വാട്സ്ആപ്പിന്റെ ഇന്‍ബോക്സിലേക്ക് വരുന്ന പലതരം മെസേജുകള്‍ അതിന്റെ നിജസ്ഥിതിയറിയാതെ നാം അനേകംപേരിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. ഒന്ന് ചിന്തിക്കാനുള്ള അവസരമാണ് എം.സി. ജോസഫ് സംവിധാനം ചെയ്ത സുരാജ്-സൗബിന്‍ ചിത്രം 'വികൃതി' നല്‍കുന്നത്. ചിത്രത്തില്‍ സുരാജിന്റെ ഭാര്യാകഥാപാത്രമായി മികച്ച പ്രകടനം നടത്തി സുരഭി ലക്ഷ്മി വീണ്ടും കൈയടിനേടുകയാണ്. സംസാരശേഷിയില്ലാത്ത കഥാപാത്രത്തിനായി നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ചും മറ്റ് പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ചും സുരഭി സംസാരിക്കുന്നു.
ഡയലോഗ് ഇല്ല
അതിരന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് വികൃതിയിലേക്കുള്ള വിളി എന്നെ തേടിയെത്തുന്നത്. 'സുരഭിക്ക് ഒരൊറ്റ ഡയലോഗ് പോലുമില്ലാത്ത കഥാപാത്രമാണ്' എന്നാണ് ആമുഖമായി പറഞ്ഞത്. 'ദൈവമേ, ദേശീയ അവാര്‍ഡ് ഒക്കെ കിട്ടിയിട്ടും സിനിമയില്‍ ഇനിയും ഡയലോഗില്ലാത്ത കഥാപാത്രമോ. ഇനി മുഴുനീള സംഭാഷണമുള്ള കഥാപാത്രത്തിനായി തപസ്സിരിക്കേണ്ടിവരുമോ?' എന്നാണ് അത് കേട്ടപ്പോള്‍ ചിന്തിച്ചത്. പിന്നാലെ വികൃതി ആക്ഷന്‍ സിനിമയാണെന്നുകൂടി അവര്‍ പറഞ്ഞു.
പിന്നീട് കഥ കേട്ടപ്പോഴാണ് ആക്ഷന്‍ എന്നുദ്ദേശിച്ചത് സംസാരിക്കാത്ത കേള്‍വിക്കുറവുള്ള കഥാപാത്രങ്ങളെയാണെന്ന് മനസ്സിലായത്. കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കിയശേഷം കോഴിക്കോട് പൊറ്റമ്മലിലെ ഇ.എന്‍.ടി. സ്പെഷ്യലിസ്റ്റ് ഡോ. രാജേന്ദ്രനുമായി സംസാരിച്ചാണ് ഇത്തരമൊരാളുടെ അവസ്ഥയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കിയത്. ഡോക്ടര്‍ ഈ അവസ്ഥയിലുള്ള രണ്ടുമൂന്നുപേരുടെ വീഡിയോ അയച്ചുതന്നു. അതിനുശേഷം കോഴിക്കോട്ടെതന്നെ റഹ്മാനിയ സ്പെഷ്യല്‍ സ്‌കൂളിലുള്ള ലൈലടീച്ചറുമായി സിനിമയെക്കുറിച്ച് സംസാരിച്ച് സ്‌കൂള്‍ സന്ദര്‍ശിച്ചു. അവിടെയുള്ള കുട്ടികളുമായി കുറേസമയം ചെലവിട്ടു. ഷൂട്ട് നടക്കുമ്പോള്‍ സെറ്റിലും ഭിന്നശേഷിക്കാരായ മൂന്നുപേരെ കൊണ്ടുവന്നിരുന്നു. അവരാണ് സംഭാഷണങ്ങള്‍ കൃത്യമായി ആംഗ്യഭാഷയില്‍ പറയാന്‍ സഹായിച്ചത്. അതെല്ലാം കഥാപാത്രമായി മാറാന്‍ ഏറെ സഹായിച്ചു.
ആക്ഷന്‍ ജോടി
ദേശീയ അവാര്‍ഡ് നേടിയ, എന്നെക്കാള്‍ ഏറെ അഭിനയപരിചയമുള്ള സുരാജേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം തരുന്നതാണ്. സെറ്റിലും ഞാനും സുരാജേട്ടനും കൂടുതലും ആംഗ്യഭാഷയിലാണ് സംസാരിച്ചുനോക്കിയത്. അദ്ദേഹം തിരുവനന്തപുരം ഭാഷാപ്രയോഗത്തിലൂടെയും ഞാന്‍ കോഴിക്കോടന്‍ ഭാഷാപ്രയോഗത്തിലൂടെയും കഥാപാത്രങ്ങള്‍ ചെയ്ത് വളര്‍ന്നുവന്നവരാണ്.
ആ ഭാഷകള്‍വെച്ചൊരു പയറ്റൊന്നും ഞങ്ങള്‍ക്ക് നടത്താനായില്ല. മൊത്തം ആക്ഷന്‍ ഹീറോ-ഹീറോയിന്‍ ആയിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് വികൃതിയിലെ യഥാര്‍ഥ നായകനായ എല്‍ദോയെയും ഭാര്യയെയും ഞങ്ങള്‍ കണ്ട് സംസാരിച്ചിരുന്നു. എല്‍ദോയോട് കേരളസമൂഹം മാപ്പ് പറയേണ്ടതുണ്ട്. കാരണം നമ്മളൊക്കെ കാട്ടിയ വികൃതി അദ്ദേഹത്തിന്റെ ജീവിതത്തെയാണ് കുറച്ചുദിവസം പ്രതിസന്ധിയിലാക്കിയത്. അധികം അവകാശവാദങ്ങളില്ലാതെയാണ് വികൃതി തിയേറ്ററിലെത്തിയത്. അതിനാല്‍ മെല്ലെമെല്ലെ മൗത്ത് പ്ലബിസിറ്റിയിലൂടെ ചിത്രം കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തുകയാണ്. ഇന്ന് എല്ലാവരും ഒരുഅവയവംപോലെ മൊബൈല്‍ ഉപയോഗിക്കുന്നവരാണ്.
മൊബൈല്‍ഫോണ്‍കൊണ്ട് നമ്മള്‍ കാട്ടിയ കൊച്ചുകുസൃതികള്‍ മറ്റുള്ളവരുടെ ജീവിതത്തെ തകര്‍ക്കുമെന്ന് മനസ്സിലാക്കണം. അതുകൊണ്ട് വികൃതി കണ്ടുകഴിയുമ്പോള്‍ നല്ലൊരു സന്ദേശം നിങ്ങളിലേക്ക് എത്തും. മധുരമുള്ള പഞ്ഞിമിഠായി കഴിക്കുന്നപോലെ ഈ സിനിമ മനസ്സിലേക്ക് എത്തും.
നല്ല സമയം
ദേശീയ അവാര്‍ഡ് കിട്ടിയെങ്കിലും നല്ല ക്യാരക്ടര്‍ റോളുകള്‍ പിന്നീട് എനിക്ക് ലഭിച്ചില്ല. എന്നാല്‍ ഈ വര്‍ഷം അതിരന്‍, വികൃതി തുടങ്ങിയ സിനിമകളിലൂടെ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. ഉള്‍ട്ട, പൊരിവെയില്‍, ചാച്ചാജി, ര/ീ മല്ലിക തുടങ്ങിയ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുകയാണ്. C/O മല്ലികയില്‍ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കൂടാതെ പ്രളയത്തെ ആധാരമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം, ദിലീഷ് പോത്തന്‍-സൗബിന്‍ എന്നിവര്‍ക്കൊപ്പം ഞാനും പ്രധാനവേഷത്തിലെത്തുന്ന ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights : Surabhi Lakshmi Interview On Vikrithi Movie