ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് വിജയിപ്പിക്കാന്‍ പ്രതിഭയുള്ള സംവിധായകന്റെ കൈയ്യടക്കം വേണം. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെ ജിസ് ജോയ് ഏറെ പ്രതീക്ഷ സമ്മാനിക്കുന്നു. ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ടിന്റെ വിജയം കൂടിയാണിത്. ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുമ്പോള്‍ സംവിധായകന്‍ ജിസ്‌ജോയ് വിശേഷങ്ങള്‍ പങ്ക് വെക്കുന്നു.
''ആസിഫ് എന്ന നടന്‍ മനസ്സ് വെച്ചില്ലായിരുന്നെങ്കില്‍ ജിസ്ജോയ് എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ല. ആ കടപ്പാട് എനിക്കുണ്ട്.
ഞാന്‍ ആദ്യമായി ഒരുക്കിയ തിരക്കഥയായിരുന്നു ബൈസിക്കിള്‍ തീവ്സ്. എനിക്ക് ഏറെ വിശ്വാസമുള്ള ചിത്രമായിരുന്നു അത്. ആ ചിത്രത്തിന്റെ കഥ പറയാന്‍ ഒരു പാട് യുവതാരങ്ങളെ സമീപിച്ചു. പക്ഷേ, അവര്‍ക്കാര്‍ക്കും ആ കഥ മനസ്സിലായില്ല. ഒരു പാട് ട്വിസ്ററുകള്‍ ചേര്‍ന്ന കഥയുള്ള ആ ചിത്രം പുതുമുഖ സംവിധായകനായ എനിക്ക് എടുക്കാന്‍ പറ്റുമോയെന്നതായിരുന്നു പലര്‍ക്കും സംശയം. അങ്ങനെ ആ കഥയുമായി ഒരു പാട് അലഞ്ഞു. അങ്ങനെയിരിക്കെയാണ് നിര്‍മാതാവായ ആന്റോജോസഫിന്റെ നിര്‍ദേശത്തില്‍ ആസിഫ് അലിയെ കാണാന്‍ ഞാന്‍ 'ഐ ലൗ മീ' എന്ന ചിത്രത്തിന്റെ സെറ്റില്‍ ചെന്നു. അന്ന് ആസിഫ് ബി.എം.ഡബ്ല്യു. കാര്‍ വാങ്ങിയ ദിവസമായിരുന്നു. അന്ന് ആസിഫിന് ഉച്ചയ്ക്ക് ശേഷമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ട ഉടന്‍ അദ്ദേഹം പുതിയ വണ്ടിയിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ ടൗണിലെ ഒരു കോഫി ഷോപ്പിലെത്തി, ഞാന്‍ കഥ പറഞ്ഞു. രണ്ട് മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ആസിഫ് കഥ കേട്ട ഉടന്‍ നമുക്കിത് ചെയ്യാമെന്ന് പറഞ്ഞ് കൈതന്നു. അങ്ങനെയായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ടിന്റെ തുടക്കം. അതൊരു പരസ്പരം തിരിച്ചറിവായിരുന്നു. ആസിഫ് കൂടി ആ പടത്തിന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇന്നും പരസ്യ ചിത്രങ്ങളുടെ മാത്രം സംവിധായകനായി ഒതുങ്ങിപ്പോയെനേ...
അടുത്ത ചിത്രത്തില്‍ വീണ്ടും ഒന്നിക്കാം എന്ന ഉറപ്പിലായിരുന്നു ഞങ്ങള്‍ ആദ്യ ചിത്രത്തിന്റെ പാക്കപ്പ് ചെയ്തത്. ആ വാക്കിന്റെ പുറത്താണ് സണ്‍ഡേ ഹോളിഡേ എന്ന രണ്ടാമത്തെ ചിത്രത്തില്‍ വീണ്ടും ഒന്നിച്ചത്.
മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ നായകനായി വീണ്ടും ആസിഫ് എത്തിയത് തികച്ചും യാദൃച്ഛികമായിരുന്നു. കഥ എഴുതി വന്നപ്പോള്‍ പ്രായംകൊണ്ട് ആസിഫ് തന്നെയായിരുന്നു കഥാപാത്രത്തിന് ഏറെ ചേര്‍ച്ചയുള്ള താരം. ഇത്തരം അലസനായ നിരവധി കഥാപാത്രങ്ങള്‍ ആസിഫ് അവതരിപ്പിച്ചെങ്കിലും അതില്‍ നിന്നെല്ലാം ഈ കഥാപാത്രം വ്യത്യസ്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ''
ഈ ചിത്രം യഥാര്‍ഥ ജീവിതകഥയുടെ പ്രേരണയില്‍ നിന്നാണെന്ന് താങ്കള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു... അതെ, തരുണ്‍ ഭാസ്‌കര്‍ ദാസ് എന്ന തെലുഗ് ഡയറക്ടറുടെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ച കഥയാണ് ഈ ചിത്രത്തിന് പ്രചോദനമായത്. അദ്ദേഹം എന്റെ അടുത്ത ചങ്ങാതിയാണ്. ആ കഥയുടെ മറ്റൊരു രൂപത്തില്‍ അദ്ദേഹമൊരു ചിത്രമൊരുക്കിയിരുന്നു.
നിങ്ങളുടെ കൂട്ടുകെട്ടില്‍ ഐശ്വര്യ ലക്ഷ്മി എത്തിയത് എങ്ങനെയാണ് ...?
ഞാന്‍ ഈ ചിത്രത്തിനായ് വിളിക്കുമ്പോള്‍ ഐശ്വര്യ മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍പ്പെട്ട് കിടക്കുകയായിരുന്നു. എന്നിട്ടും ഞാന്‍ ഈ ചിത്രത്തിന്റെ തിരക്കഥ അയച്ചുകൊടുത്തു. രണ്ട് ദിവസം കൊണ്ട് തിരക്കഥ വായിച്ച്, ഇഷ്ടപ്പെട്ട് ആ ബിഗ് ബജറ്റ് ചിത്രം വിട്ട് അവള്‍ ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാനെത്തി. പ്രതിഫലംപോലും നോക്കാതെ കഥാപാത്രം മാത്രം നോക്കിയാണ് ഐശ്വര്യ ഈ ചിത്രത്തിന്റെ ഭാഗമായത്.
താങ്കളുടെ എല്ലാ ചിത്രങ്ങളും സംഗീത പ്രാധാന്യമുളളവയായിരുന്നല്ലോ?
പാട്ടുകള്‍ സിനിമയെ കുറെക്കാലം ചര്‍ച്ച ചെയ്യാന്‍ സഹായിക്കുന്ന ഘടകമാണ്. ചിത്രീകരണത്തിനൊപ്പം നല്ല പാട്ടുകള്‍ക്കായി ഞാന്‍ സമയം കണ്ടെത്താറുണ്ട്. ഈ സിനിമയില്‍ 6 പാട്ടുകള്‍ ഉണ്ട്. കഥ പറച്ചിലിന് കല്ല് കടിക്കാതെ അവ സിനിമയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ചിത്രത്തിലെ സംഭാഷണം പോലെയാണ് ചിത്രത്തില്‍ ഞാന്‍ പാട്ടുകള്‍ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസനൊപ്പം ആസിഫ് അലിയും ബാലുവും ഈ ചിത്രത്തില്‍ പാടുന്നുണ്ട്.
പുതിയ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
കുടുംബ സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ഞാന്‍. ആദ്യംമുതല്‍ അവസാനംവരെ ചുണ്ടില്‍ പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രമാണിത്. ഈ ചിത്രം പ്രേക്ഷകരെ ഒരിക്കലും ടെന്‍ഷനടിപ്പിക്കില്ല. കഴിഞ്ഞ ചിത്രങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞാന്‍ ഈ സിനിമയെ സമീപിച്ചത്. മാത്രമല്ല സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ സംഭാഷണങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
ആസിഫ് അലിയും ഐശ്വര്യാ ലക്ഷ്മിയും ചിത്രത്തില്‍ മത്സരിച്ചഭിനയിച്ചിട്ടുണ്ട്.
Content Highlights: vijay superum pournamiyum movie director jis joy aishwarya lekshmi asif ali