'കരച്ചില്‍ പടമല്ല വികൃതി, വേദനിച്ചിട്ടല്ല സന്തോഷത്തോടെയാണ് പ്രേക്ഷകന്‍ തീയേറ്റര്‍ വിട്ടിറങ്ങുന്നത്'


രഞ്ജന കെ

4 min read
Read later
Print
Share

'വിഷമിപ്പിക്കുന്ന സിനിമ അല്ല, മറിച്ച് ഫീല്‍ഗുഡ് സിനിമയാണ് വികൃതി. അതിനെയായിരിക്കാം ആളുകള്‍ കരച്ചില്‍ പടമെന്നു തെറ്റിദ്ധരിച്ചത്.'

'മെട്രോയിലെ പാമ്പ്' എന്ന അടിക്കുറിപ്പോടെയാണ് ഭിന്നശേഷിക്കാരനായ എല്‍ദോയുടെ മെട്രോയില്‍ കിടന്നുറങ്ങുന്ന ചിത്രം നമുക്ക് മുന്നിലെത്തുന്നത്. യാഥാര്‍ഥ്യം എന്താണെന്ന് പോലും തിരക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം ആഘോഷിക്കപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയി മടങ്ങിവരവേ മെട്രോയില്‍ കയറിയതായിരുന്നു എല്‍ദോയും കുടുംബവും. യാത്രക്കിടെ ക്ഷീണം കൊണ്ട് എല്‍ദോ ഉറങ്ങിപ്പോയി. എല്‍ദോ കിടന്നുറങ്ങുന്ന ചിത്രം എടുത്ത ആരോ ഒരാള്‍, മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്നയാള്‍ എന്ന തരത്തില്‍ ആ ചിത്രം പ്രചരിപ്പിച്ചു. ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടയില്‍ തന്റെ ജീവിതം ഇത്രമേല്‍ മാറിമറിയുമെന്ന്, ഒന്നുറങ്ങിയതിന്റെ പേരില്‍ സമൂഹത്തിന് മുന്നില്‍ കുടിയനായി ചിത്രീകരിക്കപ്പെടുമെന്ന് സ്വപ്‌നത്തില്‍ പോലും എല്‍ദോ കരുതിയതല്ല.

എല്‍ദോക്കെതിരെ നടന്ന വ്യാജ പ്രചരണത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ന് രംഗത്തുവന്നിരുന്നു. 2017ല്‍ നടന്ന ഈ സംഭവമാണ് വികൃതി എന്ന സിനിമയ്ക്കാധാരം. ആരായിരിക്കും എല്‍ദോയോട് ഇങ്ങനെ ചെയ്തത് എന്ന ചിന്തയാണ് സിനിമയിലേക്കു വഴിതിരിച്ചുവിട്ടതെന്നു പറയുകയാണ് സംവിധായകന്‍ എം.സി.ജോസഫ്. മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന വികൃതിയെക്കുറിച്ച് ജോസഫ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ നിന്നും ദുരനുഭവം നേരിട്ട വ്യക്തിയുടെ കഥ, ഇതില്‍ സിനിമ കണ്ടത് എപ്പോഴാണ്?

മാധ്യമങ്ങളാണ് സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് അന്ന് പുറത്ത് കൊണ്ടുവന്നത്. കൊച്ചി മെട്രോയില്‍ മയങ്ങിക്കിടന്ന നിലയില്‍ കാണപ്പെട്ട എല്‍ദോ എന്ന വ്യക്തി ബധിരനും മൂകനുമാണെന്നുമുള്ള വിവരങ്ങള്‍ പിന്നീട് പുറത്തു വന്നു. വികൃതിയുടെ സ്‌ക്രിപ്റ്റ് എഴുതിയ അജീഷ് പി തോമസിന്റെ ഭാര്യവീടിനടുത്താണ് എല്‍ദോയുടെയും വീട്. അങ്ങനെ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

എല്‍ദോയ്ക്കുണ്ടായ ദുരനുഭവവും അയാളുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചതുമെല്ലാം കണ്ടും കേട്ടുമറിഞ്ഞപ്പോള്‍ അയാളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷ കൊണ്ടു തന്നെ വിശദമായി അന്വേഷിച്ചു. അംഗവൈകല്യങ്ങളെ മറികടന്നുള്ള അദ്ദേഹത്തിന്റെ ജീവിതം എന്നെ അത്ഭുതപ്പെടുത്തി. പരിമിതികളെയെല്ലാം അവഗണിച്ചുകൊണ്ട് നല്ലൊരു അച്ഛനും ഭര്‍ത്താവും ഗൃഹനാഥനുമൊക്കെയായി ഉത്തരവാദിത്വപൂര്‍ണമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ നേരില്‍ ചെന്നു കണ്ടു. അദ്ദേഹത്തിനു വന്നുപെട്ട മോശം അനുഭവത്തിന്റെ വലുപ്പം അന്നെനിയ്ക്ക് മനസ്സിലായി. സോഷ്യല്‍സ്റ്റാറ്റസ് തന്നെ മാറുന്നു, കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്നങ്ങളുണ്ടാകുന്നു. അതെല്ലാം എന്റെ മനസിലൂടെ കടന്നുപോയി.

ഇതാരായിരിക്കും ഇങ്ങനെ ഇദ്ദേഹത്തോടു ചെയ്തത് എന്ന ചിന്തയാണ് സിനിമയിലേക്കു വഴിതിരിച്ചുവിട്ടത്. എല്‍ദോ കിടന്നുറങ്ങുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റ് ചെയ്ത് ദുഷ്പ്രചരണം നടത്തിയ ആ മനുഷ്യന്‍ ഇവിടെതന്നെ ജീവിച്ചിരിപ്പുണ്ടല്ലോ. ഈ രണ്ടു കഥാപാത്രങ്ങളെപ്പറ്റി ചിന്തിച്ചപ്പോഴാണ് അതിലൊരു സിനിമയുണ്ടെന്നു തിരിച്ചറിഞ്ഞത്. രണ്ടുപേര്‍ക്കും അവരവരുടെ ജീവിതങ്ങള്‍ പറയാനുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ അയാള്‍ നമ്മുടെയൊക്കെ പ്രതിനിധിയാണ്. സോഷ്യല്‍മീഡിയയില്‍ നാം കാണുന്ന പല പോസ്റ്റുകളുടെ വാസ്തവം പരിശോധിക്കാതെ ഷെയര്‍ ചെയ്യും. നമ്മില്‍ പലരും ചെയ്യുന്ന കാര്യം തന്നെയാണ്.

സമീര്‍ എന്ന ഗള്‍ഫുകാരന്‍ കഥാപാത്രം സമൂഹത്തിന്റെ പ്രതിനിധിയാണ്..

സമീര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ്. അയാള്‍ക്ക് ഗള്‍ഫിലും നാട്ടിലും വ്യത്യസ്ത സൗഹൃദങ്ങളുണ്ട്. ഗള്‍ഫിലുള്ളവര്‍ക്ക് നാട്ടിലുള്ള കാഴ്ചകള്‍ കാണിച്ചുകൊടുക്കും. നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫിലെ വിശേഷങ്ങളും. മലയാളിക്ക് ഒരുപാടുകാലമായി പരിചയമുള്ള ഒരു ഗള്‍ഫുകാരന്റെ പരിവേഷം കൊടുക്കാന്‍ കാരണം. സിനിമയിലെ സമീറിന് സമയ നിബന്ധനയുണ്ട്. വിവാഹം കഴിക്കാനായി ഒരു മാസത്തെ ലീവിനാണ് അദ്ദേഹം വരുന്നത്. അയാള്‍ നാട്ടില്‍ ചെലവിടുന്ന ഒരു മാസത്തെ കഥയാണ് ഈ സിനിമ.

ആദ്യ സിനിമയാണ് വികൃതി. ഇതിനായി എത്ര നാള്‍ ചെലവിട്ടു? നേരിടേണ്ടി വന്ന വെല്ലുവിളികള്‍?

അഞ്ചാറു വര്‍ഷമായി ഒരു സിനിമ ചെയ്യണമെന്ന മോഹവുമായി നടക്കുന്നു. സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കഥകളുമായി നിരവധി നിര്‍മ്മാതാക്കളുടെയടുത്തും നായകന്‍മാരുടെ അടുത്തും ചെന്നിട്ടുണ്ട്. കഥ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ഡേറ്റു ചോദിച്ചിട്ടുണ്ട്. അങ്ങനെ നിരവധി കാലമായുള്ള പ്രയത്‌നങ്ങളുടെ ഫലമാണ് ഈ സിനിമ. വികൃതിക്കുവേണ്ടി രണ്ടു വര്‍ഷം കാത്തിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് സൗബിനോടു കഥ പറയുന്നത്. ഇഷ്ടപ്പെട്ടുവെന്നും ചെയ്യാമെന്നും പറഞ്ഞു. അന്നേ സമീര്‍ സൗബിനെന്ന് നിശ്ചയിച്ചിരുന്നു. കാഴ്ച്ചക്കാരന്‍ ആ കഥാപാത്രത്തിന്റെ കൂടെ സഞ്ചരിക്കണമെന്നു ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ തെറ്റായ പ്രചരണം നടത്തുന്ന കഥാപാത്രത്തിനോട് പ്രേക്ഷകന് ദേഷ്യവും അമര്‍ഷവും തോന്നണം. അതേ സമയം അതിനൊരു ബാലന്‍സ് വേണം. അത് അധികമാകരുത് താനും. കാരണം നമ്മിലൊരാളായാണ് സമീറെത്തുന്നത്. വളരെ ഭംഗിയായി തന്മയത്വത്തോടെ സൗബിന്‍ അവതരിപ്പിക്കുകയും ചെയ്തു. ബധിരനും മൂകനുമായ എല്‍ദോ എന്ന കഥാപാത്രത്തിന് സുരാജ് തന്നെയെന്ന് അധികമാലോചിക്കാതെയാണ് തീരുമാനമെടുത്തത്. ഇരുവരെയും ഒന്നിച്ചു കിട്ടാന്‍ ഒന്നരവര്‍ഷത്തോളം കാത്തിരുന്നു.

പുരസ്‌കാര ജേതാക്കളായ രണ്ടു പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു.. ടെന്‍ഷനായിക്കാണുമല്ലോ?

സത്യത്തില്‍ തെല്ലൊന്നു പരിഭ്രമിക്കാതിരുന്നില്ല. രണ്ടുപേരും ചേര്‍ന്നുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുള്ള ചിത്രമായിരിക്കുമിതെന്ന തരത്തില്‍ പ്രേക്ഷകന്റെ പ്രതീക്ഷ വളരുന്നുണ്ടെന്നു മനസ്സിലായി. നല്ല റിവ്യൂസ് കേള്‍ക്കുമ്പോള്‍ സന്തോഷം..

സോഷ്യല്‍മീഡിയയില്‍ പലരും വികൃതി ഒരു കരച്ചില്‍ പടമാണ് എന്നു വിലയിരുത്തിയതായി കണ്ടു..

കരച്ചില്‍ പടമാണെന്ന കമന്റുകള്‍ ഞാന്‍ കണ്ടിട്ടില്ല. കണ്ണും മനസ്സും നിറച്ചുവെന്നാണ് പലരും എന്നോടു പറഞ്ഞത്. കരഞ്ഞു. പക്ഷേ വേദന കൊണ്ടല്ല, സന്തോഷം കൊണ്ടു മനസു നിറഞ്ഞിട്ടാണ്. വിഷമിപ്പിക്കുന്ന സിനിമ അല്ല, മറിച്ച് ഫീല്‍ഗുഡ് സിനിമയാണ് വികൃതി. അതിനെയായിരിക്കാം ആളുകള്‍ കരച്ചില്‍ പടമെന്നു തെറ്റിദ്ധരിച്ചത്. സാഹചര്യങ്ങള്‍ക്കനുയോജ്യമായ തരത്തിലുള്ള തമാശകളും ചിത്രത്തിലുണ്ട്. മുഴുനീള എന്റര്‍ടെയിനര്‍ തന്നെയാണ്.

പരസ്യമാണോ സിനിമയിലേക്കടുപ്പിച്ചത്?

പരസ്യസംവിധാന മേഖലയില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. സ്റ്റോറി ബോര്‍ഡ് റൈറ്ററും കാര്‍ട്ടൂണിസ്റ്റുമൊക്കെയായ അജീഷും ഞാനും ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. ഒരു മ്യൂസിക് വീഡിയോയും ഷോര്‍ട്ട് ഫിലിമും ചെയ്തു. സിനിമ കണ്ട്, ചെയ്തു സിനിമയെക്കുറിച്ച് പഠിച്ചയാളാണ്. 2013ല്‍ നീ എവിടെ എന്ന ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. അതുകഴിഞ്ഞ് 2017ല്‍ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി പെട്ടി 6' എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. എന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസ് ആയ പേരക്ക മീഡിയ ആണ് നിര്‍മ്മിച്ചത്. ഇവ രണ്ടിനും നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. വികൃതിയ്ക്കായി രണ്ടു വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ ചെയ്യാനുള്ള സമയവും കിട്ടി.

റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും വികൃതിയ്ക്കുവേണ്ടിയും വിന്‍സിക്കായി ഓഡിഷന്‍ നടത്തിയിരുന്നു. ഓഡിഷനുകളിലൂടെയാണ് ചിത്രത്തിലെ പല പുതിയ താരങ്ങളെയെല്ലാം തിരഞ്ഞെടുത്തത്.

സിനിമ പഠിച്ചിട്ടുണ്ടോ?

പഠിച്ചത് ഫിസിക്‌സാണ്. ഒരു കോര്‍പറേറ്റ് കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായി നിരവധി കാലം ജോലി ചെയ്തിരുന്നു. പരസ്യ സംവിധാനം അയാളുടെ പരിധിയില്‍ വരുന്ന കാര്യമാണല്ലോ. കേരള ടൂറിസം മുതല്‍ ദേശീയ അന്തരാഷ്ട്ര തലത്തില്‍ വരെയുള്ള പരസ്യങ്ങളാണ്. ദുബായ് മീഡിയ സിറ്റിയിലും കുറെകാലം ജോലിചെയ്തിരുന്നു. സിനിമ കണ്ട്, ചെയ്തു സിനിമയെക്കുറിച്ച് പഠിച്ചയാളാണ്.

പുതിയ പ്രൊജക്ടുകള്‍

സ്‌ക്രിപ്‌റ്റെഴുതുന്നുണ്ട്. ഉടനെയില്ല. പുതിയ ടീമിനൊപ്പമാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്തത്. അതിനാല്‍ തന്നെ വികൃതിയുടെ വിജയത്തിന് മധുരം കൂടുതലുണ്ട്.

പുതിയ സംവിധായകരില്‍ പലരും ഇന്‍ഡസ്ട്രിയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാന്‍ ഷോര്‍ട്ട് ഫിലിംസും മ്യൂസിക് വീഡിയോസും ചെയ്യുന്നുണ്ട്...

എന്തെങ്കിലുമൊന്ന് പ്രൂവ് ചെയ്യാന്‍ വേണ്ടിയായിരുന്നില്ല. താത്പര്യം കൊണ്ടു ചെയ്തതാണ്. ആനിമേഷന്‍ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. അതില്‍ നിന്നും കൂടുതല്‍ ചെയ്യണമെന്ന മോഹം കൊണ്ടു തന്നെയാണ് സിനിമ ചെയ്തത്. അതോടൊപ്പം നമ്മളൈന്താണ് എന്നത് കാണിക്കാന്‍ അതെല്ലാം ഉപകരിച്ചു എന്നതും സത്യമാണ്.

Content Highlights : vikruthi movie director emcy joseph interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram