ജൂണ്‍ എന്ന ചിത്രത്തിലൂടെ രൂപത്തിലും ഭാവത്തിലും പുതുമകളുമായി രജിഷ വിജയന്‍ എത്തുകയാണ്. എന്താണ് ആ ചിത്രത്തിലേക്ക് ആകര്‍ഷിച്ച ഘടകം
സാധാരണ നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെ സീരിയസായ വിഷയങ്ങളാണ് പ്രമേയമാക്കാറുള്ളത്. എന്നാല്‍, അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന ചിത്രം നിത്യജീവിതത്തില്‍ കാണുന്ന തികച്ചും ലളിതമായ വിഷയം നര്‍മത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റി. മാത്രമല്ല എല്ലാ പെണ്‍കുട്ടികള്‍ക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ചില വിഷയങ്ങള്‍ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം വിഷയവും കഥാപാത്രവും ഉണ്ടാവുക എന്നത് സിനിമാരംഗത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു ഭാഗ്യമായാണ് എനിക്ക് തോന്നിയത്. ഈ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ആറ് ലുക്കുകള്‍ എന്റെ കഥാപാത്രത്തിനുണ്ട്. ഏറെ കഷ്ടപ്പെടേണ്ടി വരും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ആ ചലഞ്ച് ഏറ്റെടുത്തത്.
ചലഞ്ചിങ്ങായ ഈ കഥാപാത്രത്തിന് വേണ്ടി നടത്തിയ ഹോംവര്‍ക്കുകള്‍ എന്തെല്ലാമായിരുന്നു?
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ജീവിതത്തിലൂടെ വളരുന്ന ചിത്രമാണിത്. എന്റെ ഇന്നത്തെ പ്രായത്തില്‍നിന്ന് ഒരു സ്‌കൂള്‍ കുട്ടിയായി മാറുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനുവേണ്ടിയുള്ള ശാരീരികവും മാനസികവുമായ ഹോംവര്‍ക്കുകള്‍ ഞാന്‍ നടത്തിയിരുന്നു. അതിന്റെ പടിയായി ആദ്യം ചെയ്തത് തടി കുറയ്ക്കുക എന്ന കാര്യമാണ്. ഡയറ്റീഷ്യന്റെ നിര്‍ദേശത്താല്‍ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം വെട്ടിക്കുറച്ച് മൂന്നുമാസം കൊണ്ട് ഒമ്പത് കിലോ ഭാരം കുറച്ചു. ജിമ്മിന്റെ പടി കാണാത്ത ഞാന്‍ രാവിലെയും വൈകീട്ടും തുടര്‍ച്ചയായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു. കഥാപാത്രത്തെ വ്യത്യസ്ത ലുക്കില്‍ എത്തിക്കാന്‍ പല്ലിന് ക്ലിപ്പിടുകയും എന്റെ ഹൈലൈറ്റ്സായിരുന്ന നീണ്ട മുടി കട്ട് ചെയ്യേണ്ടി വരുകയും ചെയ്തു. പിന്നീട് രണ്ട് ദിവസം അതിന്റെ സങ്കടമായിരുന്നു. ഒന്നര വര്‍ഷക്കാലം ഈ കഥാപാത്രം എന്റെ ഊണിലും ഉറക്കത്തിലും എനിക്കൊപ്പമുണ്ടായിരുന്നു. അതിനാല്‍ സിനിമാ ഷൂട്ടിങ് കഴിഞ്ഞപ്പോഴും എന്നെ വിട്ടുപോകാന്‍ മടിച്ചു.
ഈ കഥാപാത്രത്തിനു വേണ്ടിയായിരുന്നോ സിനിമയില്‍ ഇത്രകാലം ബ്രേക്ക് എടുത്തത്..
അത് ഞാന്‍ അറിഞ്ഞുകൊണ്ട് എടുത്ത ബ്രേക്കായിരുന്നു. ഇത്രയും കാലം ഞാന്‍ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍, മാത്രമേ ജൂണിലെ കഥാപാത്രത്തിന് ഫ്രെഷ്നസ് ലഭിക്കൂ. മാത്രമല്ല കഥാപാത്രത്തിന്റെ കഥാനുസൃതമായ വളര്‍ച്ചയ്ക്ക് ഒരു വര്‍ഷം വേണ്ടിവന്നു. എല്ലാതരത്തിലും ഞങ്ങളെല്ലാം ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഇത്രയുംകാലം മാറ്റിവെക്കുകയായിരുന്നു.
അപ്പോള്‍ ഈ അര്‍പ്പണത്തിന്, മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ ഉറപ്പിക്കാം
അവാര്‍ഡ് മുന്നില്‍ക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുക്കുന്ന ആളല്ല ഞാന്‍. അവാര്‍ഡിനെക്കാള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തണമെന്നാണ് എന്റെ പ്രാര്‍ഥന. അതിനുവേണ്ടി മാത്രമാണ് അന്നും എന്നും എന്റെ ശ്രമം. നമ്മള്‍ നില്‍ക്കുന്ന ഏരിയ കറക്ടാണെന്ന് ഓര്‍മിപ്പിക്കുന്ന സൂചകങ്ങള്‍ മാത്രമാണ് എനിക്ക് അവാര്‍ഡുകള്‍.
ഒരു സിനിമയുടെ വിജയത്തിനുവേണ്ടി ഒന്നര വര്‍ഷം ചെലവഴിക്കാന്‍ സന്നദ്ധത കാണിക്കുന്ന പുതിയ താരങ്ങള്‍ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്...
കഠിനാധ്വാനം ചെയ്തതിനുശേഷം കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. ആ സംതൃപ്തിയാണ് ഞാന്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. ഇന്നത്തെ തലമുറയില്‍ അത്തരം അര്‍പ്പണമനോഭാവം ഏറെ പ്രകടമാണ്. സിനിമയ്ക്കുവേണ്ടി കളരിപ്പയറ്റും കരാെട്ടെയും പഠിച്ച നായികമാര്‍ പഴയ തലമുറയിലും കാണാം. അത്തരം അര്‍പ്പണ മനോഭാവമുള്ളവര്‍ മാത്രമേ ഇവിടെ നിലനിന്നിട്ടുള്ളൂ.
ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അഭിനേത്രിയാണ് രജിഷ വിജയന്‍. ഇത്തരം അംഗീകാരങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ ബാധ്യതയായി തോന്നാറുണ്ടോ?
അങ്ങനെ തോന്നിത്തുടങ്ങിയാല്‍ മുന്നോട് ഒരടിപോലും നീങ്ങാന്‍ കഴിയില്ല. നമ്മള്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിയില്ല. കാരണം പല കാരണങ്ങള്‍ കൊണ്ടാണ് ഒരു സിനിമ സൂപ്പര്‍ ഹിറ്റായി മാറുന്നത്. വിജയവും പരാജയവും സംഭവിക്കാന്‍ സാധ്യതയുള്ള ചൂതാട്ടം പോലെയാണത്. ഒരാള്‍ നല്ല വാക്കുകള്‍ പറയുന്നതുപോലെ പ്രചോദനമായി മാത്രമേ അവാര്‍ഡുകളെ കാണാന്‍ പാടുള്ളൂ. അത് ബാധ്യതയായി ഏറ്റെടുക്കാന്‍ പാടില്ല.
സിനിമയുടെ തിരക്കിനിടയില്‍ നാടകത്തിലും രജിഷ അഭിനയിക്കുന്നുണ്ടല്ലോ?
അതെ, അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഹാന്‍ഡ് ഓഫ് ഗോഡ്' എന്ന നാടകം മൂന്ന് വേദികളില്‍ അവതരിപ്പിച്ചു. ഇതെനിക്ക് പുതുമയുള്ള കാര്യമല്ല. കോളേജില്‍ പഠിക്കുമ്പോള്‍ ഒട്ടേറെ തെരുവുനാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഡാന്‍സര്‍ പലതരം ഡാന്‍സ് ഫോമുകളില്‍ നൃത്തം ചെയ്യുന്നതുപോലെ ഒരു നടിയായ എനിക്ക് ചെയ്യാവുന്ന ഒരു കലാരൂപമാണ് നാടകം. സിനിമാനടിയെന്ന പരിമിതി അവിടെയില്ല, രണ്ടും വഴങ്ങും എന്ന് തെളിയിക്കാനുള്ള വാശി അതിന് പിന്നിലുണ്ടെന്ന് കൂട്ടാം.
Content Highlights : Rajisha Vijayan Interview, June film