിസ്റ്റന്റ് ഡയറക്ടറാണെന്നേയുള്ളു. അയാളുടെ ലൈഫില്‍ ഉണ്ടാകുന്ന ഒരു പര്‍ട്ടിക്കുലര്‍ ഇഷ്യുവും അതിന്റെ കോണ്‍സിക്വന്‍സസുമായി മുന്നോട്ടുപോകുന്ന കഥയാണിത്. അത് ആരുടെ ജീവിതത്തിലും സംഭവിക്കാവുന്നതാണ്. അസിസ്റ്റന്റ് ഡയറക്ടറായതിനാല്‍ ആല്‍ബിക്ക് സ്ഥിര വരുമാനമില്ല. സ്വന്തം കഥ സിനിമയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ അയാള്‍ക്ക് ഒരു താല്‍ക്കാലിക ജോലി സ്വീകരിക്കാനും ആകില്ല. അതായത്, 'ഒരു സിനിമക്കാരന്‍' സിനിമയ്ക്കുള്ളിലെ സിനിമയല്ല. പക്ഷേ, ഈ സിനിമയ്ക്കു ചുറ്റും സിനിമയുണ്ട്.
ഒരു സിനിമക്കാരന്റെ മകനാണല്ലോ വിനീത്. ഇന്നത്തെ വിനീത് ശ്രീനിവാസനാകാന്‍ ഇത് എങ്ങനെയെല്ലാം സഹായിച്ചിട്ടുണ്ട്?
ഞാനിന്ന് എന്താണോ അതെല്ലാം ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ നിന്ന് കിട്ടിയതാണ്; വായനയും സിനിമയോടുള്ള താല്‍പ്പര്യവുമെല്ലാം. കുട്ടിക്കാലത്ത് അച്ഛന്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസമായിരിക്കും വീട്ടില്‍ ഉണ്ടാകുക. അപ്പോള്‍ വീട്ടില്‍ കഥ പറച്ചിലും ഡിസ്‌കഷനുകളും ഒക്കെ ഉണ്ടായിരിക്കും. അച്ഛനെ കാണാന്‍ സിനിമാക്കാര്‍ വരും. ചിന്താവിഷ്ടയായ ശ്യാമള തീയേറ്ററില്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു- നമ്മുടെ ഡയനിംഗ് ടേബിളിനു ചുറ്റുമിരുന്ന് അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ കഥയല്ലേ ഇതെന്ന്. ഇതുപോലെ കഥാചര്‍ച്ചകളും ഡിസ്‌കഷനും ഞാന്‍ വളര്‍ന്ന അന്തരീക്ഷത്തില്‍ ഉണ്ടായിരിന്നു. അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. ഫിലിം മെയ്ക്കിംഗ് ആണെന്റെ ഫീല്‍ഡ് എന്നു ഞാന്‍ മനസിലാക്കുന്നത് ഞങ്ങള്‍ ചെന്നൈയില്‍ എത്തിയശേഷമാണ്. ചുറ്റുമുള്ള കുട്ടികള്‍, വലുതാകുമ്പോള്‍ എന്തു ചെയ്യണം എന്ന ചിന്തിച്ചുതുടങ്ങിയ സമയത്താണ്് സിനിമ എന്ന സ്പാര്‍ക്ക് എന്നിലും ഉണ്ടായത്.
ഞങ്ങളും കാത്തിരിക്കുകയാണ് ശ്രീനിവാസന്‍ ഫുള്‍ലെങ്ത് ക്യാരക്ടറായി വരുന്ന വിനീതിന്റെ സ്വപ്നസിനിമയ്ക്കു വേണ്ടി
ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു എന്നേയുള്ളു. ഇതുവരെ അതിന്റെ സബ്ജക്ടിലേക്ക് എത്തിയിട്ടില്ല. കഥയിലേക്കും പ്ലോട്ടിലേക്കും വരണം.'
ഒരു സിനിമക്കാരനില്‍ നല്ല പാട്ടുകളുണ്ട്. ഈയിടെ വിനീത് അച്ഛനുവേണ്ടി പാടിയ ശശിപ്പാട്ടും വൈറലായി. വിനീതിന്റെ പാട്ടുകള്‍ എല്ലാം തന്നെ ഹിറ്റുകളാണ്. വിനീത് എന്ന ഗായകനെ എങ്ങനെ വിലയിരുത്തുന്നു?
ഞാനൊരു ആവറേജ് സിംഗറാണ്. തുടക്കത്തില്‍ പാടിയ പാട്ടുകളെല്ലാം പോപ്പുലറായതുകൊണ്ട് ഗായകന്‍ എന്ന നിലയില്‍ ആളുകള്‍ക്കിടയില്‍ ഞാന്‍ ഫെമിലിയറായി എന്നേയുള്ളു. മുമ്പ് സ്റ്റേജ് പ്രോഗ്രാമുകളിലും ചാനല്‍ പരിപാടികളിലും പാടിയിരുന്ന കാലത്ത്, റിഹേഴ്സലിന്റെ സമയത്ത് മധു ബാലകൃഷ്ണനും സുദീപ് കുമാറും ഗായത്രിയും ഒക്കെ പാടുന്നത് കേള്‍ക്കുമ്പോള്‍ 'ദൈവമേ ഇവരുടെ മുന്നില്‍ എങ്ങനെ പാടും' എന്നോര്‍ത്ത് ഞാനങ്ങനെ നിന്നിട്ടുണ്ട്. ക്ലാസിക്കല്‍ സോങ്സൊന്നും പാടി ഫലിപ്പിക്കാന്‍ എനിക്കു പറ്റില്ല. എനിക്കറിയാം, വലിയ സിങ്ങിംഗ് സ്‌കില്‍ ഉള്ള ആളല്ല ഞാന്‍.
സെമി ക്ലാസിക്കല്‍ ടച്ചുള്ള 'മാമ്പുള്ളിക്കാവില്‍' ഒക്കെ പാടിയിട്ടുണ്ടല്ലോ?
അത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ. 'മകന്റെ അച്ഛനി'ലെ 'ഈ വെണ്ണിലാവിന്റെ ഗീതം' എന്ന പാട്ടിന്റെ കാര്യം പറഞ്ഞാല്‍, മ്യൂസിക് ഡയറക്ടര്‍ എം ജയചന്ദ്രന്റെ ക്ഷമ സമ്മതിച്ചേ പറ്റൂ. അഞ്ച് മണിക്കൂറോളം ഞങ്ങള്‍ രണ്ടുപേരും കഷ്ടപ്പെട്ടിട്ടാ ആ പാട്ട് റെക്കോര്‍ഡ് ചെയ്തത്.
സിങ്ങര്‍, ആക്ടര്‍, സ്‌ക്രിപ്റ്റ് ഡയറക്ടര്‍, ലിറിസിസ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍... ഇതില്‍ ഏതു മേഖലയില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാനാണ് വീനീത് ആഗ്രഹിക്കുന്നത്?
സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ആലോചിക്കാറ്. സംവിധാനത്തില്‍ തന്നെ ഫോക്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ ഒരുപാട് സമയമെടുത്താണ് ഒരു സിനിമ ചെയ്യുക. എന്റെ പ്രോസസ് മൊത്തം സ്ളോ ആണ്. അതിനിടയില്‍ വരുന്ന അഭിനയവും പാട്ടുമൊക്കെ ഞാന്‍ ആസ്വദിച്ച് ചെയ്യുന്നു. പല ഫിലിംമേക്കേഴ്സിന്റെ കൂടെ വര്‍ക്കുചെയ്യുമ്പോള്‍ അവരുടെ സ്റ്റൈല്‍ അറിയാനും പറ്റും. നമുക്ക് കോണ്‍സ്റ്റന്റായ അഡാപ്റ്റേഷനും സാധിക്കും.
തട്ടത്തിന്‍ മറയത്തി'നു ശേഷം 'തിര' ചെയ്യുമ്പോള്‍ ഒന്നൊന്നര വര്‍ഷത്തെ ഗ്യാപ്പുണ്ടായിരുന്നു. ആ ഗ്യാപ്പിനു ശേഷം ലൊക്കേഷനില്‍ ചെന്നപ്പോള്‍, വീണ്ടും ക്യാമറ കണ്ടപ്പോള്‍ ആദ്യം എനിക്കൊരു ചെറിയ പരിഭ്രമം ഉണ്ടായിരുന്നു. 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' സംവിധാനം ചെയ്യുമ്പോള്‍ ഗ്യാപ് ഉണ്ടായിരുന്നെങ്കിലും അതിനിടിയില്‍ വേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ജിറ്റേഴ്സ് അത്ര ഫീല്‍ ചെയ്തില്ല.'
അച്ഛന്റെയും ധ്യാനിന്റെയും കൂടെ അഭിനയിച്ചു, രണ്ടുപേരെയും ഡയറക്ട് ചെയ്തു. രണ്ടുപേരും തമ്മില്‍ എന്താണു വ്യത്യാസം?
അച്ഛന്‍ എന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍, ഞാന്‍ ഡയറക്ട് ചെയ്യുന്നത് ശരിയാകുന്നുണ്ടോ എന്നൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. മലര്‍വാടിയുടെ സമയത്ത്, അച്ഛനോട് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അന്ന് എന്റെ കൂടെ അസിസ്റ്റന്റായിരുന്ന പ്രിജിത്തേട്ടനെക്കൊണ്ടാണ് പറയിച്ചിരുന്നത്. തട്ടത്തിന്‍ മറയാത്തായപ്പോള്‍ ഞാന്‍ നേരിട്ട് അച്ഛനോട് പറയാന്‍ തുടങ്ങി. ധ്യാനിന്റെ അടുത്ത് ടെന്‍ഷന്റെ കാര്യമില്ലല്ലോ. ഈസിയായി ഡയറക്ട് ചെയ്തു.'
ശ്രീനിവാസന്‍, വിനീത്, ധ്യാന്‍.. സിനിമാക്കാരുടെ വീട്ടുവിശേഷങ്ങള്‍ എന്തൊക്കെയാണ്?
സിനിമാക്കാരായതുകൊണ്ടു ഞങ്ങള്‍ ഒന്നിച്ച് വീട്ടില്‍ ഉണ്ടാകുന്ന സമയം കുറവാണ്. ഈയിടെ ഞങ്ങള്‍ 40 ദിവസത്തോളം ഒന്നിച്ചുണ്ടായിരുന്നു. ധ്യാധിന്റെ കല്യാണവും ഒക്കെയായി സന്തോഷമുള്ള സമയമായിരുന്നു. (മറ്റൊരു സന്തോഷം കൂടി ഇവരെ കാത്തിരിക്കുന്നുണ്ട്. വിനീതിന് പിറക്കാന്‍ പോകുന്ന കുഞ്ഞ്.)
മനസുകൊണ്ട് വിനീത് അച്ഛനായിക്കഴിഞ്ഞോ?
മനസു തുറന്നു ചിരിച്ചു വിനീത്, എന്നിട്ട് പറഞ്ഞു, 'എനിക്കറിയില്ല കേട്ടോ. ഞാനിപ്പോ എന്താ പറയുക. ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കറിയില്ല' എന്നിട്ട് കൂടുതല്‍ സോഫ്റ്റായ ശബ്ദത്തില്‍, ഇടയ്ക്കൊക്കെ പോസ് ചെയ്ത് വീനീത് തുടര്‍ന്നു.
വയറിനുള്ളിലെ ചവിട്ടും കുത്തും ഒക്കെ കാണുമ്പോള്‍, അതിനുള്ളില്‍ ഒരു ജീവന്‍ ഉണ്ടെന്ന് റിയലൈസ് ചെയ്യുകയാണ് ഞാനിപ്പോള്‍... സുഹൃത്തുക്കള്‍ക്ക് കുട്ടിയുണ്ടാകുമ്പോള്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഷാനിന്റെ കുട്ടിയെ ജനിച്ച അന്നു തന്നെ ഞാന്‍ കണ്ടിരുന്നു. ഫ്രീസായി കുറേ നേരം കുഞ്ഞിനെ നോക്കിനിന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്... നമ്മുടെ സ്വന്തം കാര്യമാകുമ്പോള്‍ ഇതൊക്കെ തൊട്ടടുത്ത് നിന്ന് എക്സ്പീരിയന്‍സ് ചെയ്യുന്ന പ്രോസസല്ലേ. ഞാനത് എന്‍ജോയ് ചെയ്യുകയാണ്.'