ജിസിന്റെ മറുപടി ആദ്യം നിരാശപ്പെടുത്തി, പിന്നെ ത്രില്ലടിപ്പിച്ചു: കിരണും ഉരാസുവും പറയുന്നു


പുഷ്പ എം

2 min read
Read later
Print
Share

സണ്‍ഡെ ഹോളിഡെയുടെ കഥയുടെ പിറവിയെക്കുറിച്ച് കിരണ്‍ സംസാരിക്കുന്നു.

'ണ്‍ഡേ ഹോളിഡേ' നാല് ദിവസംകൊണ്ട് 3.47 കോടി രൂപ കളക്ട് ചെയ്തിരിക്കുന്നു. തമിഴ് തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു. ഫീല്‍ ഗുഡ് മൂവി എന്ന് പ്രേക്ഷകര്‍ പിന്തുണ നല്‍കുന്നു. ഈ ഞായറാഴ്ചക്കഥ തിളക്കം കൊയ്യുമ്പോള്‍, കിഴക്കമ്പലത്ത് കെഎസ്എഫ്ഇയില്‍ ചിട്ടി, ലോണ്‍, ഡെപ്പോസിറ്റ് തിരക്കുകള്‍ക്കിടയില്‍ ഒരാള്‍ ആത്മസംതൃപ്തിയുടെ പുഞ്ചിരി ഹൃദയത്തില്‍ ഒളിപ്പിക്കുന്നുണ്ട്. അവിടെ കണക്കുകളുടെയും ഫയലുകളുടെയും ലോകത്ത്, അക്ഷരങ്ങളെ സ്നേഹിച്ച കിരണ്‍ എന്ന കഥപറച്ചിലുകാരനുണ്ട്. കിരണിന്റെയും സുഹൃത്ത് ഉരാസുവിന്റേതുമാണ് സണ്‍ഡേ ഹോളിഡേയുടെ കഥ. 'ഞങ്ങളുടെ ജീവിതപരിസരങ്ങളില്‍ കണ്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ കഥയാണിത്. ഞങ്ങളുടെയും കൂടി ലൈഫാണതിലുള്ളത്.' കിരണും ഉരാസുവും ഒരേ സ്വരത്തില്‍ പറയുന്നു.

എറണാകുളത്തു നിന്നുള്ള കിരണും കണ്ണൂരുകാരനായ ഉരാസുവും തിരുവന്തപുരത്ത് വച്ച് ഒരു പൊതുസുഹൃത്തുവഴിയാണ് പരിചയപ്പെടുന്നത്. 'ഉരാസുവിന് അന്നേ സിനിമാമോഹം ഉള്ളിലുണ്ടായിരുന്നു. നമുക്ക് ഒരുമിച്ച് ഒരു വര്‍ക്ക് ചെയ്താലോ എന്ന് ഉരാസു എന്നോട് ചോദിച്ചു. ഞാന്‍ ചാടിക്കയറി യേസ് പറഞ്ഞില്ല. എന്റെയും ഉരാസുവിന്റെയും ടെയ്സ്റ്റ് ഒരുപോലെയാണോ എന്ന് മനസിലാക്കിയിട്ട് തീരുമാനം പറയാം എന്നുകരുതി. അങ്ങനെ ഞങ്ങള്‍ മ്യൂസിയത്തില്‍ പോയി കുറേ നേരം സംസാരിച്ചു. ഒടുവില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചു.' ആ തീരുമാനത്തില്‍ നിന്ന് സണ്‍ഡേ ഹോളിഡേയുടെ കഥയുണ്ടായി.

കഥ എഴുതിക്കഴിഞ്ഞിട്ട്, കുറേക്കാലത്തേക്ക് ഇവരും സണ്‍ഡേ ഹോളിഡേയില്‍ ശ്രീനിവാസന്‍ ചെയ്ത 'ഉണ്ണി മുകുന്ദന്റെ' റോളിലായിരുന്നു. 'ഞങ്ങള്‍ക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായും പരിചയമില്ലായിരുന്നു. അങ്ങനെയിരിക്കേ അരുണ്‍ എന്ന സുഹൃത്ത് വഴി സംവിധായകന്‍ ജിസ് ജോയിയെ പരിചയപ്പെട്ടു. എഴുതിയത് മുഴുവന്‍ ഞങ്ങള്‍ ജിസിന് കൊടുത്തു. 'ഞാന്‍ നോക്കാം, സ്റ്റഫ് ഉണ്ടെങ്കില്‍ നമുക്ക് ചെയ്യാം' എന്ന് ജിസ് പറഞ്ഞു. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു.

'ജിസിന് പരസ്യചിത്രങ്ങളൊക്കെയായി നല്ല തിരക്കുള്ള സമയമായിരുന്നു. അതുകൊണ്ട് കഥയെക്കുറിച്ചുള്ള അഭിപ്രായമറിയാന്‍ വൈകി. ആറു മാസം കഴിഞ്ഞിട്ടും ഒരു മറുപടിയും കിട്ടാതിരുന്നപ്പോള്‍, 'ഇനിയും സമയം പാഴാക്കുന്നത് ശരിയാണോ' എന്നു ഞങ്ങള്‍ക്ക് സംശയം തോന്നി. അങ്ങനെ കഥ തിരികെ ചോദിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാന്‍ ജിസിനെ വിളിച്ചു, 'തിരക്കാണെന്നറിയാം, കഥ നോക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്കത് തിരിച്ചുതന്നേക്കുമോ' എന്നു ഞാന്‍ ചോദിച്ചു. ഉടന്‍തന്നെ ജിസ് പറഞ്ഞു, 'വൈകിട്ട് ലാല്‍ മീഡിയയില്‍ കൊടുത്തേക്കാം, വന്നു വാങ്ങിക്കോളൂ' എന്ന്. ആ മറുപടി ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അതുകേട്ട് ഞങ്ങള്‍ ആകെ നിരാശയിലായി. എന്തായാലും കഥ തിരികെ വാങ്ങാം, എന്നുവിചാരിച്ച് ഇരുന്നപ്പോള്‍ ഉച്ചയ്ക്ക് ജിസിന്റെ കോള്‍ വന്നു; 'കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു, നമുക്കിത് ചെയ്യാം' എന്നു പറഞ്ഞു. ആകെ ത്രില്‍ഡായ ഞങ്ങള്‍ വൈകിട്ട് തന്നെ ജിസിനെ നേരില്‍ പോയി കണ്ടു.'

കിരണിന്റെയും ഉരാസുവിന്റെയും കഥയെ സിനിമാറ്റിക്കായ തിരക്കഥയാക്കി മാറ്റിയത്, ജിസ് ജോയി തന്നെയാണ്. റിലീസ് ദിവസം ആദ്യഷോ തന്നെ ആലുവ സീനത്തില്‍ ഇരുവരും ഒരുമിച്ച് കണ്ടു. അന്ന് സിനിമ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ടെന്‍ഷന്‍ കാരണം ആസ്വദിക്കാന്‍ കഴിഞ്ഞില്ലത്രേ. 'ആ ഷോയ്ക്ക് കുറച്ച് ആളുകളേ തീയേറ്ററില്‍ ഉണ്ടായിരുന്നുള്ളു. പക്ഷേ, പടം കഴിഞ്ഞപ്പോള്‍ ആളുകള്‍ കയ്യടിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് ആ കയ്യടിയുടെ അര്‍ഥം മനസിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ 'നല്ല റസ്പോണ്‍സാണ്' എന്നറിയിച്ചുകൊണ്ട് ഞങ്ങള്‍ക്ക് കോള്‍ വരാന്‍ തുടങ്ങി.'

നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞ നല്ല റെസ്പോണ്‍സ്?

ശ്രീനിവാസനും ലാല്‍ ജോസും ആശ ശരത്തും ഒക്കെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. 'കഥ കേട്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് കമ്മിറ്റ് ചെയ്തത്' എന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. പിന്നെ, 'എക്സലന്റ് സ്റ്റോറിയാണ്. നല്ല ലൈഫുണ്ട്' എന്ന് ദീപക് ദേവ് പറഞ്ഞു. അതൊക്കെ ഞങ്ങള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

അടുത്ത ലക്ഷ്യം?

തിരക്കഥാകൃത്തുകള്‍ എന്ന ലേബലിലേക്കു മാറുക എന്നതാണ് ഇനി ഞങ്ങളുടെ ആഗ്രഹം. നമ്മുടെ നാടിന് മനസിലാകുന്ന, നമ്മുടെ രുചികളുള്ള കഥകളാണ് ഞങ്ങള്‍ എഴുതുന്നത്. രണ്ടു തിരക്കഥകളുടെ വര്‍ക്കിലാണ് ഞങ്ങള്‍. ഒന്ന് റൊമാന്‍സിനും ഹീറോയിസവും ചേര്‍ന്നൊരു തീമാണ്. രണ്ടാമത്തേത് ത്രില്ലര്‍മൂഡിലുള്ള കഥയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram