'10 വയസ്സിലാണ് അഴകിയ രാവണനിലേക്ക് ക്ഷണം കിട്ടുന്നത്, പറ്റിക്കാനാണോ എന്നു പോലും വിചാരിച്ചിട്ടുണ്ട്'


രഞ്ജന കെ

6 min read
Read later
Print
Share

'സംവിധായകന്‍ രഞ്ജത്ത് ശങ്കര്‍ സംഭാഷവും തിരക്കഥയും എഴുതി ഷാജിയെം സംവിധാനം ചെയ്ത 'നിഴലുകള്‍' എന്ന ഹൊറര്‍ സീരിയലിലെ ടൈറ്റില്‍ സോങ് പാടിയതും അക്കാലത്താണ്'

1996ലാണ് കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍ റിലീസാകുന്നത്‌. സിനിമയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് വിദ്യാസാഗര്‍ ഈണം നല്‍കിയ അതിലെ ഗാനങ്ങളാണെന്നു പറഞ്ഞാലും തെറ്റില്ല. വെണ്ണിലാച്ചന്ദനക്കിണ്ണവും പ്രണയമണിത്തൂവല്‍ പൊഴിക്കുന്ന പവിഴമഴയുമെല്ലാം തൊണ്ണൂറുകളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗം തന്നെയാണ്. വെണ്ണിലാച്ചന്ദനക്കിണ്ണം പുഴയിലാണ്ടുപോയെന്നു സിനിമയില്‍ മമ്മൂട്ടി പറയുമ്പോഴും ആരാണ് ആ ഗാനം യേശുദാസിനൊപ്പം പാടിയതെന്നു പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു പത്തുവയസ്സുകാരിയുടെതായിരുന്നു ആ ശബ്ദം. പിന്നീട് കമലിന്റെ തന്നെ നിറം എന്ന സിനിമയിലെ ഒരു അടിപൊളി പാട്ടിലൂടെയാണ് ശബ്‌നം എന്ന ആ ഗായിക സിനിമാപിന്നണിഗാനലോകത്തേക്ക് തന്റെ വരവറിയിച്ചത്. 'ശുക്രിയ' യും വെണ്ണിലാച്ചന്ദനക്കിണ്ണവും അന്നു പകര്‍ന്ന ഹാങ്‌ ഓവര്‍ ശബ്‌നത്തിനിന്നുമുണ്ട്. ആകാശഗംഗയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ റിയാസുമായുള്ള വിവാഹശേഷവും സംഗീതത്തെ മുറുക്കിപ്പിടിച്ചു, ശബ്‌നം. ഇപ്പോള്‍ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയനെത്തുമ്പോള്‍ യാദൃശ്ചികമായെങ്കിലും ആ ചിത്രത്തിന്റെ ഭാഗമാവുകയാണ് ശബ്‌നം.

ഇരുപതു വര്‍ഷം പൂര്‍ത്തിയായ നിറത്തിന്റെയും ആദ്യ ഗാനത്തിന്റെയും ഓര്‍മകള്‍ പങ്കുവെച്ച് ശബ്‌നം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

നിറം റിലീസായിട്ട് ഇരുപതു വര്‍ഷമായി, ഹാങ് ഓവര്‍ വിട്ടുമാറിയിട്ടിട്ടുണ്ടാവില്ല അല്ലേ?

മനസ്സുകൊണ്ട് നമുക്കു പ്രായമാവില്ലല്ലോ. ഞാനിന്നും നിറത്തിന്റെ ഹാങ് ഓവറില്‍ തന്നെ. അന്ന് സൗഹൃദം പ്രമേയമാക്കിയുള്ള സിനിമകളും പാട്ടുകളും മലയാളത്തില്‍ കുറവായ കാലത്താണ് നിറം റിലീസാവുന്നത്. അതിലെ 'അടിപൊളി' പാട്ടാണ് അന്ന് എനിക്കു പാടാനായത്. 2019ലും ആളുകള്‍ ആ പാട്ട് യൂട്യൂബില്‍ പോയി കേള്‍ക്കുന്നുണ്ട്, നൊസ്റ്റാള്‍ജിയയുടെ പേരില്‍. അതു തന്നെ സന്തോഷം തരുന്ന കാര്യമല്ലേ?

ശാലിനിയുടെ ശബ്ദമല്ലെന്ന് തോന്നിയിരുന്നേയില്ല, അന്നൊന്നും..

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശുക്രിയ എന്ന ആ പാട്ടു പാടുന്നത്. അന്നൊക്കെ പുതിയ പാട്ടുകാര്‍ സിനിമയില്‍ വരിക എന്നതു തന്നെ അത്ഭുതമാണ്. പാട്ടുപാടി റെക്കോഡിങ് റൂമില്‍ നിന്നും ഇറങ്ങിയ സമയത്ത് നായികയായ ശാലിനിയുടെ ശബ്ദവുമായി വളരെ അടുത്തുനില്‍ക്കുന്നു എന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോഴാണ് ആദ്യം സന്തോഷിച്ചത്. അന്നത്തെകാലത്ത് എന്നെ ഏറെ സന്തോഷിപ്പിച്ചത് ഈ അഭിനന്ദനമായിരുന്നു. ശാലിനിയുടെ രൂപസാദൃശ്യമുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്.

ആദ്യ ഗാനത്തിന്റെ നൊസ്റ്റാള്‍ജിയ.. വെണ്ണിലാചന്ദനക്കിണ്ണം..

പത്ത് വയസ്സിലാണ് അഴകിയ രാവണനിലെ പാട്ടു പാടുന്നത്. ഏഴു വയസ്സില്‍ ആദ്യമായി പാടുന്നത്. ഉണ്ണി മേനോന്‍ അങ്കിളിനൊപ്പം ഒരു ലളിതഗാന കാസറ്റിനു വേണ്ടി. ഔസേപ്പച്ചന്‍ സാറിന്റെ ഒരു കസിന്‍ അങ്കിളിന്റെ സുഹൃത്തായിരുന്നു. ഈ പാട്ട് അങ്കിള്‍ അവര്‍ക്ക് അയച്ചുകൊടുത്തു. അതേസമയം ചെന്നൈ എ വി എം സ്റ്റുഡിയോയില്‍ അഴകിയ രാവണനിലെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് നടക്കുകയായിരുന്നു. ചിത്രത്തില്‍ ഭാനുപ്രിയയുടെ ചെറുപ്പകാലമായെത്തുന്ന കാവ്യാ മാധവനു ചേരുന്ന ഗായികയ്ക്കു വേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു. അപ്പോഴാണ് യാദൃശ്ചികമായി അവർ എന്റെ പാട്ടു കേള്‍ക്കുന്നത്. അങ്ങനെ സെലക്ട് ചെയ്തു എന്നറിയിച്ച് എവിഎം സ്റ്റുഡിയോയില്‍ നിന്നും ഫോണ്‍കോള്‍ വന്നു. അന്ന് സത്യത്തില്‍ പറ്റിക്കാനാണോ എന്നു പോലും വിചാരിച്ചിട്ടുണ്ട്.

സിനിമയില്‍ പാടുക എന്നതിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള പ്രായം അന്നെനിക്കില്ലല്ലോ.. എന്റെ നല്ല സമയം എന്നേ പറയേണ്ടൂ.. സിനിമയുമായി ബന്ധപ്പെട്ട ഒരുവിധം പേരൊക്കെ അന്നവിടെയുണ്ടായിരുന്നു. മമ്മൂക്ക, ഭാര്യ സുല്‍ഫത്ത്, സംഗീത സംവിധായകന്‍ വിദ്യാസാഗര്‍, കമല്‍ സാര്‍, കൈതപ്രം സാര്‍.. അങ്ങനെ എല്ലാവരും. ലാളനയേറ്റു വാങ്ങിയ നിമിഷങ്ങള്‍.

പാട്ടിനെക്കുറിച്ച് ആരാണ് ആദ്യം പറഞ്ഞതെന്ന് ഓര്‍മയുണ്ടോ?

സ്റ്റുഡിയോയില്‍ പരിഭ്രമിച്ചാണ് ഞാന്‍ ചെന്നത്. ചെന്നപാടെ എന്നോടു ഒരു ലളിതഗാനം പാടാന്‍ പറഞ്ഞിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം ലഭിച്ച 'ആരോഹണം അവരോഹണം' എന്ന ഗാനമാണ് അന്ന് പാടിയത്. പല്ലവി പാടിക്കഴിഞ്ഞപ്പോള്‍ വിദ്യേട്ടന്‍ പറഞ്ഞു: 'മതി.' പിന്നെ അവര്‍ പരസ്പരം എന്റെ പാട്ടിനെ വിലയിരുത്തുകയായിരുന്നു. അതിനുശേഷം വിദ്യേട്ടന്‍ പറഞ്ഞ വാക്കുകള്‍ പക്ഷേ മറന്നിട്ടില്ല. പാട്ടു കേട്ട് വിദ്യേട്ടന്‍ തമിഴില്‍ പറഞ്ഞു-'നമ്മുടെ അടുത്ത ചിത്രയാണിത്.' 'ആളെ കാണുന്നതു പോലെയല്ല, ശബ്ദം പക്വതയാര്‍ന്നതാണ്' എന്നും അഭിപ്രായങ്ങള്‍ കേട്ടു.

പക്ഷേ പിന്നീട് സിനിമകളില്‍ അങ്ങനെ പാടിക്കണ്ടില്ല?

അതിനുശേഷം സര്‍ജുലന്‍ സംവിധാനം ചെയ്ത മദാമ്മ എന്നൊരു ചിത്രത്തില്‍ പാടി. ആ സിനിമ വാണിജ്യവിജയം കൈവരിച്ചില്ല. ചലച്ചിത്രമേളകളിലാണ് തിളങ്ങിയത്. പിന്നെയും പതിനഞ്ചോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഭക്തിഗാനങ്ങളും പാടി. ഈ 'ഹൊറര്‍ എലമെന്റ്‌' എന്നെ മുമ്പും സഹായിച്ചിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സംഭാഷണവും തിരക്കഥയും എഴുതി ഷാജിയെം സംവിധാനം ചെയ്ത 'നിഴലുകള്‍' എന്ന ഹൊറര്‍ സീരിയലിലെ ടൈറ്റില്‍ സോങ് പാടിയതും അക്കാലത്താണ്. ഫിലിം ക്രിട്ടിക്‌സ്, ദൃശ്യ പുരസ്‌കാരങ്ങള്‍ ആ പാട്ടിനു ലഭിച്ചിരുന്നു. അന്നൊക്കെ കുട്ടികളുടെ പേടിസ്വപ്‌നമായിരുന്നു ആ പാട്ടും സീരിയലും.

തമിഴില്‍ ചില ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. പൊതുവെ മടിച്ചിയാണ്. അവസരങ്ങള്‍ക്കായി തേടിപ്പോയിട്ടില്ല. വന്ന അവസരങ്ങള്‍ ഉപയോഗിച്ചുവെന്നേയുള്ളൂ. പിന്നെ സംഗീത പരിപാടികളും ലൈവ് ഷോകളുമായി കുറേക്കാലം. റിയാലിറ്റി ഷോ ജഡ്ജായും എത്തിയിരുന്നു.

റിയാസിനെ എങ്ങനെയാണ് പരിചയപ്പെടുന്നത്?

ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ച് ഞാനും കുട്ടേട്ടനും (എം ജി ശ്രീകുമാര്‍) ഒന്നിച്ച് സരിഗമ എന്ന പരിപാടി ചെയ്തിരുന്നു. അന്നു ഞാന്‍ പത്താം ക്ലാസിലെത്തിയതേയുള്ളൂ. അതിനിടയിലാണ് റിയാസിക്കയെ കണ്ടതും പരിചയപ്പെട്ടതും. അന്ന് റിയാസിക്ക എന്നെ കണ്ടുവച്ചിരുന്നുവത്രേ. പിന്നീടു ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ടിനിച്ചേട്ടന്‍ അവതരിപ്പിച്ചിരുന്ന സവാരിഗിരിഗിരി എന്ന ഷോയിലെത്തിയിരുന്നു. അന്ന് ഇക്ക ഈസ്റ്റ് കോസ്റ്റിന്റെ ആല്‍ബങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സമയമായിരുന്നു. ഒരു കന്നഡ സിനിമയും കഴിഞ്ഞിരിക്കയായിരുന്നു. അന്വേഷണം വിവാഹത്തിലെത്തി. 2005ലായിരുന്നു വിവാഹം. വിവാഹശേഷം അധികം താമസിയാതെ അമ്മയായി..രണ്ടു കുട്ടികള്‍. നുമയും അര്‍മാനും. കൊല്ലത്ത് മ്യൂസിക് ക്ലബിലും മറ്റുമായി പാട്ടുവേദികള്‍ ജീവിതത്തോടൊപ്പം കൊണ്ടു പോയിരുന്നു. എന്നാലും ചോദ്യങ്ങള്‍ വന്നിരുന്നു. 'എന്തെങ്കിലും പ്രശനമുണ്ടോ, പാട്ടു നിര്‍ത്തിയോ' എന്നെല്ലാം. മകന്‍ ജനിച്ചതിനും ശേഷമാണ് മൈലാഞ്ചി, പട്ടുറുമാല്‍ തുടങ്ങിയ റിയാലിറ്റി ഷോകളില്‍ ജഡ്ജായെത്തുന്നത്. സിനിമാപാട്ടുകളും മാപ്പിളപ്പാട്ടുകളും ബേസ് ചെയ്തുള്ള ഷോകളുണ്ടായിരുന്നു. മാപ്പിളപ്പാട്ടുകള്‍ ബേസ് ചെയ്തിട്ടുള്ളവയിലാണ് കൂടുതലും ജഡ്ജായിരുന്നിട്ടുള്ളത്. പിന്നെപ്പിന്നെ ഷോകള്‍ക്കും പോവാതെയായി.

ഖവാലിയോടുള്ള പ്രണയം..പുസ്തകരചന..

കര്‍ണാടക സംഗീതത്തില്‍ പിജി ചെയ്യണമെന്ന മോഹവുമായി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ചേര്‍ന്നു. ഡെസേര്‍ട്ടേഷന്‍ സമയത്ത് എന്തെങ്കിലും പുതിയ വിഷയമെടുക്കണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍. ബാങ്കുവിളിക്കുന്നതിന്റെ നോട്ട്‌സും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചരിത്രവും പരിശോധിച്ചു വന്നപ്പോഴാണ് സൂഫി മ്യൂസികില്‍ കണ്ണുകളുടക്കിയത്. ഖവാലിയും ആ സംഗീതശാഖയുടെ ഉപശാഖയാണല്ലോ. ചെറുപ്പം തൊട്ടേ താത്പര്യമുള്ള മേഖലയായതിനാല്‍ ഒരുപാടു ഖവാലികള്‍ കേട്ടിട്ടുണ്ട്. പ്രസിദ്ധമായതും അല്ലാത്തതും. സൂഫി മ്യൂസിക് ഡെസേര്‍ട്ടേഷന്‍ വിഷയമാക്കാമെന്ന എന്റെ അഭിപ്രായത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു. പക്ഷേ ആര്‍ക്കും അതിനെക്കുറിച്ച് അറിവില്ല. സൂഫി മ്യൂസിക്കിനെക്കുറിച്ച് പുസ്തകങ്ങളും കുറവാണ്. 2016ലാണ് പിജി ഫിനിഷ് ചെയ്തു. അതിനു ശേഷം ഈ വിഷയത്തില്‍ ഒരു പുസ്തകമെഴുതി. സൂഫി മ്യൂസിക്, അതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഖവാലി അങ്ങനെ സൂഫി മ്യൂസിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം അതില്‍ പ്രതിപാദിക്കുന്നു. ടിഎം കൃഷ്ണയാണ് പുസ്തകം പ്രകാശനം ചെയ്തത്. ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ ഓണേഴ്‌സും നേടി.

സ്ത്രീകള്‍ ഗായകരായ ഇന്ത്യയിലെ ആദ്യ ഖവാലി ബാന്റിലെ പ്രധാന ഗായികയാണ്..

ഖവാലി കണ്‍സേര്‍ട്ട്‌സ് ചെയ്യാനുളള ആത്മവിശ്വാസം അതിനുശേഷമാണ് കൈവന്നത്. പുരുഷന്‍മാരാണ് ഈ വിഭാഗത്തില്‍ കൂടുതല്‍. സ്ത്രീകള്‍ നന്നെ കുറവാണ്. നൂറന്‍ സഹോദരിമാരാണ് ഇന്ത്യയിലിപ്പോള്‍ അറിയപ്പെടുന്ന ഖവാലി ഗായികമാര്‍. എന്നാലും അവര്‍ അവരുടേതായ രീതിയിലാണ് പാടുന്നത്. പരമ്പരാഗത രീതിയനുസരിച്ച് ഒരു പ്രധാന ഗായകന്‍ അല്ലെങ്കില്‍ ഗായിക ഉണ്ടായിരിക്കും. അവര്‍ പാടുന്നതിനൊപ്പം ലയിച്ച് കൂടെയുള്ളവരും ആവര്‍ത്തിക്കുക എന്നതാണ്. പരമ്പരാഗത രീതി പിന്തുടര്‍ന്നുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീകളുടെ ഖവാലി ബാൻഡിന് രൂപം കൊടുക്കുന്നത് അത്തരമൊരു ചിന്തയിലാണ്. ലയാലി സൂഫിയ എന്നാണ് പേര്. ഞങ്ങള്‍ അഞ്ചുപേരാണ് ബാന്റംഗങ്ങള്‍.

സൂഫി മ്യൂസിക്കിലെ പാരമ്പര്യം..

സൂഫി സംസ്‌കാരം പണ്ടുതൊട്ടേ ആകര്‍ഷിച്ചിരുന്നു. ചെറുപ്പം തൊട്ടേ ദൈവത്തിനോടുള്ള പ്രണയമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. കുടുംബത്തിലെ ഒരു കാരണവര്‍ ഖവാലി പാടുന്ന ഗായകനായിരുന്നു. വാവ ആശാന്‍ ഭാഗവതര്‍ എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഖവാലിയും ഹിന്ദുസ്ഥാനിയും കേട്ട് മഹാരാജാവ് സ്വാതി തിരുനാള്‍ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് പട്ടും വളയും സമ്മാനിച്ച കഥ മുത്തശ്ശി പറഞ്ഞുകേട്ടിട്ടുണ്ട്.

സിനിമാഗാനം, ഖവാലി.. ഏതു തിരഞ്ഞെടുക്കും?

ഒരു സിനിമാഗാനം പാടുന്നതിനേക്കാളാണ് ഖവാലി പാടുമ്പോഴാണ് ആനന്ദലബ്ധി. സിനിമാപാട്ടില്‍ അധികം ഇംപ്രൊവൈസേഷന് സ്‌പേസ് ഇല്ലല്ലോ. ഖവാലി എന്നു പറഞ്ഞാല്‍ തന്നെ ലൈവ് പെര്‍ഫോമന്‍സാണ്. ദൈവം അനുഗ്രഹിച്ച് നമ്മള്‍ പാടുന്നതായാണ് അനുഭവപ്പെടുക. അവിടെ നമ്മളില്ല.. ആ സംഗീതം മാത്രമേയുള്ളൂ. തികച്ചും മനോഹരമായൊരു അനുഭവമാണ്.. ഏറ്റവുമൊടുവില്‍ ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചാണ് നടന്നത്.

'പുതുമഴയായ് വന്നൂ നീ' കവര്‍ സോങ് എങ്ങനെ ആകാശഗംഗയിലെ ലിറിക്കല്‍ വീഡിയോ​ ആയി?

സിനിമാ ഗാനങ്ങള്‍ക്ക് കവര്‍ സോങ് ചെയ്യുകയെന്നത് ഇപ്പോഴത്തെ ട്രെന്റാണല്ലോ. ഒരുപാടു സുഹൃത്തുക്കള്‍ വെണ്ണിലാച്ചന്ദനക്കിണ്ണത്തിന് കവര്‍ സോങ് ചെയ്തുകൂടെയെന്ന ആശയം പറഞ്ഞിരുന്നു. ഞാന്‍ പാടിയ പാട്ടിനു ഞാന്‍ തന്നെ കവര്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും ഒരു വ്യത്യസ്തത ആളുകള്‍ പ്രതീക്ഷിക്കും. പ്രത്യേകിച്ച് കവര്‍ സോങ് വേര്‍ഷനുകള്‍ ഒരുപാട് ഇറങ്ങുന്ന കാലമാണിത്. അങ്ങനെയാണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി വിനയേട്ടന്‍ റിയാസിക്കയെ വിളിക്കുന്നത്. അപ്പോള്‍ തോന്നിയ ആശയമാണ്. പഴയ ആകാശഗംഗയിലെ നായകന്റെ ഭാര്യ എന്ന നിലയില്‍ പുതുമഴയായ് വന്നൂ നീ എന്ന പാട്ടിന് ഒരു കവര്‍ ചെയ്യാം. ബുദ്ധിമുട്ടുള്ള പാട്ടാണ്. റിയാസിക്കയോടു ചോദിച്ചപ്പോള്‍ ചെയ്യാന്‍ പ്രോത്സാഹനം തന്നു. ഇഷാന്‍ ദേവ് ആണ് പ്രോഗ്രാമിങ് ചെയ്തു തന്നത്. പാട്ടു റെക്കോര്‍ഡ് ചെയ്ത് വിനയേട്ടന് അയച്ചുകൊടുത്തപ്പോള്‍ സന്തോഷത്തോടെ വിനയേട്ടന്‍ റിയാസിക്കയെ വിളിച്ച് നല്ല അഭിപ്രായമൊക്കെ പറഞ്ഞു. ഇത് സിനിമയുടെ ഔദ്യോഗിക ലിറിക്കല്‍ വീഡിയോ ആയി പുറത്തുവിടുകയാണെന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. സിനിമയ്ക്കു വേണ്ടി ചിത്രച്ചേച്ചി തന്നെയാണ് ആ പാട്ടു വീണ്ടും പാടിയിരിക്കുന്നത്.

ആകാശഗംഗ 2വിനെക്കുറിച്ച്

സിനിമയുടെ സൗണ്ട് മിക്‌സിങ് സമയത്ത് പോയിരുന്നു. ഒരുപാടിഷ്ടം തോന്നി. ഹോളിവുഡിലും ഇന്ത്യന്‍ സിനിമയില്‍ പോലും അത്യാധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹൊറര്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത് വിനയേട്ടന്‍ അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് മലയാളത്തില്‍ ഒരു ഹൊറര്‍ പടം ചെയ്തത്. നല്ലൊരു വിഷ്വല്‍ ട്രീറ്റാണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.

ബാൻഡ് കണ്‍സേര്‍ട്ടുകള്‍ക്ക് എങ്ങനെ സമയം കണ്ടെത്തുന്നു?

മകൾ എട്ടില്‍ പഠിക്കുന്നു. മകൻ മൂന്നാം ക്ലാസിലും. രണ്ടു പേരും സ്വയം ഉത്തരവാദിത്വബോധമുള്ളവരാണ്. ഞാന്‍ കമ്പോസിങിന് ഇരുന്നുകഴിഞ്ഞാല്‍ അവരെന്നെ എന്റെ വഴിക്കുവിടും. പിന്നാലെ നടക്കില്ല. അവര്‍ക്കും ഖവാലി ഇഷ്ടമാണ്. മകൻ പാടുകയും ചെയ്യും.

പുതിയ സിനിമാ ഓഫറുകള്‍

ലിറിക്കല്‍ വീഡോയോ സോങ് കേട്ട് നവാഗതരായ ചിലര്‍ അവരുടെ സിനിമയില്‍ പാടുമോ എന്നെല്ലാം ചോദിച്ച് അന്ന് വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് വിളികളൊന്നുമുണ്ടായില്ല.

Content Highlights: singer shabnam riyaz interview akashaganga 2 movie, Malayalam Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram