ആരാണ് അയ്യപ്പനും കോശിയും? സച്ചി പറയുന്നു


സൂരജ്‌ സുകുമാരൻ

3 min read
Read later
Print
Share

സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്- ബിജുമേനോന്‍ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രം നിര്‍മിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത രഞ്ജിത്തും അദ്ദേഹത്തിന്റെ സുഹൃത്തായ ശശിധരനും ചേര്‍ന്നാണ്.

ക്ലൈമാക്സില്‍ ഉഗ്രന്‍ ട്വിസ്റ്റുകള്‍ ഒളിപ്പിച്ചുവെക്കുന്ന തന്റെ സിനിമപോലെത്തന്നെയാണ് സച്ചിയുടെ ജീവിതവും. സിനിമക്കാരനാകാന്‍ കൊതിച്ച കെ.ആര്‍. സച്ചിദാനന്ദന്‍ വക്കീലായത് ആദ്യ ട്വിസ്റ്റ്. ഹൈക്കോടതിയില്‍ ക്രിമിനല്‍ വക്കീല്‍ വേഷത്തില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ സേതുവിനൊപ്പം തിരക്കഥാരചനയിലേക്ക് പോയത് മറ്റൊരു ട്വിസ്റ്റ്. ട്വിസ്റ്റുകള്‍ ക്ലിക്കായപ്പോള്‍ ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ് തുടങ്ങി സച്ചി-സേതു കൂട്ടുകെട്ടില്‍ വന്‍ഹിറ്റുകള്‍ പിറന്നു. സ്വതന്ത്ര തിരക്കഥാകൃത്തായപ്പോഴും റണ്‍ബേബി റണ്‍, രാമലീല തുടങ്ങിയ മെഗാഹിറ്റുകളിലൂടെ സച്ചി വിജയം ആവര്‍ത്തിച്ചു.

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ശാന്തനുവിന്റെയും നാദിറയുടെയും പ്രണയക്കടല്‍ കാണിച്ചുതന്ന അനാര്‍ക്കലിയിലൂടെ സംവിധായകനായി അരങ്ങേറിയപ്പോഴും ഹിറ്റ് കഥ തുടര്‍ന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി രണ്ടാം സംവിധാന സംരംഭവുമായി എത്തുമ്പോള്‍ കൂടെ പൃഥ്വിരാജ്- ബിജുമേനോന്‍- രഞ്ജിത് എന്നിവരടങ്ങുന്ന മികച്ചടീമാണ്. സച്ചി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പൃഥ്വിരാജ്- ബിജുമേനോന്‍ ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകനായ രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുതിയ സിനിമാവിശേഷങ്ങളെപ്പറ്റി സച്ചി സംസാരിക്കുന്നു

ഇരട്ട നായകര്‍

അയ്യപ്പനും കോശിയും എന്ന ടൈറ്റില്‍തന്നെ ചിത്രത്തില്‍ പൃഥ്വിരാജും ബിജുമേനോനും അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രങ്ങളെ കാണിച്ചുതരുന്നതാണ്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍ നായര്‍ അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയാണ്. പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളും. ഇവര്‍ തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്‌നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറിയ നിയമലംഘനവും, രണ്ടുപേരുടെയും സ്വഭാവത്തിലെ പ്രത്യേകതകള്‍കൊണ്ട് അതൊരു വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ അയ്യപ്പനും കോശിയും എന്ന സിനിമ.

അനാര്‍ക്കലിയിലും സമാന കൂട്ടുകെട്ടുതന്നെയായിരുന്നെങ്കിലും പൃഥ്വിരാജ് അവതരിപ്പിച്ച ശാന്തനുവിന്റെ കഥയായിരുന്നു ചിത്രം. അതില്‍ ബിജുമേനോന്‍ സഹനടന്‍ മാത്രമായിരുന്നു. എന്നാല്‍ അയ്യപ്പനും കോശിയിലേക്കെത്തുമ്പോള്‍ ഇരുവരും തുല്യപ്രാധാന്യമുള്ള നായകകഥാപാത്രങ്ങളാണ്.

യഥാര്‍ഥ മാസ്

അനാര്‍ക്കലി, ചോക്ലേറ്റ്, റണ്‍ബേബി റണ്‍ തുടങ്ങി എന്റെ മുന്‍ സിനിമകളിലൊന്നും നായകന്മാര്‍ മാസ് ആക്ഷന്‍ ചെയ്യുന്നവരോ പത്തുനാല്‍പ്പതുപേരെ തല്ലി തോല്‍പ്പിക്കുന്നവരോ അല്ല. റണ്‍ ബേബി റണ്ണില്‍ മോഹന്‍ലാല്‍ ഓടിരക്ഷപ്പെടുന്നിടത്താണ് ഇന്റര്‍വെല്‍ വരുന്നത്. എന്നാല്‍ അയ്യപ്പനും കോശിയും എന്റെ ആദ്യ റിയല്‍ ആക്ഷന്‍ മാസ് മൂവിയായിരിക്കും. അതിനുതകുന്ന സീനുകള്‍ ഉണ്ട്. അതേ ആവേശത്തില്‍ത്തന്നെയാണ് അതിനെ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് എഴുത്ത് പൂര്‍ത്തിയാക്കിയത്.

ചിത്രം നിര്‍മിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത രഞ്ജിത്തും അദ്ദേഹത്തിന്റെ സുഹൃത്തായ ശശിധരനും ചേര്‍ന്നാണ്. ഒരുപാട് കഥകള്‍ എഴുതിയ രഞ്ജിയേട്ടനോട് കഥ പറഞ്ഞ് തൃപ്തിപ്പെടുത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ കഥ കേട്ടപ്പോള്‍ ഇത് ഉഗ്രന്‍ സിനിമയാകും എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടാകുകയും നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു. യുവ ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് എളമണ്‍ ആണ് ക്യാമറ ചെയ്യുന്നത്. അട്ടപ്പാടിയിലായിരിക്കും ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിക്കുക. സംഗീതം ജേക്സ് ബിജോയും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കും.

വിജയകൂട്ടുകെട്ട്

പൃഥ്വിരാജ് എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയ നടനാണ്. ഞങ്ങള്‍ ഒന്നിച്ചുചെയ്യുന്ന ആറാമത്തെ സിനിമയാണിത്. ഞാന്‍ എഴുതുന്ന കഥയിലെ മുഖ്യകഥാപാത്രത്തിന് രാജു യോജ്യനാണെന്ന് തോന്നിയാല്‍ വേറൊരാളെക്കുറിച്ച് ചിന്തിക്കാറില്ല. ഫോണില്‍ വിളിച്ചുപറയാവുന്ന പ്രൊഫഷണലായ അടുപ്പം പൃഥ്വിരാജുമായി ഉണ്ട്. ആ അടുപ്പത്തിന്റെ പേരില്‍ ഞാനൊരു മോശം കഥയെഴുതിയാല്‍ പൃഥ്വിരാജ് വന്ന് അഭിനയിക്കില്ല. കാരണം അടുപ്പം വേറെ സിനിമ വേറെ എന്ന രീതിയില്‍ കാണുന്ന നടനാണ് രാജു.

എന്റെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലും രാജുവാണ് നായകന്‍. അതിന്റെ ചിത്രീകരണവും നടക്കുകയാണ്. അതുപോലെ ബിജുമേനോന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ഒരു സഹോദരനോട് സംസാരിക്കുന്ന രീതിയില്‍ ബിജുവുമായി ഇടപെടാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. വളരെ ഈസിയായി കഥ പറയാനും അഭിനയിപ്പിക്കാനുമൊക്കെ സാധിക്കും. ഇവരെ കൂടാതെ സിദ്ദിഖ് അടക്കമുള്ള പ്രമുഖരും പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

Content Highlights: Sachi about His new Movie Ayyappanum Koshiyum Starring Prithviraj and Biju Menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram