പിച്ചവെച്ച നാളിന്റെ പാട്ടുകാരിക്ക് പറയാനുണ്ട്, പോപ്പ് സംഗീതം തേടിയെത്തിയ ഒരു കഥ


വീണാ ചന്ദ്

3 min read
Read later
Print
Share

കുറച്ച്കാലം മുമ്പ് ലണ്ടനിലെ ഒരു സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഫ്യൂഷന്‍ തയ്യാറാക്കാന്‍ പ്രശസ്ത പോപ് ഗായകരുടെയൊപ്പം തന്റെ കര്‍ണാടകസംഗീത ജ്ഞാനവുമായി പോയത് അഭിമാനത്തോടെ ഓര്‍ക്കുന്നു സുനിത. വെല്‍ഷ് ഏഷ്യന്‍ വിമന്‍സ് അവാര്‍ഡ് ലഭിച്ചതും സച്ചിന്‍ തെണ്ടുൽക്കറും സുനില്‍ഗവാസ്‌കറും ഉണ്ടായിരുന്ന വേദിയില്‍ പാടാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ് സുനിതയ്ക്ക്.

കേള്‍ക്കാന്‍ ഇമ്പമുള്ളൊരു പാട്ട് പോലെ സുന്ദരമാണ് സുനിത മേനോന്‍ എന്ന ഗായികയുടെ സംഗീത ജീവിതം. പല്ലവി മുതല്‍ ചരണം വരെയും ശ്രുതി തെറ്റാതെ അതിങ്ങനെ ഒഴുകുകയാണ്. വെയില്‍സിലെ തിരക്കുകളില്‍ നിന്ന് ഈ ഓണക്കാലത്ത് പാട്ടിന്റെ മാന്ത്രികതയുമായി കേരളത്തിലേക്ക് എത്തിയതാണ് സുനിത. പരിപാടിക്ക് മുമ്പ് വീണുകിട്ടിയ ഇത്തിരി ഇടവേളയില്‍ സുനിത പറഞ്ഞതിലധികവും പാട്ടോര്‍മ്മകളെക്കുറിച്ച് തന്നെ.

"ഉത്തരേന്ത്യയിലായിരുന്നു ചെറുപ്പകാലം. അന്നൊക്കെ അമ്മ പാടുന്ന ഹിന്ദിപ്പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യപാഠം. പന്ത്രണ്ടാമത്തെ വയസ്സിലാണ് കേരളത്തിലെത്തുന്നത്. അന്ന് മുതല്‍ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. കോളേജ് പഠനകാലത്താണ് പാശ്ചാത്യ സംഗീതത്തോട് സ്‌നേഹം തോന്നുന്നതും അവ പാടിത്തുടങ്ങുന്നതും. പാടാനെളുപ്പം തോന്നിയതോടെ പാശ്ചാത്യ സംഗീതം ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങി. 13 എഡി ബാന്റിനൊപ്പം പാടാന്‍ അവസരം ലഭിച്ചത് വഴിത്തിരിവായി. പിന്നെ ബാന്റിലെ സ്ഥിരം അംഗമാവുക കൂടി ചെയ്തതോടെ എന്റെ വഴി ഇതുതന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു."

1990കളില്‍ പാശ്ചാത്യ സംഗീതത്തെ കേരളം അത്രയധികം ഏറ്റെടുത്തിട്ടില്ല. സമൂഹം അത്ഭുതത്തോടെയും ആശങ്കയോടെയും പടിഞ്ഞാറന്‍ സംഗീതപ്രേമികളെ കാണുന്ന കാലമാണ്. അക്കാലത്താണ് യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നൊരു കോളേജ്​കുമാരി പാശ്ചാത്യ സംഗീതമാണ് തന്റെ വഴി എന്ന് പ്രഖ്യാപിക്കുന്നത്.

"നായര്‍ തറവാട്ടിലെ പെണ്‍കുട്ടി പാശ്ചാത്യ സംഗീതവുമായി ഒരു മ്യൂസിക് ബാന്റിനൊപ്പം ഊര് ചുറ്റുന്നു എന്നതൊക്കെ അന്ന് സമൂഹത്തിന് വലിയ പ്രശ്‌നമായിരുന്നു. മാതാപിതാക്കള്‍ പോലും ആശയക്കുഴപ്പത്തിലായിരുന്നു. എങ്കിലും അവരുടെ ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് എനിക്കെന്താണോ ഇഷ്ടം അതുമായി പൊരുത്തപ്പെടാന്‍ അവര്‍ തയ്യാറാവുകയായിരുന്നു."

പാശ്ചാത്യ സംഗീതത്തിന്റെ വഴിയേ പോയപ്പോഴും ഗസലും കഥകളിപ്പദവുമൊന്നും പകുതിയില്‍ ഉപേക്ഷിച്ചില്ല സുനിത.

"സംഗീതത്തിലെ ഒരു ശാഖയിലേക്ക് മാത്രം ഒതുങ്ങാന്‍ പണ്ടേ താല്പര്യമുണ്ടായിരുന്നില്ല. പാശ്ചാത്യമായാലും പൗരസ്ത്യമായാലും സംഗീതമാണോ അതിനോടെനിക്ക് പ്രേമമാണ്. ജാസ്സും കഥകളിപ്പദവും ഒരുപോലെ ഇഷ്ടമാണ്. സംഗീതപഠനമായാലും ഒന്നിലേക്ക് മാത്രമായി ചുരുക്കാന്‍ എനിക്കിഷ്ടമില്ല. സംഗീതം വിശാലമായ ഒന്നല്ലേ, എല്ലാം പാടാന്‍ പറ്റണം. എല്ലാതരം സംഗീതത്തെയും സമന്വയിപ്പിക്കാന്‍ പറ്റണം."

കുറച്ച്കാലം മുമ്പ് ലണ്ടനിലെ ഒരു സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഫ്യൂഷന്‍ തയ്യാറാക്കാന്‍ പ്രശസ്ത പോപ് ഗായകരുടെയൊപ്പം തന്റെ കര്‍ണാടകസംഗീത ജ്ഞാനവുമായി പോയത് അഭിമാനത്തോടെ ഓര്‍ക്കുന്നു സുനിത. വെല്‍ഷ് ഏഷ്യന്‍ വിമന്‍സ് അവാര്‍ഡ് ലഭിച്ചതും സച്ചിന്‍ തെണ്ടുൽക്കറും സുനില്‍ ഗവാസ്‌കറും ഉണ്ടായിരുന്ന വേദിയില്‍ പാടാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ് സുനിതയ്ക്ക്. കെ.എസ്.ചിത്രയ്‌ക്കൊപ്പം പാടാനായത് മഹാഭാഗ്യമായും കരുതുന്നു സുനിത.

സംഗീതസംവിധായകന്‍ മോഹന്‍ സിത്താരയാണ് സുനിതയെ മലയാളസിനിമാ മേഖലയ്ക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിലുള്ള പായും പുലിയിലെ ഗാനമാണ് സുനിതയുടെ ആദ്യ സിനിമാ അനുഭവം. പുതിയ മുഖത്തിലെ പിച്ചവച്ച നാള്‍ മുതല്‍ എന്ന ഗാനമാണ് സുനിതയെ മലയാളത്തിന് പരിചിതയാക്കിയത്. മകരമഞ്ഞിലും സുനിത പാടിയിട്ടുണ്ട്.

പഴയമലയാള സിനിമാ ഗാനങ്ങളാണ് സുനിതയുടെ ഫേവറിറ്റ്.

"ബാബുരാജ് മാഷിന്റെ പാട്ടുകളോട് വല്ലാത്തൊരിഷ്ടമുണ്ട് എനിക്ക്. ഗസലുകള്‍ പാടുന്നവരോട് എന്നും ആരാധനയാണ്. എന്റെയഭിപ്രായത്തില്‍ പാടാന്‍ ഏറ്റവും പ്രയാസം ഗസലുകളാണ്. വെസ്റ്റേണില്‍ ജാസ് അതുപോലെയാണ്. പിന്നെ, ഹിന്ദിപ്പാട്ടുകളോട് എനിക്ക് കൂടുതലിഷ്ടമുണ്ട്. ഉത്തേരന്ത്യന്‍ കുട്ടിക്കാലത്തിന്റെ ഗൃഹാതുരത തങ്ങിനില്‍ക്കുന്നതും ഹിന്ദിപ്പാട്ടുകളില്‍ തന്നെ!"

ഒന്നാം സ്ഥാനത്തല്ലെങ്കിലും ഓണക്കാല ഗൃഹാതുരതയുടെ സമൃദ്ധി സുനിതയുടെ ഓര്‍മ്മകളിലുണ്ട്.

"എടപ്പാളും ചെര്‍പ്പുളശ്ശേരിയിലുമായാണ് എന്റെ ഓണം ഓര്‍മ്മകള്‍ ചിതറിക്കിടക്കുന്നത്. അമ്മയുടെയും അച്ഛന്റെയും തറവാടുകള്‍ അവിടെയാണ്. പൂക്കളമിടാന്‍ പൂവിറുക്കാന്‍ കുട്ടികള്‍ക്കൊപ്പം ഓടിനടന്നതും ഊഞ്ഞാലാടിയതുമൊക്കെ മധുരമുള്ള ഓര്‍മ്മകളാണ്. എങ്കിലും ഏറ്റവും മധുരതരമായത് സദ്യയുടെയും ഓണക്കോടിയുടെയും ഓര്‍മ്മകളാണ്."

ഓര്‍മ്മകളെ കൂട്ടുപിടിച്ച് സുനിത പാടിത്തുടങ്ങി ഉത്രാടപ്പൂനിലാവേ വാ.....

ഇത്തവണയും ഓണം ലണ്ടനില്‍ത്തന്നെയാണ് എന്നൊരു ചെറിയ സങ്കടമുണ്ട്. ഇളയമോള്‍ക്ക് പരീക്ഷാക്കാലമായതിനാല്‍ അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് എത്താതെ പറ്റില്ല."

18 വര്‍ഷമായി ലണ്ടനിലെ കാര്‍ഡിഫ് വെയില്‍സിലാണ് സുനിതയുടെ കുടുംബം. ഭര്‍ത്താവ് സുധീര്‍ ഡോക്ടറാണ്. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. കാവ്യയും പ്രാര്‍ഥനയും. ഓണാഘോഷങ്ങള്‍ ലണ്ടനിലാണ് കൂടുതലെന്ന് സുനിത.

"അവിടെ ആഘോഷം തകൃതിയാണ്. ഓഗസ്റ്റില്‍ തുടങ്ങി ഒക്ടോബര്‍ വരെയെങ്കിലും നീളാറുണ്ട് ഓണപ്പരിപാടികള്‍. സംഗീത നൃത്ത പരിപാടികളാണ് ഓണത്തിന്റെ ഹൈലൈറ്റ്. "

പറഞ്ഞുതീരുമ്പോഴാണ് ശ്രദ്ധിച്ചത്. പശ്ചാത്തലത്തിലെവിടെയോ ആരോ പഴയൊരു ഹിന്ദിപ്പാട്ട് മൂളുന്നു. ആകാംക്ഷയോടെ സുനിതയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് മറുപടി വന്നു 'അമ്മ വിജയലക്ഷ്മിയാണ്‌, എന്റെ ഊര്‍ജവും ഇതുതന്നെ' എന്ന്.

sunithamenonmusic@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram