ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'മേപ്പടിയാന്‍' സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ തുടങ്ങുന്നു. സിനിമയുടെ കഥപറയാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു മോഹന്‍ ഒറ്റപ്പാലത്തേക്കെത്തി. ആദ്യകേള്‍വിയില്‍ത്തന്നെ ഉണ്ണിക്ക് കഥ ഇഷ്ടമായി. മേപ്പടിയാനൊപ്പം സഹകരിക്കാമെന്ന് ഉറപ്പിച്ചു. സിനിമയുടെ തുടര്‍ചര്‍ച്ചകള്‍ക്കിടയില്‍ ഉണ്ണി മുകുന്ദനുമായി കൂടുതല്‍ അടുത്തപ്പോഴാണ് സംവിധായകന്‍ അദ്ദേത്തിനുണ്ടായൊരു തെറ്റിദ്ധാരണയെക്കുറിച്ച് പറഞ്ഞത്. മടിച്ചുമടിച്ചാണ് മേപ്പടിയാന്റെ കഥപറയാന്‍ ഒറ്റപ്പാലംവരെ ചെന്നതെന്നും ഇത്തരമൊരു കഥ ഉണ്ണിക്കിഷ്ടമാവില്ലെന്നും സിനിമാ സുഹൃത്തുക്കള്‍ പറഞ്ഞുകൊണ്ടിരുന്നു. യാത്ര പാഴാകുമെന്ന കൂട്ടുകാരുടെ ഉപദേശം തള്ളിയാണ് വിഷ്ണു ഒറ്റപ്പാലത്തെ വീട്ടിലേക്ക് ചെന്നത്.
അടിയും ഇടിയും ഇല്ലാത്ത സിനിമകളുമായി ഉണ്ണി മുകുന്ദന്‍ സഹകരിക്കില്ലെന്നൊരു അടക്കംപറച്ചില്‍ മലയാള സിനിമയ്ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സിക്‌സ് പാക് ശരീരം കാണിക്കുന്ന കഥാപാത്രങ്ങളും ഉശിരന്‍ സംഘട്ടനങ്ങളുമെല്ലാമുള്ള സിനിമകളില്‍ മാത്രമേ ഉണ്ണി അഭിനയിക്കുകയുള്ളൂവെന്നൊരു ധാരണ മലയാള സിനിമക്കാര്‍ക്കിടയിലുണ്ട്. ''മസിലളിയന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ ആദ്യമെല്ലാം ആഹ്ലാദമായിരുന്നു. എന്നാല്‍, ഇന്ന് അത്തരം വിളികളിലൂടെ എന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്താനുള്ളൊരു ശ്രമമാണ് നടക്കുന്നത്. ശരീരം കാണിക്കുന്ന, ആക്ഷന് പ്രാധാന്യമുള്ള സിനിമകളും കഥാപാത്രങ്ങളുമാണ് എനിക്കുവേണ്ടതെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല.''
മാമാങ്കത്തിലെ ചന്ത്രോത്ത് പണിക്കര്‍ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍
മാമാങ്കമെന്ന സിനിമ അഭിനയജീവിതത്തില്‍ എനിക്കുലഭിച്ച മുതല്‍ക്കൂട്ടാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാടുപേര്‍ കഥാപാത്രത്തെ അഭിനന്ദിച്ചുകൊണ്ട് വിളിക്കുന്നു. സിനിമയ്ക്കായി എടുത്ത പ്രയത്‌നങ്ങള്‍ ഫലം കണ്ടു എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാള്‍പ്പയറ്റും കുതിരസവാരിയുമെല്ലാം അഭ്യസിച്ച് വലിയൊരു കാലമാണ് മാമാങ്കത്തിനായി ചെലവിട്ടത്.
സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പോയപ്പോള്‍ അവിടെയെല്ലാവരും കഥാപാത്രത്തെക്കുറിച്ചാണ് ചോദിച്ചത്. ചന്ത്രോത്ത് പണിക്കരായിമാറാന്‍ എടുത്ത കാര്യങ്ങളെല്ലാമാണ് അവര്‍ക്കെല്ലാം അറിയേണ്ടിയിരുന്നത്. വ്യക്തിപരമായ വിശേഷങ്ങള്‍ അന്വേഷിക്കാതെ, കഥാപാത്രത്തെയും സിനിമയെയും കുറിച്ച് ചോദിച്ചുവെന്നത് സിനിമ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വീകാര്യതയ്ക്ക് തെളിവാണ്.
ഉണ്ണി മുകുന്ദനെ കാണുമ്പോള്‍ ശരീരത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമാണ് എല്ലാവരും ആദ്യം ചോദിക്കുന്നത്, എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ
കാണുമ്പോഴൊക്കെ മസില്‍ കൂടി, കുറഞ്ഞു, വണ്ണംവെച്ചു എന്നെല്ലാമുള്ള കമന്റുകള്‍ പലരും പറയാറുണ്ട്. ആദ്യം തമാശയായിത്തോന്നിയിരുന്നെങ്കിലും അതിലെല്ലാമൊരു കളിയാക്കല്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഇന്ന് മനസ്സിലാക്കുന്നു. അന്യഭാഷാസിനിമകളിലെ അഭിനേതാക്കള്‍ ശരീരം ശ്രദ്ധിക്കുന്നതും വ്യായാമത്തിലൂടെ മുന്നോട്ടുപോകുന്നതുമെല്ലാം അവരുടെ ജോലിയുടെ ഭാഗമാണ്. തമിഴിലും ഹിന്ദിയിലുമെല്ലാം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍പോലും കൃത്യമായി ജിമ്മില്‍ പോകുന്നവരാണ്.
മലയാളത്തില്‍ പലര്‍ക്കും ഒന്നിനുപിറകെ ഒന്നായി സിനിമകള്‍ വരുന്നതിനാല്‍ കഥാപാത്രത്തിനായി രൂപമാറ്റംവരുത്താന്‍ സമയം കിട്ടുന്നില്ല. സിനിമയില്‍ അഭിനയിച്ചുതുടങ്ങുന്നതിനുമുമ്പേ ഞാന്‍ ശരീരം ശ്രദ്ധിക്കുകയും ജിമ്മില്‍ പോകുകയും ചെയ്തിട്ടുണ്ട്. വ്യായാമം ജീവിതചര്യയുടെ ഭാഗമാണ്. ഒരു നടന്‍ എന്നനിലയില്‍ ശരീരം എന്റെ ടൂളാണ്, അത് കൃത്യമായി നിലനിര്‍ത്തുകയെന്നത് എന്റെ കടമയും.
കഥ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാണ്
അഭിനയിക്കുന്ന ഓരോ സിനിമയും വ്യത്യസ്തമാകണം, ഒരു വേഷം വിജയിച്ചുകഴിഞ്ഞാല്‍ അതിനോട് സാമ്യമുള്ള കഥാപാത്രവും കഥാസന്ദര്‍ഭങ്ങളും വീണ്ടും എത്തുകയെന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. മാമാങ്കത്തിലെ ചന്ത്രോത്ത് പണിക്കര്‍ക്കുശേഷം മേപ്പടിയാന്‍ എന്ന സിനിമയിലേക്കാണ് ചെല്ലുന്നത്. മേപ്പടിയാനിലെ കഥാപാത്രം രൂപംകൊണ്ടും ഇടപെടല്‍കൊണ്ടും ഇതുവരെ ചെയ്തതില്‍നിന്ന് വ്യത്യസ്തമാണ്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുന്ന ജയകൃഷ്ണന്‍ എന്ന മെക്കാനിക്കിനെയാണ് അവതരിപ്പിക്കുന്നത്. അയാള്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളും അതുനടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ. ഒരേസമയം ഒരുപാട് കഥകള്‍ കേള്‍ക്കുന്ന ശീലമില്ല. എനിക്കിഷ്ടമാകാത്ത കഥകള്‍ മോശമാണെന്നു പറയാനാകില്ല. അവതരിപ്പിക്കാന്‍ കഴിയുന്ന ആദ്യകേള്‍വിയില്‍ത്തന്നെ താത്പര്യമുണ്ടാക്കുന്ന കഥയ്‌ക്കൊപ്പം സഞ്ചരിക്കുന്നതാണ് പതിവ്. തൊട്ടടുത്ത് ചെയ്യാനുള്ള മൂന്നു സിനിമകള്‍ മാത്രമേ എപ്പോഴും മുന്നിലുണ്ടാകുകയുള്ളൂ.
മലയാളത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ അന്യഭാഷകളിലും സജീവമാകുകയാണോ...
മാമാങ്കത്തിനുശേഷം ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍നിന്നെല്ലാം ഓഫറുകള്‍ എത്തുന്നുണ്ട്. പുതിയ വര്‍ഷം മലയാളത്തിനുപുറത്തും സജീവമാകും. 'ജനതാഗാരേജും', 'ബാഗ്മതി'യും വിജയം നേടിയ അന്യഭാഷാചിത്രങ്ങളാണ്. തെലുങ്കിലത് ഗുണം ചെയ്തിട്ടുണ്ട്. നെഗറ്റീവ് വേഷത്തിലാണെങ്കിലും ലാലേട്ടനും ജൂനിയര്‍ എന്‍.ടി.ആറിനുമൊപ്പം മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജനതാഗാരേജില്‍ കഴിഞ്ഞു. ബാഗമതി ജപ്പാനിലെ ഫിലിം ഫെസ്റ്റിവലിലെല്ലാം പ്രദര്‍ശിപ്പിച്ചു. അക്ഷയ്കുമാര്‍ സിനിമയെ ഹിന്ദിയിലേക്ക് കൊണ്ടുപോയി. തെലുങ്കില്‍ രണ്ടുസിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും അതുണ്ടാക്കിയ ഇളക്കം വലുതായിരുന്നു. മലയാളത്തെ അപേക്ഷിച്ച് പ്രൊഫഷണലിസം കൂടിയ സിനിമാമേഖലയാണ് തെലുങ്ക്. നിര്‍മാണച്ചെലവ് വലുതായതിനാല്‍ ചെറിയകാര്യങ്ങളില്‍പ്പോലും ശ്രദ്ധയോടെയാണവര്‍ നീങ്ങുന്നത്.
ഉണ്ണി മുകുന്ദന്റെ വിവാഹം
വിവാഹം ഒരു ചോദ്യമായി മനസ്സില്‍ കിടക്കുന്നുണ്ട്. നടനായതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും പെണ്ണുകിട്ടുമെന്ന അഹങ്കാരമൊന്നും വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്കിടെ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി മനസ്സുനിറയെ സിനിമയാണ്. കരുത്താര്‍ന്ന, പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിനിടയില്‍ വിവാഹം മറന്നുപോകുന്നതല്ല. പക്ഷേ, നീണ്ടുപോകുന്നു.
Content Highlights : Unni Mukundan Interview On New Movie Mamangam Meppadiyan