മാഷെ, ഈ ഇത് ഇണ്ടല്ലോ, ഇത് അനുഭവിക്കാത്തവര്‍ക്ക് പറഞ്ഞാ മനസിലാവൂലാന്ന്' തമാശയിലെ തമാശക്കാരനായ റഹീമായി കൈയടി നേടുകയാണ് കോഴിക്കോട്ടുക്കാരന്‍ നവാസ് വള്ളിക്കുന്ന്. കോഴിക്കോടിന്റെ നാട്ടിടവഴികളിലെങ്ങോ കൂടെകൂടുന്ന നന്മനിറഞ്ഞ കോഴിക്കോട്ടുകാരനെപ്പോലെ സിനിമ കഴിയുമ്പോഴും പ്യൂണ്‍ റഹീം എന്ന കഥാപാത്രം പ്രേക്ഷകനൊപ്പം തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരുന്നു. സുഡാനി ഫ്രം നൈജീരിയയില്‍ കൈയടി നേടി നവാസ് തമാശയിലെത്തുമ്പോഴേക്കും നല്ല നടനെന്ന് വിശേഷണം നേടിക്കഴിഞ്ഞു. കോഴിക്കോട് വള്ളിക്കുന്നുകാരന്‍ നവാസ് സംസാരിക്കുന്നു.
തേടിവന്ന സുഡാനി
ഏതൊരുസാധാരണക്കാരനെപ്പോലെയും ചെറുപ്പംതൊട്ടേ സിനിമ ഒരു ആഗ്രഹമായി ഖല്‍ബില്‍ കൂടിയിരുന്നു. എന്നാല്‍ ചുറ്റുപാടുകള്‍ അനുകൂലമല്ലാത്തതിനാല്‍ നാട്ടില്‍ പെയിന്റിങ് പണിയൊക്കെ ചെയ്ത് പോകുകകായിരുന്നു. ചെറുപ്പം തൊട്ടേ പ്രേംനസീറിന്റെ കടുത്ത ആരാധകനാണ്. മിമിക്രിവേദികളില്‍ നസീറിനെ അനുകരിക്കലായിരുന്നു പ്രധാനപരിപാടി. കുറേ ചാനലുകളില്‍ റിയാലിറ്റി ഷോ ചെയ്തെങ്കിലും ക്ലിക്കായില്ല. പിന്നീട് ഒരു സ്വകാര്യ ചാനലിലെ കോമഡി റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അതില്‍ ജനപ്രിയ താരമായി. അതിലെ പ്രകടനം കണ്ട് ഗള്‍ഫില്‍ നിന്നെല്ലാം ഒരുപാടുപേര്‍ അഭിനന്ദനമറിയിച്ചു. ചിലര്‍ നാട്ടിലെത്തുമ്പോള്‍ വീട്ടിലൊക്കെ വരികയും സമ്മാനങ്ങള്‍ തരികയും ചെയ്യും. റിയാലിറ്റി ഷോയിലെ പ്രകടനം കണ്ടാണ് സുഡാനി ഫ്രം നൈജീരിയയിലേക്ക് സക്കരിയ വിളിക്കുന്നത്. സിനിമ വന്‍ഹിറ്റായതോടെ അതിലെ ലത്തീഫ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടി. പിന്നാലെ ഫ്രഞ്ച് വിപ്ലവം എന്നൊരു സിനിമയില്‍ അഭിനയിച്ചു.സക്കരിയയും ഷൈജു ഇക്കയും സമീറിക്കയുമെല്ലാം നല്ല കഥാപാത്രങ്ങള്‍ നോക്കി തെരഞ്ഞെടുക്കണം എന്ന് ഉപദേശിച്ചിരുന്നു.
അങ്ങനെ ഞാനും സ്റ്റാറായി
ഒരു ദിവസം സമീറിക്ക വിളിച്ചാണ് നവാസേ നമ്മുടെ അടുത്ത പടത്തില്‍ നീയുമുണ്ടെന്ന് പറയുന്നത്. തമാശയുടെ സെറ്റില്‍ സമീര്‍ ഇക്കയുടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുക എന്നൊരു ടെന്‍ഷനൊന്നും കൊണ്ടാണ് പോയത്. റഹീം എന്ന കഥാപാത്രത്തിന് ആദ്യം പൊന്നാനി ഭാഷയായിരുന്നു. എന്നാല്‍ എന്നിലെ കോഴിക്കോട്ടെ ഭാഷയും കൂടി അതില്‍ ഇടകലര്‍ത്താന്‍ സംവിധായകനായ അഷ്റഫ് ഹംസ അനുവദിച്ചു. അങ്ങനെയാണ് ആ കഥാപാത്രം നന്നായി അവതരിപ്പിക്കാനായത്. വിനയ് ഫോര്‍ട്ടും കഥാപാത്രം നന്നാക്കാന്‍ എന്നെ സഹായിച്ചു. സിനിമ റിലീസായപ്പോള്‍ കോഴിക്കോട് ശ്രീ ടാക്കീസില്‍ വെച്ചാണ് ആദ്യ ഷോ കണ്ടത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞു. പിന്നെ സെല്‍ഫി എടുക്കലും കെട്ടിപ്പിടിക്കലുമൊക്കെയായി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. കാരണം ഞാന്‍ ഒരുകാലത്ത് സ്വപ്നം കണ്ട കാര്യങ്ങളായിരുന്നു അതെല്ലാം.
എന്റെ ഖല്‍ബിന്റെ കഷണം
തമാശ കണ്ട് എന്നെ മാമുക്കോയയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ച ഷാഹബാസ് അമന്‍ ഇട്ട പോസ്റ്റ് കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. കാരണം ആരാധിക്കുന്ന ദൂരത്ത് നിന്ന് മാത്രം കാണുന്ന നമ്മുടെ ഖല്‍ബില്‍ കയറിയ പാട്ടുകാരന്‍ നമ്മളെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കുകയാണ്. സന്തോഷം കൊണ്ട് കരയുകയല്ലാതെ പിന്നെന്ത്ചെയ്യാന്‍. തമാശ സെറ്റില്‍ ഷഹബാസ് ഇക്ക പലദിവസങ്ങളിലും ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് അടുത്ത് പോയി പോയി കണ്ട് സംസാരിക്കാന്‍ പേടിയായിരുന്നു. അതിനാല്‍ ഇക്കയെ ദൂരത്ത് നിന്ന് നോക്കുക മാത്രം ചെയ്തു. ഒരുദിവസം ഞാനും സമീറിക്കയും ഷൈജു ഇക്കയുമൊക്കെ കൂടി സെറ്റില്‍ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. അവിടേക്ക് ഷഹബാസ് ഇക്ക വന്നിട്ട് പറഞ്ഞു 'ആ ഇരിക്കുന്നത് എന്റെ ഖല്‍ബിന്റെ കഷണമാണെന്ന്'. ആരെ കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ ചുറ്റുംനോക്കി. 'പഹയാ നിന്നെ കുറിച്ചാണ്, എന്റെ മുത്താണ് നീ' എന്നും ഇക്ക പറഞ്ഞു.
കോഴിക്കോട്ടെ വള്ളിക്കുന്നുകാരന്‍
പിടികിട്ടാപ്പുള്ളി എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. സമീര്‍ ഇക്ക, സക്കരിയ, ഷൈജു ഇക്ക ഇവരൊക്കെയാണ് നവാസ് വള്ളിക്കുന്ന എന്ന നടന് ജീവന്‍ തന്നത്. വീട്ടില്‍ ഉപ്പ. ഉമ്മ, ഭാര്യ, മക്കള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. മൂന്നുമക്കളില്‍ ഏറ്റവും ഇളയയാള്‍ ജനിച്ച ദിവസമാണ് സുഡാനിയുടെ ചിത്രീകരണവും ആരംഭിച്ചത്. ആശുപത്രിയില്‍ നിന്ന് നേരെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.
മലപ്പുറത്തെ വള്ളിക്കുന്നുകാരനാണ് ഞാന്‍ എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കോഴിക്കോട്ടെ വള്ളിക്കുന്നാണ് സ്വദേശം. എന്നിലൂടെ കോഴിക്കോട്ടും ഒരു വള്ളിക്കുന്നുണ്ടെന്ന് എല്ലാരും അറിയട്ടെ. തമാശ കണ്ട് മലപ്പുറത്ത് നിന്ന് ഒരുപാട് പേര്‍ വിളിച്ചപ്പോള്‍ നമ്മുടെ നാട്ടുകാരനായതില്‍ സന്തോഷം എന്നു പറഞ്ഞു. അവരോട് അവരുടെ നാട്ടുകാരന്‍ തന്നെയാണെന്ന് പറഞ്ഞു. ഇനി ഞാന്‍ എല്ലാ നാട്ടുകാരനുമാണ്. സിനിമയ്ക്ക് അതിര്‍ത്തികളിലല്ലോ.