മൂന്നു പതിറ്റാണ്ടു കാലമായി മലയാള സിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടിയാണ് ഉര്‍വശി. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായെത്തിയ അവര്‍ ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിമാരായ നായികാ സങ്കല്‍പങ്ങളിലൊരാളായിരുന്നു. ഉര്‍വശി തന്റെ ഏറ്റവും പുതിയ ചിത്രമായ എന്റെ ഉമ്മാന്റെ പേരിലെ ഐഷുമ്മ എന്ന കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പങ്കുവച്ചു.
"ഡബ്ബ് ചെയ്തു തുടങ്ങിയതില്‍ പിന്നെ വടക്കന്‍ ഭാഷയില്‍ സംസാരിച്ച ആദ്യ സിനിമ ഒരുപക്ഷേ എന്റെ ഉമ്മാന്റ പേര് ആണ്. എനിക്കേറെ വഴങ്ങുന്നതും സംസാരിക്കാന്‍ സുഖം തോന്നിയിട്ടുമുള്ളത് മധ്യ തിരുവിതാംകൂര്‍ ശൈലിയാണ്. എന്നാല്‍ ഈ ചിത്രത്തില്‍ വടക്കന്‍ ശൈലി തന്നെ വേണമെന്നുണ്ടായിരുന്നതിനാലും ചിത്രത്തിലെ ഐഷുമ്മ വളരെ ലൈവായ കഥാപാത്രമാണ് എന്നതിനാലും ഏറെ ശ്രദ്ധിച്ചാണ് ഡബ്ബ് ചെയ്തത്. രണ്ടു മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആ ശൈലിയുമായി പൊരുത്തപ്പെട്ടു.
ഹീറോയുടെ അമ്മയായി അഭിനയിക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു. ടൊവീനോ വളരെ ഫ്രണ്ട്‌ലിയായതിനാല്‍ അമ്മയായുള്ള റോളില്‍ ഞാനും എനിക്കും കംഫര്‍ട്ടബിളായിരുന്നു. ടൊവീനോയോടൊപ്പം എന്റെ ആദ്യ ചിത്രമാണിത്. പുതിയ ജനറേഷനില്‍ ഞാന്‍ മുമ്പു ആസിഫിനൊപ്പം മാത്രമേ അഭിനയിച്ചിട്ടുള്ളൂ-ഉര്‍വശി തുറന്നു പറഞ്ഞു.
ലളിതമായ റോളെന്ന് തോന്നുമെങ്കിലും ലൈറ്റല്ലായിരുന്നു. ഐഷുമ്മ എന്ന മലബാറുകാരി കഥാപാത്രം. ഇത് ആദ്യമായൊന്നുമല്ലല്ലോ വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത്. അവിടുത്തെ ആളുകളുടെ ആതിഥ്യമര്യാദയും പെരുമാറ്റവുമെല്ലാം കുറെയേറെ കണ്ടിട്ടും ആസ്വദിച്ചിട്ടുമുള്ള ആളെന്ന നിലയില്‍ മലബാറിലാണ് കൂടുതല്‍ സിനിമാ ആരാധകരെന്ന് തോന്നിയിട്ടുണ്ട്. പിന്നെ കെ പി എ സി ലളിത, മാമുക്കോയ എന്നിവരുടെയൊപ്പമെല്ലാം മുമ്പ് ഒരുപാടു ചിത്രങ്ങളില്‍ എത്തിയിട്ടുള്ളതിനാല്‍ അവരോടൊപ്പമെല്ലാം അഭിനയിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നാറുണ്ട്. ടൊവി ആ കൂട്ടത്തില്‍ പെടാത്ത ആളാണെന്നു തോന്നിയിരുന്നില്ല എന്നതാണ് സത്യം. എല്ലാവരുമായും ഇടപെഴകുന്ന വളരെ സഹകരണത്തോടെയുള്ള പെരുമാറ്റം കൊണ്ടു തന്നെയായിരിക്കാം.
ഇന്ന് കുടുംബ ചിത്രങ്ങള്‍ വേരറ്റു പോകുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഒരു നായകന്‍, അയാള്‍ക്കു പുറകെ കുറേ കൂട്ടുകാര്‍ അവരൊന്നിച്ചുള്ള യാത്രകള്‍, സംഭവങ്ങള്‍.. ഇവയെല്ലാം വിവരിക്കുന്ന കൂട്ടത്തില്‍ സിനിമ കുടുംബം എന്നതില്‍ നിന്നു വിട്ടു പുറത്തു പോകുന്നു എന്നു തോന്നിയിട്ടുണ്ട്. കൂടുതലും കുടുംബ ചിത്രങ്ങളില്‍ അഭിനയച്ചിട്ടുള്ള വ്യക്തി എന്ന നിലയില്‍ വിഷമം തോന്നുന്നുണ്ട്- ഉര്‍വശി പറഞ്ഞു.
Content Highlights : Urvasi talks about her new film Ente Ummante peru, actor Tovino Thomas, new malayalam film